ഹമാസ് ആക്രമണം ഒരുക്കിയതും നയിച്ചതും ഇറാൻ? ഇസ്രയേലിനെ ബലഹീനമാക്കിയ തന്ത്രങ്ങൾ; എന്തുകൊണ്ട് കരയാക്രമണം നീട്ടി?

Mail This Article
സിറിയയും ഈജിപ്തും ചേർന്ന് ഇസ്രയേലിനെ ആക്രമിച്ച 1973 ലെ ‘യോം കിപ്പോർ’ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ഇസ്രയേൽ ഒരു മിന്നലാക്രമണം നേരിടുന്നത്. എന്നാൽ ഹമാസ് ആക്രമണത്തിന്റെ വ്യാപ്തിയും നാശവും കണക്കിലെടുക്കുമ്പോൾ അതിനു സമാനമായ ഒന്ന് ഇസ്രയേൽ ചരിത്രത്തിലില്ലെന്നു പറയേണ്ടിവരും. സെപ്റ്റംബർ 11 ന്യൂയോർക്ക് ഭീകരാക്രമണം അമേരിക്കക്കാരിലുണ്ടാക്കിയ നടുക്കത്തിനു തുല്യമാണ് ഹമാസ് ആക്രമണം ഇസ്രയേലുകാരിലുണ്ടാക്കിയതെന്നു ചിലർ വിലയിരുത്തുന്നു. ശക്തമായ സൈന്യവും ഇന്റലിജൻസും ഉണ്ടായിട്ടും നൂറുകണക്കിനുപേർ കൊല്ലപ്പെട്ട ഒരു കടന്നാക്രമണം ഇസ്രയേലികളിലുണ്ടാക്കിയ മനഃശാസ്ത്രപരമായ ആഘാതം ചെറുതല്ല. കൃത്യമായി ഏകോപിപ്പിച്ച ഒരു ആസൂത്രിത ആക്രമണത്തിനു ഹമാസ് ഒരുങ്ങുന്നതിന്റെ ഒരു സൂചനയും ഇസ്രയേൽ-യുഎസ് ഇന്റലിജൻസ് ഏജൻസികൾക്കു ലഭിച്ചിരുന്നില്ലെന്നത് ഈ ആഘാതത്തിന്റെ വ്യാപ്തി കൂട്ടുന്നു. പലസ്തീൻ മേഖലയിലാകെ ഇലക്ട്രോണിക് നിരീക്ഷണങ്ങളും സൈനിക പ്രതിരോധ സംവിധാനങ്ങളും ഒരുക്കിയിട്ടും ഫലമുണ്ടായില്ല. ഗാസ അതിർത്തിയിൽനിന്ന് 25 കിലോമീറ്ററോളം ഉള്ളിലേക്ക് രണ്ടു ഡസൻ പട്ടണങ്ങളിലേക്ക് ഹമാസ് സായുധ സംഘം കടന്നുചെന്നു.