ബെംഗളൂരു അകലെയല്ല
Mail This Article
ദീവാളിക്ക് സ്വെറ്ററിടാം, ഹോളിക്ക് ഊരാം: ഡൽഹിയിൽ ജീവിച്ച രണ്ടു കൊല്ലത്തിനിടെ (1990-1992) പറഞ്ഞുകേട്ട നാടൻ ചൊല്ലായിരുന്നു അത്. ഒക്ടോബർ-നവംബറിൽ തണുപ്പുകാലത്തിന്റെ തുടക്കത്തിലാണല്ലോ ഉത്തരേന്ത്യക്കാരുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലിയുടെ വരവ്. അതാണ് അപ്പോൾ സ്വെറ്ററിട്ടു തുടങ്ങാം എന്നു പറയുന്നത്. അതുപോലെ തണുപ്പില്ലാതായിത്തുടങ്ങുന്ന മാർച്ചിലാണ് ഹോളിയുടെ വരവ്, അതുകൊണ്ട് അന്നു കമ്പിളിക്കുപ്പായം ഊരാമെന്ന്. അതുപോലെ ഒരു ചൊല്ല് കേരളത്തിലും ചിലേടങ്ങളിലുണ്ട്: ശിവരാത്രിപ്പിറ്റേന്നു വീശുപാള എടുക്കാമെന്ന്. ശിവരാത്രി വരുന്ന ഫെബ്രുവരി-മാർച്ചിൽത്തന്നെയാണല്ലോ നമ്മുടെ ചൂടുകാലം തുടങ്ങുന്നത്. എന്നാൽ, ഈ വർഷം ശിവരാത്രിക്കും എത്രയോ മുൻപുതന്നെ നമ്മൾ എസിയും ഫാനും ഓണാക്കിത്തുടങ്ങി. കൊല്ലുന്ന ചൂടിനാൽ മാമരം വേവുന്നു, പുല്ലിന്റെ കാരിയം എന്തു ചൊൽവൂ എന്ന് വൈലോപ്പിള്ളി ചോദിച്ചപോലെ കുംഭംതന്നെ ഇങ്ങനെയാണെങ്കിൽ മീനവും മേടവും എന്തായിരിക്കും എന്നാണ് ഇപ്പോഴത്തെ പേടി.