ഇടുക്കിയിലെ മലയോരങ്ങൾക്ക് രണ്ടു മുഖമാണുള്ളത്. ഒരു മുഖത്തിന്, പകൽ സമയത്ത് കോടമഞ്ഞിൽ പൊതിഞ്ഞും ഇളംവെയിലേറ്റും നിൽക്കുന്ന മനോഹാരിതയാണ്. രണ്ടാമത്തെ മുഖത്ത് രാത്രി മൃഗങ്ങളെ തേടി വേട്ടയ്ക്കിറങ്ങുന്നവരുടെ ക്രൗര്യവും. കുടിയേറ്റക്കാലത്ത് കാടിനോട് പോരാടാൻ കാണിച്ച വന്യതയാണ് ഇന്നും ചുരുക്കം ചിലർ പിന്തുടരുന്നത്. ഈ കടന്നുകയറ്റങ്ങൾ പലപ്പോഴും ചെറു മൃഗങ്ങളുടെ പോലും ജീവൻ അപഹരിക്കാൻ കാരണമാകുന്നു. നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ചത് ഓഗസ്റ്റ് 15ന് ആണ്. അശോകക്കവല പ്ലാക്കൽ വീട്ടിൽ സണ്ണിയാണ് മരിച്ചത്. സ്ഥിരം നായാട്ട് നടക്കുന്ന പ്രദേശമായതിനാൽ മൃഗത്തെ ലക്ഷ്യംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് അപകടം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ ആദ്യ അനുമാനം. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അൻപത്തിയേഴുകാരനായ സണ്ണിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിലുമായി. നായാട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോഴും തുടരുന്ന നായാട്ട് തടയാൻ അധികൃതർക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
HIGHLIGHTS
- ഇടുക്കിയിലെ കാടുകളിൽ നായാട്ട് കർശനമായി നിയന്ത്രിച്ചെന്നു വനംവകുപ്പ് അവകാശപ്പെടുമ്പോഴും തോക്കുമായി കാട്ടിൽ കയറി മൃഗവേട്ട തുടരുകയാണ്. ചിലപ്പോഴെല്ലാം ‘കാടിറങ്ങി’ നാട്ടിലും ഈ തോക്കുകൾ മനുഷ്യനു നേരെ തീതുപ്പുന്നു. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകളുടെ ഉപയോഗം പലപ്പോഴും ചോരക്കളിയിലാണ് അവസാനിക്കുന്നതുതന്നെ. ചോര വീഴ്ത്തുന്ന ഈ നായാട്ടിനും നാടൻതോക്ക് ഉപയോഗത്തിനും ഇടുക്കിയിൽ എന്ന് അറുതിവരും?