ഹേമലത പറയുന്നു: ‘അവർ വരെ അങ്ങനെ ഒരു കഥ വിശ്വസിച്ചിരുന്നു, ചില കത്തുകൾ സങ്കടപ്പെടുത്തി...’
Mail This Article
‘‘സമൂഹമാധ്യമങ്ങളിലെ കമന്റുകൾ കണ്ടപ്പോൾ അതിശയം തോന്നി. ആരും മറന്നില്ലല്ലോ. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല അത്. ദൂരദർശനിൽ 2013 മുതൽ എഡിറ്റിങ്ങിലേക്കു മാറിയിരുന്നു. അതിനുശേഷം സ്ക്രീനിൽ വന്നതു വിരളമാണ്. ഞാൻ കരുതിയതു പ്രേക്ഷകരൊക്കെ എന്നെ മറന്നു കാണും എന്നാണ്. ചില അഭിമുഖങ്ങളിലൊക്കെ കമന്റ്സ് വരാറുണ്ട്. പക്ഷേ ഇത്ര വലിയൊരു പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. സന്തോഷം’’. 1985 ജനുവരി 3ന് ആരംഭിച്ച വാർത്തായാത്ര അവസാനിപ്പിക്കുമ്പോൾ ഹേമലതയുടെ മനസ്സു നിറയെ ഈ സന്തോഷമാണ്. 2023 ഡിസംബർ 31ന് വൈകിട്ട് ഏഴിനായിരുന്നു ദൂരദർശനിനെ അവസാന വാർത്താ അവതരണം. 39 വർഷത്തെ സേവനത്തിനൊടുവിൽ പിരിയുമ്പോൾ ദൂരദർശനിൽ അസി. ന്യൂസ് എഡിറ്ററായിരുന്നു ഹേമലത. 1985ൽ മലയാളത്തിൽ ദൂരദർശൻ ആരംഭിച്ചപ്പോൾ രണ്ടാമത്തെ ലൈവ് വാർത്ത വായിച്ചത് ഹേമലത ആയിരുന്നു. ആദ്യത്തെ വാർത്ത വായിച്ചത് ഭർത്താവ് ജി.ആർ. കണ്ണനും.