2023 ജൂൺ 23. ലോകം റഷ്യയിലേക്കും വാഗ്നറിലേക്കും ചുരുങ്ങിയ 24 മണിക്കൂറുകൾ. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ വാഗ്നർ, മാതൃരാജ്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ റഷ്യ മാത്രമല്ല, യുക്രെയ്നിലെ യുദ്ധഭൂമികളും ലോകം ഒന്നാകെയും അമ്പരന്നു. പുട്ടിന്റെ വിശ്വസ്ത സൈന്യമായ വാഗ്നർ സംഘം തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തതോടെ സൈനിക നീക്കം തടയാനായി മോസ്കോയിലേക്കുള്ള റോഡുകളെല്ലാം റഷ്യൻ സൈന്യം തടഞ്ഞെന്നും പാലങ്ങളും മറ്റും നീക്കിയെന്നും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. വാഗ്നർ സംഘത്തിന്റെ നീക്കം തടയാനെത്തിയ റഷ്യൻ സൈന്യത്തിന്റെ ഒട്ടേറെ ഹെലികോപ്ടറുകളും ഒരു യുദ്ധവിമാനവും വാഗ്നർ സംഘം വെടിവച്ചിട്ടെന്ന വാർത്തകളും പരന്നു. പുട്ടിൻ റഷ്യ വിട്ടെന്നും മോസ്കോയിൽ സൈനിക നിയമം പ്രഖ്യാപിച്ചെന്നും അഭ്യൂഹങ്ങളുയർന്നു. വാഗ്നർ സംഘം മോസ്കോയ്ക്ക് 200 കിലോമീറ്റർ സമീപമെത്തിയെന്നു വരെ വാർത്തകൾ വന്നു. എന്നാൽ സൈനിക കലാപം അവസാനിച്ചെന്നും വാഗ്നർ തലവൻ യെവ്‌ഗിനി പ്രിഗോഷിൻ അയൽ രാജ്യമായ ബെലാറൂസിൽ അഭയം തേടുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നാടകീയ പ്രഖ്യാപനം വന്നതോടെ ലോകം മുഴുവൻ വീണ്ടും അമ്പരപ്പിലായി.
HIGHLIGHTS
- വാഗ്നർ സംഘവും വ്ളാഡിമിർ പുട്ടിനും ചേർന്ന് എല്ലാവരെയും പറ്റിക്കുകയായിരുന്നോ? റഷ്യൻ സൈനിക , ഭരണനേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി, ബെലാറൂസിൽ അഭയം തേടിയ വാഗ്നർ സംഘം നാറ്റോയ്ക്കു ഭീഷണിയാകുന്ന കാഴ്ചകൾക്കാണു ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. സൈനിക കലാപത്തിന്റെ മറവിൽ വാഗ്നർ സംഘത്തെ ബെലാറൂസിലേക്ക് അയച്ച് അതിവിദഗ്ധമായ ഒരു സൈനിക പുനർവിന്യാസം നടത്തുകയായിരുന്നോ പുട്ടിനും വാഗ്നർ തലവൻ യെവ്ഗിനി പ്രിഗോഷിനും? യുക്രെയ്ൻ യുദ്ധത്തിൽ ഇടപെടാനുള്ള പോളണ്ടിന്റെയും ബാൾട്ടിക് രാജ്യങ്ങളുടെയും നീക്കങ്ങളെ മുളയിലേ നുള്ളാൻ റഷ്യ നടത്തിയ തന്ത്രപൂർവമായ കരുനീക്കമായിരുന്നോ വാഗ്നർ കലാപം? നടന്നതു യഥാർഥ കലാപമോ അതോ റഷ്യ ആസൂത്രണം ചെയ്ത നാടകമോ? വിശദമായി പരിശോധിക്കാം.