പേനക്കാര്യത്തിനിടയ്ക്ക് ഒരു ആനക്കാര്യം

Mail This Article
കാട്ടിലും നാട്ടിലുമുള്ള ഒരേയൊരു ജന്തു ആനയാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് കാട്ടാന, നാട്ടാന എന്നു രണ്ടായി തിരിക്കുന്നത് അടിസ്ഥാനപരമായി ശരിയല്ല. രണ്ടും (സ്പീഷീസ് എന്ന അർഥത്തിൽ) ഒരേ ജാതി ആന തന്നെ. അതല്ലല്ലോ മറ്റു പക്ഷിമൃഗങ്ങളുടെ കാര്യം. ഉദാഹരണത്തിന്, കാട്ടുകോഴി വേറെ, നാട്ടുകോഴി വേറെ. നാനൂറോളം വർഷം മുൻപു ജീവിച്ചിരുന്ന തിരുമംഗലത്ത് നീലകണ്ഠൻ എന്ന മലയാളിയുടേതായി ആനക്കാര്യങ്ങളെപ്പറ്റി മാതംഗലീല എന്നൊരു സംസ്‌കൃതകാവ്യമുണ്ട്; വള്ളത്തോളിന്റെ വകയായി അതിനൊരു മലയാള പരിഭാഷയും. വള്ളത്തോളിന്റെ പരിഭാഷയുടെ അവതാരികയിൽ കെ.പി. നാരായണപ്പിഷാരടി ലിസ്റ്റ് ചെയ്യുന്ന ആനകളുടെ സവിശേഷതകളിൽ കാട്ടിലും നാട്ടിലുമുള്ള ഒരേയൊരു ജന്തു ആനയാണെന്ന കാര്യം പറയുന്നില്ല. (കൈയായി ഉപയോഗിക്കാൻ പറ്റുന്ന മൂക്ക്, വായിൽ മുളച്ചുവരുന്ന കൊമ്പ്, വീശാൻ പറ്റുന്ന ചെവികൾ, വിരലില്ലാതെയുള്ള നഖങ്ങൾ, അകത്തൊതുങ്ങിയ വൃഷണങ്ങൾ, അകത്തേക്കു തിരിഞ്ഞ നാവ്, അകത്തേക്കിറങ്ങി തുമ്പിക്കയ്യിലൂടെ പുറത്തുവരുന്ന വിയർപ്പ് എന്നിങ്ങനെ മറ്റു മൃഗങ്ങളിൽ കാണാത്ത ഏതാനും സവിശേഷതകളാണ് പിഷാരടി എടുത്തുപറയുന്നത്).