‘താര’മായി മോദി മതി, പിന്നെ താമരയും; ഗെലോട്ടിന് ‘പെൻഷൻ’ വേണമെന്ന് പൈലറ്റ്; ‘നയം’ മാറ്റുമോ രാജസ്ഥാൻ?
Mail This Article
കൈക്കരുത്തുകൊണ്ട് രണ്ടു പേർ നേരിട്ടു പോരാടുന്ന മത്സരമാണ് പഞ്ചഗുസ്തി. അത്തരമൊരു രാഷ്ട്രീയ പഞ്ചഗുസ്തിക്ക് അരങ്ങൊരുങ്ങുകയാണ് ഇന്ത്യയിൽ. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പു കമ്മിഷൻ തീയതി കുറിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’യും തമ്മിലുളള പഞ്ചഗുസ്തിയായി മാറും ഈ അഞ്ചിടത്തെ തിരഞ്ഞെടുപ്പുകൾ. അതിനാൽതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന നിലയ്ക്കാണ് രാഷ്ട്രീയ നിരീക്ഷകർ ഈ തിരഞ്ഞെടുപ്പുകളെ കാണുന്നത്. സത്യത്തിൽ എൻഡിഎ–ഇന്ത്യ നേരിട്ടുള്ള പോരാട്ടമല്ല ഈ സംസ്ഥാനങ്ങളിൽ. പക്ഷേ ഫലത്തിൽ 2 സഖ്യങ്ങൾ തമ്മിലുള്ള പോരാട്ടമായി ഇവ മാറാൻ സാധ്യതയുണ്ട്. ഈ തിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതും ഉറപ്പാണ്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി നേരത്തേ തന്നെ അങ്കം കുറിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിന്റെ അന്തിമ ഘട്ടത്തിലാണ് കോൺഗ്രസും മറ്റു പാർട്ടികളും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നവംബർ ഏഴിനാണ് ആരംഭിക്കുന്നത്.