സിംഗൂരിന്റെ നീക്കിയിരിപ്പ്

Mail This Article
സിംഗൂരിൽ മുതൽമുടക്കിയ ഇനത്തിൽ നഷ്ടപരിഹാരമായി ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന് 765.78 കോടി രൂപയും അതേ തുകയ്ക്ക് 7 വർഷത്തേക്ക് 11% പലിശയും ബംഗാൾ വ്യവസായ വികസന കോർപറേഷൻ നൽകണമെന്നാണ് ആർബിട്രേഷൻ ട്രൈബ്യൂണൽ തീർപ്പുകൽപിച്ചിരിക്കുന്നത്. ട്രൈബ്യൂണലിലെ ചെലവായി ഒരു കോടി രൂപ വേറെ. അപ്പോൾ, പലിശക്കാലാവധി നീട്ടിക്കൊണ്ടുപോകാൻ ബംഗാൾ സർക്കാർ തീരുമാനിക്കുന്നില്ലെങ്കിൽ മൊത്തം ഏതാണ്ട് 1356 കോടി. തീർപ്പിനോടു യോജിപ്പില്ലെങ്കിൽ ഹൈക്കോടതിയിലും അവിടംകൊണ്ടു നിൽക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയിലും പോകാനാണ് സർക്കാരിന്റെ ഉദ്ദേശ്യമെങ്കിൽ തുക കൂടുകയോ കുറയുകയോ ചെയ്യാം. ട്രൈബ്യൂണൽ നിർദേശിച്ച തുകയടച്ച് അധ്യായം അടയ്ക്കില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്. സർക്കാരല്ല തൃണമൂലാണ് പണം നൽകേണ്ടതെന്നു ബിജെപിയും നശീകരണ രാഷ്ട്രീയത്തിന്റെ വിലയാണ് സംസ്ഥാനം നൽകുന്നതെന്നു സിപിഎമ്മും പ്രസ്താവിച്ചിട്ടുണ്ട്.