അന്ന് ഹൃദയത്തിൽ നമോ; പിന്നാലെ കേസ്; ‘മോദിയെ തകർക്കാൻ എനിക്ക് 200 രൂപ മതി’; ശ്യാം രംഗീലയെ ആർക്കാണ് ഭയം?
Mail This Article
ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ നമ്പറിനു പകരം 'നമോ' എന്ന എഴുത്ത്. ഷർട്ടിനു മുകളിൽ മോദിയുടെ ചിത്രമുള്ള ടി–ഷർട്ട്. യൂട്യൂബിൽ ശ്യാം രംഗീല എന്നറിയപ്പെടുന്ന ശ്യാം സുന്ദറിന്റെ മോദി പ്രേമം 2016 വരെ ഏറെക്കുറെ ഇത്രയും 'ഹൈ ഫ്രീക്വൻസി'യിലായിരുന്നു! മോദിയുടെ ഏറ്റവും വലിയ ആരാധകരിലൊരാളായിരുന്ന ശ്യാം ഇന്ന് ഏറ്റവും വലിയ മോദി വിരോധികളിലൊരാളാണ്. തീർന്നില്ല, ഇത്തവണ മോദിക്കെതിരെ വാരാണസിയിൽ സ്വതന്ത്രനായി മത്സരിക്കാനായി നാമനിർദേശപത്രികയും സമർപ്പിച്ചു. സാങ്കേതിക കാരണങ്ങളുടെ പേരിൽ പത്രിക തള്ളിയെങ്കിലും രാജസ്ഥാൻ സ്വദേശിയായ ശ്യാം രംഗീലയെ ആളുകൾ മറക്കില്ല. മോദിയുടെ ശബ്ദം പൂർണ തികവോടെ അനുകരിക്കുന്ന 29–കാരനായ ശ്യാം രംഗീല ഇന്ന് രാജ്യമാകെ അറിയപ്പെടുന്ന സ്റ്റാൻഡപ് കൊമേഡിയനാണ്. ഇരുവരുടെയും ശബ്ദം തമ്മിൽ തിരിച്ചറിയാൻ പോലും പലരും പാടുപെടും. അത്രമേൽ പെർഫക‍്ഷൻ! ശ്യാമിന്റെ 'മിത്രോം..' എന്ന വിളി കേൾക്കാത്ത യൂട്യൂബ് പ്രിയർ കുറവായിരിക്കും. ആക്ഷേപഹാസ്യത്തിലൂടെ നിരന്തരമായി മോദിയെയും ബിജെപി സർക്കാരിനെയും വിമർശിക്കുന്ന ശ്യാമിന്റെ യൂട്യൂബ് ചാനൽ പിന്തുടരുന്നത് 9.87 ലക്ഷം പേരാണ്. വാർത്താസമ്മേളനങ്ങൾ നടത്താത്ത മോദിയെ പരിഹസിച്ച് അടുത്തയിടയ്ക്ക് 'ദ് വയർ' യൂട്യൂബ് ചാനലിൽ വന്ന ശ്യാമിന്റെ കോമഡി വാർത്താസമ്മേളനവും ഏറെ ചർച്ചയായിരുന്നു. കോമഡിയിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്നു പറഞ്ഞ് പല ടിവി ഷോകളും ശ്യാമിനു നഷ്ടമായിട്ടുമുണ്ട്.