കൊടി പിടിപ്പിക്കുന്നവർ മുതൽ വോട്ട് ‘വിഴുങ്ങിയവർ’ വരെ; മാഷാണ്, സഖാവാണ് ; കേരള വർമയിൽ സെൽ ഭരണം

Mail This Article
കാഴ്ചപരിമിതിയുള്ള കെഎസ്‌യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടനെ, ഇരുട്ടിന്റെ മറവിൽ റീകൗണ്ടിങ് നടത്തി തോൽപ്പിച്ചെന്ന വിവാദം ഹൈക്കോടതിയിലേക്കു വരെ വളർന്നു പെരുകി നിൽക്കുമ്പോൾ തൃശൂർ കേരളവർമ കോളജിലെ രാഷ്ട്രീയം വീണ്ടും സജീവ ചർച്ചകളിൽ നിറയുകയാണ്. കേരളവർമ കോളജിലെ രാഷ്ട്രീയത്തെക്കുറിച്ച് പൂർവ വിദ്യാർഥികളോടോ അധ്യാപകരോടോ ചോദിച്ചാൽ പലരും പറയുക അവിടുത്തെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചാകില്ല, അധ്യാപക രാഷ്ട്രീയത്തെക്കുറിച്ചാകും. കാരണം, കേരളവർമ കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിന്റെ ‘സ്റ്റിയറിങ് വീൽ’ എക്കാലവും പിടിച്ചിരുന്നത് ഒരുകൂട്ടം അധ്യാപകരാണെന്നതിനു വിദ്യാർഥികൾതന്നെ സാക്ഷ്യം പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളജായതിനാൽ ഓരോ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ ശുപാർശയാൽ നിയമനം നേടിയ അധ്യാപകർ പലരുണ്ട് ഇവിടെ. ഇക്കാര്യത്തിൽ പാർട്ടി ഭേദമില്ല. എങ്കിലും സിപിഎം ‘സെൽ’ ആയി പ്രവർത്തിക്കുന്നവരുടേതാണ് അതിശക്ത ചേരി.