വായിൽ കപ്പലോടിക്കുന്നവർ
Mail This Article
വിഴിഞ്ഞം തുറമുഖത്ത് ചൈനീസ് കപ്പലിനു സ്വീകരണം കൊടുക്കുന്നതു പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ പ്രത്യേകം പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി ജീവൻ കൊടുത്ത പദ്ധതിയുടെ പിതൃത്വം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ഗീർവാണങ്ങളെക്കാൾ വലിയ വെടിക്കെട്ടൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. സൊമാലിയയിലെ കടൽക്കൊള്ളക്കാർപോലും കപ്പലുകൾ പിടിച്ചെടുത്തിട്ടേയുള്ളൂ. ഇതിപ്പോൾ തുറമുഖം തന്നെ പിടിച്ചെടുക്കുന്നതു പുതിയ ചരിത്രമാണ്. 5500 കോടി രൂപയുടെ കരാറൊപ്പിട്ട ഉമ്മൻ ചാണ്ടി 5000 കോടിയുടെ അഴിമതികാട്ടിയെന്ന ആരോപണവും അന്നു ചരിത്രമായതാണ്. അന്വേഷണക്കമ്മിഷനെ പ്രഖ്യാപിച്ചത് അതു കണ്ടുപിടിക്കാനായിരുന്നു. അഴിമതി 90 ശതമാനത്തിൽ നിർത്തിയതാണ് നോട്ടക്കുറവായത്. പദ്ധതി അടങ്കലിനെക്കാൾ അധികമാക്കിയിരുന്നെങ്കിൽ വിശ്വാസ്യത കൂടിയേനെ.