ലോകം വളരെ ആകാംക്ഷയോടെ കാത്തിരുന്ന യുക്രെയ്ൻ പ്രത്യാക്രമണത്തിനു (കൗണ്ടർ ഒഫൻസീവ്) താളം തെറ്റുന്നു. 2023 ജൂൺ ആദ്യവാരം കഖോവ്ക ഡാമിന്റെ തകർച്ചയ്ക്കു പിന്നാലെ നനഞ്ഞ പടക്കം പോലെയാണ് പ്രത്യാക്രമണത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം ഖാർകീവും ഖേഴ്സോണുമുൾപ്പെടെ ഒട്ടേറെ വൻ നഗരങ്ങളും പ്രവിശ്യകളും മിന്നൽ വേഗത്തിൽ തിരിച്ചു പിടിച്ച യുക്രെയ്ന് രണ്ടര മാസം പിന്നിട്ടിട്ടും യുദ്ധഭൂമിയിൽ ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല. പുകൾപ്പെറ്റതെന്നു വീരവാദം മുഴക്കി കൊണ്ടുവന്ന വിദേശ ടാങ്കുകളും കവചിത വാഹനങ്ങളുമാകട്ടെ റഷ്യൻ മൈനുകൾക്കും ക്വാമിക്കോസി ഡ്രോണുകൾക്കും ഇരയാകുന്ന കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ‘കൗണ്ടർ ഒഫൻസീവ്’ പ്രതീക്ഷിച്ചതിലും സാവധാനമാണെന്നു സമ്മതിച്ച യുക്രെയ്ൻ, യുദ്ധഭൂമിയിൽ ശ്രദ്ധിക്കപ്പെടുന്ന നേട്ടത്തിനായി കഠിനശ്രമത്തിലാണ്. മൂന്നു മുതൽ അഞ്ചു നിരകളായി ഒരുക്കിയിട്ടുള്ള റഷ്യൻ പ്രതിരോധക്കോട്ടയുടെ ആദ്യനിരയിൽ പോലും ഇനിയുമെത്താൻ സാധിക്കാത്ത യുക്രെയ്ൻ, ഓരോ ദിവസവും കനത്ത ആൾനാശവും ആയുധനാശവുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
HIGHLIGHTS
- റഷ്യ–യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. പരമ്പരാഗത ട്രഞ്ച് യുദ്ധത്തിനൊപ്പം എഐ സാങ്കേതികവിദ്യ വരെ ഉൾപ്പെടുത്തിയ ഹൈടെക് യുദ്ധമാണ് അരങ്ങേറുന്നത്. എന്നാൽ യുദ്ധം തുടങ്ങി ഒരു വർഷമാകുമ്പോഴും കാര്യമായ സൈനികനേട്ടം ഇരുഭാഗത്തുമില്ല. അതേസമയം, ആള്‍നാശവും ആയുധനാശവും തുടരുന്നുമുണ്ട്. എന്താണ് റഷ്യ–യുക്രെയ്ൻ പോരാട്ടത്തിൽ സംഭവിക്കുന്നത്? ഇത് എങ്ങനെ അവസാനിക്കും? യുക്രെയ്ന്റെ ‘കൗണ്ടർ ഒഫൻസീവ്’ പാളുമോ, അത് യുദ്ധഗതിയെത്തന്നെ മാറ്റിമറിക്കുമോ?