ഇതെ‍ാരു ശാസ്ത്രകഥയാണ്. പ്രകൃതിയിൽ തീരെ ഇല്ലാത്തതും തികച്ചും മനുഷ്യനിർമിതവുമായ പന്ത്രണ്ടായിരത്തിൽപ്പരം രാസപദാർഥങ്ങളുടെ കഥ. ചുരുക്കപ്പേര് PFAS. പൂർണരൂപം പെർ ആൻഡ് പോളിഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസസ് (Per– and Polyfluro Alkyl Substances). ശല്യനെന്നും വില്ലനെന്നും വിളിക്കാം. ശാശ്വത ശല്യൻ എന്ന വിശേഷണത്തിനു കാരണം കാർബണും ഫ്ലൂറിനും തമ്മിലുള്ള ഉഗ്രബന്ധമാണ്. 

1938 ഏപ്രിൽ 6... അമേരിക്കയിലെ ഡൂപോൺഡ് കമ്പനിയിലെ രസതന്ത്രജ്ഞനായിരുന്ന ഇരുപത്തിയാറുകാരൻ റോയ് പ്ലങ്കറ്റ് ആകസ്മികമായി ഒരു വിചിത്രവസ്തു കണ്ടെത്തി. തണുതണുപ്പൻ രാസവസ്തുക്കളെ മഷി വച്ചു തിരയുകയായിരുന്നു അദ്ദേഹം. താൻ കണ്ടെത്തിയ രാസപദാർഥം തലേദിവസം ഒരു സിലിണ്ടറിൽ നിറച്ചു വച്ചതായിരുന്നു. പിറ്റേന്നു സിലിണ്ടറിന്റെ വാൽവ് തുറന്നപ്പോൾ വാതകം പുറത്തുവന്നില്ല. കമ്പിയെടുത്തു കുത്തിനോക്കിയിട്ടും അനക്കമില്ല. തൂക്കം നോക്കിയപ്പോൾ കുറവില്ല. അകത്ത് എന്തോ കുലുങ്ങുന്നുണ്ട്. തുറന്നപ്പോൾ അടിയിൽ വെള്ള നിറത്തിൽ വഴുവഴുപ്പുള്ള ഒരു വിചിത്ര വസ്തുവിനെ കണ്ടു.

പ്ലങ്കറ്റ് അതിനെ പല പരീക്ഷണങ്ങൾക്കും വിധേയമാക്കി. വീര്യം കൂടിയ രാസവസ്തുക്കളിൽ ലയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനക്കമില്ല. 1945ൽ അദ്ദേഹം അതിനു പേരിട്ടു; ടെഫ്ലോൺ. രസതന്ത്രത്തിന്റ ഭാഷയിൽ പോളി ടെട്രാ ഫ്ലൂറോ എത്തിലിൻ (Poly Tetra Fluoroethylene). നാലു ഘടകങ്ങളാണു ടെഫ്ലോണിലുള്ളത്. ഫ്ലൂർസ്പാർ, ഹൈഡ്രോഫ്ലൂറിക് ആസിഡ്, ക്ലോറോഫോം, വെള്ളം എന്നിവ 590–900 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം ശേഖരിച്ചു തണുപ്പിച്ചു സ്വയം കൂടിച്ചേരാൻ അനുവദിക്കുമ്പോൾ ടെഫ്ലോൺ ലഭിക്കും. 

ആധുനിക ശാസ്ത്രത്തിന്റെ അദ്ഭുതമായി ടെഫ്ലോൺ വാഴ്ത്തപ്പെട്ടു. ലൂയി പാസ്ചർ, റൈറ്റ് സഹോദരന്മാർ എന്നിവരുടെ പ്രഖ്യാതനിരയിലേക്കു പ്ലങ്കറ്റ് ഉയർത്തപ്പെട്ടു. 1951ൽ ഫിലഡൽഫിയ നഗരം അദ്ദേഹത്തെ സ്കോട് മെഡൽ നൽകി ആദരിച്ചു. 1950 മുതൽ ഒരു പ്രമുഖ വ്യവസായ ഉൽപന്നമായി വിലസുകയാണു ടെഫ്ലോൺ. അമേരിക്കയുടെ അണുബോംബ് നിർമാണത്തിൽ ടെഫ്ലോൺ ഉപകാരിയായി. 

non-stick-pan
Representative image by: istock / JackF

മാർക് ഗ്രെഗ്വയർ എന്ന ഫ്രഞ്ച് എൻജിനീയർ 1950കളിൽ ടെഫ്ലോണിൽ ആകൃഷ്ടനായി. ഒഴിവുവിനോദമായി അദ്ദേഹം ചൂണ്ടയിട്ടു മീൻ പിടിക്കാറുണ്ടായിരുന്നു. ചൂണ്ടയുടെ നാരു കെട്ടിപ്പിണയുന്ന പ്രശ്നം ടെഫ്ലോൺ പൂശി അദ്ദേഹം പരിഹരിച്ചു. ടെഫ്ലോണിന്റെ വഴുവഴുപ്പ് അടുക്കള പാത്രങ്ങളിലേക്കു പ്രയോഗിക്കാൻ അദ്ദേഹത്തിന്റെ ഭാര്യ കോളെറ്റ് ആവശ്യപ്പെട്ടു. ലോഹചട്ടികളുടെ ഉൾഭാഗത്തു ടെഫ്ലോൺ പൂശാനുള്ള തന്ത്രം അദ്ദേഹം കണ്ടുപിടിച്ചു. ഭക്ഷ്യവസ്തുക്കൾ വറചട്ടിയുടെ അടിയിൽ പിടിക്കാതെ പാകം ചെയ്യാനുള്ള കണ്ടുപിടിത്തം അടുക്കളപ്പാത്രങ്ങളിലെ വിപ്ലവമായിരുന്നു. ‘നോൺ സ്റ്റിക്’ എന്ന് ഇന്നു പറയുന്ന പാത്രങ്ങൾ ഏതാനും വർഷങ്ങൾക്കകം 10 ലക്ഷത്തിലധികം വിറ്റഴിഞ്ഞു. ടെഫ്ലോൺ എന്ന പേര് ഡുപോൺഡ് കമ്പനിയുടെ സ്വകാര്യ സ്വത്തായിരുന്നതിനാൽ ടെഫാൽ എന്ന പുതിയ പേരും കെ‍ാടുത്തു. 

അടുക്കളയിലെ ‘ഫ്രഞ്ച് വിപ്ലവ’ത്തെക്കുറിച്ചു കേട്ടറിഞ്ഞ ഒരു മാധ്യമ പ്രവർത്തകൻ അമേരിക്കയിലെ പല കമ്പനികളോടും അതുണ്ടാക്കാൻ അപേക്ഷിച്ചു. ആരും കേട്ടില്ല. അദ്ദേഹം മൂവായിരം ചട്ടികൾ ഇറക്കുമതി ചെയ്തു കടകളിൽ വിൽക്കാൻ ശ്രമിച്ചു. ആർക്കും താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഡിപ്പാർട്മെന്റ് സ്റ്റോർ രണ്ടു ദിവസത്തിനുള്ളിൽ 200 എണ്ണം വിറ്റുകെ‍ാണ്ട് ടെഫാലിന് അമേരിക്കയിൽ വാതിൽ തുറന്നു.  

നിത്യജീവിതത്തിൽ പരമസൗകര്യം പകരുന്ന വസ്തു തന്നെയാണു ടെഫ്ലോൺ. നോൺ സ്റ്റിക് പാത്രങ്ങൾ, വെള്ളം പിടിക്കാത്ത തുണിത്തരങ്ങൾ, എണ്ണയും മെഴുക്കും പിടിക്കാത്ത കടലാസ്, സൗന്ദര്യവർധകങ്ങൾ, ഗവേഷണ സാമഗ്രികൾ; അങ്ങനെ നീളുന്നു ഉപയോഗങ്ങളുടെയും പ്രയോഗങ്ങളുടെയും പട്ടിക. ചൂട്, വൈദ്യുതി, എണ്ണമെഴുക്ക്, വെള്ളം, മറ്റു രാസവസ്തുക്കൾ എന്നിവയെ തടയാനുള്ള ടെഫ്ലോണിന്റെ ശേഷി അനന്യസാധാരണമാണ്. 

ഇനി, PFAS എന്ന രാസപദാർഥത്തിന്റെ വിഷസ്വഭാവത്തെക്കുറിച്ചു നോക്കാം. ഹോളിവുഡിൽ ഇറങ്ങിയ ഡാർക് വാട്ടേഴ്സ് എന്ന ത്രില്ലർ സിനിമയിൽ ഇതിന്റെ സുന്ദരമായ ആവിഷ്കാരമുണ്ട്. പരിസ്ഥിതി മലിനീകരണത്തിന്റെ പേരിൽ ഡൂപോൺഡ് കമ്പനിക്കെതിരെ റോബ് ബിലോട്ട് എന്ന അഭിഭാഷകൻ നടത്തിയ നിയമയുദ്ധത്തെയാണു സിനിമ ഇതിവൃത്തമാക്കിയത്. നീണ്ട രണ്ടു വർഷത്തെ നിയമപോരാട്ടത്തിനിടെ ഇവയുടെ അപകടസാധ്യത ചർച്ചയായി. 3500 ഹർജിക്കാർക്കായി 67 കോടി ഡോളറിന്റെ നഷ്ടപരിഹാരമാണ് ഡുപോൺഡ് നൽകേണ്ടി വന്നത്. 

അന്വേഷണത്തിൽനിന്നു ഗവേഷകർ പിന്നോട്ടില്ല. പിഎഫ്എഎസ്(PFAS) സാന്നിധ്യം ഹിമാലയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലും ഉത്തര ധ്രുവത്തിലും കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വന്യജീവികളുടെ ഉള്ളിലെത്തിയിട്ടുണ്ട്. ജലശുദ്ധീകരണ സംവിധാനത്തെ മറികടന്നു കുടിക്കുന്ന വെള്ളത്തിലുമെത്തുന്നു. ഇവയുടെ ഒരു പ്രത്യേകത ശരീരത്തിൽ അടിഞ്ഞുകൂടും എന്നതാണ്. അകത്തേക്കു വരുന്നതും പുറത്തേക്കു പോകുന്നതും ഒരേ പോലെയല്ലെങ്കിൽ ശരീരത്തിൽ സ്വരൂപിക്കപ്പെടും (Bio Accumulation). വൃക്ക, വൻകുടൽ, മലാശയം, തൈറോയ്ഡ് ഗ്രന്ഥി, വൃഷണം എന്നിവയെയൊക്കെ ബാധിക്കും.  

NON-STICK-PAN
Representative image by: istock / Slavica

അമേരിക്കയിലെ നോർത്ത് കാരലീന സർവകലാശാലയിൽ 32 കുതിരകളെയും 31 നായ്ക്കളെയും പഠനവിധേയമാക്കിയപ്പോൾ കരളിനും വൃക്കയ്ക്കും രോഗം പിടിപെടുന്നതായി തെളിഞ്ഞു.  മറ്റെ‍ാരു പഠനത്തിൽ 1120 മധ്യവയസ്കകൾ നിരീക്ഷണ വിധേയരായി. പതിവിനും 2 വർഷം മുൻപേ ആർത്തവവിരാമം സംഭവിക്കുന്നതായി കണ്ടെത്തി. രാസവസ്തുവിന്റെ സാന്നിധ്യം രക്തത്തിൽ സാധാരണയിൽ 20% കൂടുതലുണ്ടെങ്കിൽ അമ്മമാർ നേരത്തെ മുലയൂട്ടൽ നിർത്തുന്നു. 5270 പ്രമേഹരോഗികളെ പഠിച്ചപ്പോൾ അതിൽ 1849 പേർക്കു ഹൃദ്രോഗബാധയുള്ളതായി തെളിഞ്ഞു. അപായം ബോധ്യമായതോടെ വില്ലന്മാരെ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി. അതിനുള്ള സംവിധാനമാണ് സ്റ്റോക്ഹോം കൺവൻഷൻ. ആഗോള വ്യാപകമായി പെർഫ്ലൂറോ ഒക്ടാനോയിക് ആസിഡ് (PFOA) നിരോധിക്കപ്പെട്ടു. 2009ൽ പെർഫ്ലൂറോ ഒക്ടെയ്ൻ സൾഫോണിക് ആസിഡി(PFOS)നെയും പുറത്താക്കി. 

എന്നാൽ, ഇവയുടെയൊക്കെ ഉറ്റബന്ധുവായ ടെഫ്ലോൺ വില്ലനല്ലെന്നാണു പൊതുവേ പറയുന്നത്. വേണ്ടവിധം ഉപയോഗിച്ചാൽ ഇത് അപായരഹിതമാണ് എന്നാണു ശരാശരി വിദഗ്ധാഭിപ്രായം. അതേസമയം ജാഗ്രതയോടെ കൈകാര്യം ചെയ്യണം.  ടെഫ്ലോൺ കോട്ടിങ്ങുള്ള പാത്രങ്ങൾ അമിതമായി, അതായത് 260 ഡിഗ്രി സെൽഷ്യൽസിൽ കൂടുതൽ ചൂടാക്കിയാൽ PFOA പുറത്തുവരും. ഇരുമ്പു ചട്ടുകംകെ‍ാണ്ട് ഇളക്കുകയോ ചുരണ്ടുകയോ ചെയ്യരുത്; അതു കെ‍ാച്ചുകണികകളായി ഭക്ഷണത്തിൽ കയറിക്കൂടും. പുക പുറത്തു പോകാൻ അടുക്കളയിൽ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം.

ടെഫ്ലോൺ പാത്രങ്ങൾ ഉപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കണം. മണ്ണിൽ കുഴിച്ചു മൂടിയാൽ കാലക്രമത്തിൽ വിഘടിച്ച് കുടിവെള്ളത്തിൽ എത്തും. കത്തിച്ചു കളയുകയുമരുത്. കാർബൺ ഡയോക്സൈഡിനെക്കാൾ 6500 മടങ്ങ് ആഗോളതാപന ശേഷിയുള്ള കാർബൺ ടെട്രാഫ്ലൂറൈഡാണ് (Carbon Tetraflouride) കത്തിച്ചാലുണ്ടാകുന്നത്. അതേസമയം, പെ‍ാതുജനാരോഗ്യവും കാലാവസ്ഥയും കണക്കിലെടുത്തു ടെഫ്ലോണിന്റെയും മറ്റു ഫ്ലൂറോപോളിമറുകളുടെയും ഉൽപാദനം കുറയ്ക്കാൻ ലോകവ്യാപകമായി ശ്രമം നടക്കുകയാണ്.

English Summary: What causes food items to not stick to nonstick pans?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com