നിർണായകമായത് ആ റിപ്പോർട്ടുകൾ; ‘അനാവശ്യ’ ദയയില്ലെന്ന് കോടതി; ഇളവില്ലാത്ത ശിക്ഷ ടിപിയുടെ കൊലയാളികളെ നവീകരിക്കുമോ?
Mail This Article
വർഷം 12 കഴിഞ്ഞിട്ടും ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം കേരള സമൂഹം ഞെട്ടലോടെയാണ് ഓർക്കുന്നത്. ഈ കേസിൽ മുഖ്യ പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം 19ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് നൽകിയത് ഹൈക്കോടതി ശരിവയ്ക്കുകയും ഇവരിൽ 6 പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം കൂടി കണ്ടെത്തുകയും ചെയ്തു. ഇതുകൂടാതെ വിചാരണക്കോടതി വിട്ടയച്ച രണ്ടു പേർക്കെതിരെയും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തി. ഇതോടെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുമോയെന്നായിരുന്നു ഉയർന്ന അടുത്ത ചോദ്യം. എന്നാൽ ഹൈക്കോടതി നൽകിയത് ഇരട്ട ജീവപര്യന്തം. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും ആവശ്യം. നിഷ്ഠൂരമായ സംഭവമാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അപൂർവങ്ങളായ കേസാണിതെന്നും അവർ വാദിച്ചു. എന്നിട്ടും ഇരട്ട ജീവപര്യന്തമാക്കി ശിക്ഷാ വിധി വന്നത് എന്തുകൊണ്ടാവും? ഇക്കാര്യത്തിൽ എന്തൊക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആധാരമാക്കിയതെന്ന് അറിയാം വിശദമായി.