ഖര ഇന്ധനത്തിൽ ഒളിപ്പിച്ച ‘ഉത്തര കൊറിയൻ’ നിഗൂഢത: യുഎസിനെയും വിറപ്പിച്ച് ‘കിം’ മിസൈൽ: ഏതു നിമിഷവും തൊടുക്കാം

Mail This Article
2023 അവസാനിക്കാൻ ഒരൊറ്റ ദിവസം കൂടിയേ ബാക്കിയുള്ളൂ. ഡിസംബർ 30. യുക്രെയ്നിന്റെ പല ഭാഗത്തും പതിവു പോലെ റഷ്യയുടെ മിസൈലുകൾ വൻ ശബ്ദത്തോടെ വന്നു പതിക്കാൻ തുടങ്ങി. തലസ്ഥാനമായ കീവ്, തന്ത്രപ്രധാന പ്രദേശങ്ങളായ ഖാർക്കിവ്, പൾട്ടാവ, ഡോണെറ്റ്സ്ക് തുടങ്ങിയ മേഖലകളിലായിരുന്നു ആക്രമണം ശക്തം. സ്ഫോടനങ്ങളിൽ ഇരുപതിലേറെ പേർ മരിച്ചു. നൂറിലേറെ പേർക്കു പരുക്കേറ്റു. അത്ര പെട്ടെന്ന് റഡാറുകൾക്ക് പിടികൊടുക്കാത്ത വേഗതയും യാത്രാപഥവുമുള്ള ബാലിസ്റ്റിക് മിസൈലുകളായിരുന്നു തുടരെ വന്നു പതിച്ചത്. 2024 ഫെബ്രുവരി വരെ അത്തരം മിസൈലുകൾ വന്നുകൊണ്ടേയിരുന്നു. വിക്ഷേപിക്കുന്നത് റഷ്യയാണെങ്കിലും ആ മിസൈലുകളിൽ യുക്രെയ്ൻ ഒരു അസ്വാഭാവികത മണത്തു. അങ്ങനെ, അൻപതോളം മിസൈലുകൾ വന്നതിൽ 21 എണ്ണത്തിന്റെ അവശിഷ്ടം അവർ പരിശോധിച്ചു. മേയിൽ അതിന്റെ ഫലം വന്നു. മിസൈലുകളെല്ലാം ഉത്തര കൊറിയൻ നിർമിതമായിരുന്നു! അയച്ചതിൽ പാതിയും സ്ഫോടനം നടത്താതെ അവശേഷിച്ചതിനാലായിരുന്നു പലയിടത്തുനിന്നും അവയുടെ കൃത്യമായ അവശിഷ്ടം ലഭിച്ചത്. ജനുവരി രണ്ടിന് ഖാർക്കിവിൽ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ ഉത്തരകൊറിയയുടെ ഹ്വോസോങ്-11 സീരീസ് ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ളതാണെന്ന് യുഎൻ ഉപരോധ നിരീക്ഷകർ സുരക്ഷാ കൗൺസിൽ കമ്മിറ്റിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. 32 പേജുള്ള റിപ്പോർട്ടിൽ നിരീക്ഷകര്‍ കൃത്യമായി ഒരു കാര്യം കൂടി പറഞ്ഞു– ആയുധ ഉപരോധത്തിന്റെ കൃത്യമായ ലംഘനമാണിത്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾക്കെതിരെ 2006 മുതൽ യുഎൻ ഉപരോധം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നാണ് മൂന്ന് ഉപരോധ നിരീക്ഷകർ മേയ് ആദ്യവാരത്തിൽ യുക്രെയ്‌ന്‍ സന്ദർശിച്ച് അവശിഷ്ടങ്ങൾ പരിശോധിച്ചത്. ഇക്കാര്യം രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ റഷ്യയ്ക്കു മേൽ സമ്മർദമേറുകയാണ്. അതിനിടെ യുഎൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പെട്രോളിയം റഷ്യ ഉത്തര കൊറിയയ്ക്ക് കൈമാറുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.