മുംബൈയ്ക്കായി ‘സൂര്യ’ താണ്ഡവം; പഞ്ചാബിന് തണലായി അശുതോഷും ശശാങ്കും; ദയയില്ലാതെ ബുമ്ര; ഹിറ്റ്മാൻ@ 250*
Mail This Article
മത്സര മികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങളും മാറിമറിഞ്ഞ, വിജയ സാധ്യതകൾ ചാഞ്ചാടിക്കളിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം (53 പന്തിൽ 78) രോഹിത് (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവുകൾക്കൂടി സമാസമം ചേർന്നപ്പോൾ പഞ്ചാബിനു മുന്നിൽ മുംബൈ കെട്ടിപ്പൊക്കിയത് 193 റൺസിന്റെ വിജയലക്ഷ്യം. തുടക്കത്തിൽ പോരാട്ടത്തിനു പോലും ഇല്ലെന്ന് തോന്നിപ്പിച്ച പഞ്ചാബ് പിന്നീട് ആഞ്ഞടിച്ചപ്പോൾ മുംബൈയും കിടുങ്ങി. ഒടുവിൽ കളിമികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങൾകൂടി കളംവാണതോടെ അവസാന ഓവറിൽ പഞ്ചാബിന് കാലിടറി. മുംബൈ വിജയം 9 റൺസിന്. സ്കോർ: മുംബൈ – 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആകെ 13 വിക്കറ്റ് നേട്ടത്തോടെ പർപ്പിൾ ക്യാപും ബുമ്ര സ്വന്തമാക്കി. ∙ സാം കരണിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി പരുക്കിൽ നിന്ന് മേചിതനാകാത്ത ശിഖർ ധവാന് പകരം ഇന്നലെയും പഞ്ചാബിനെ നയിച്ചത് സാം കറൻ ആണ്. ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത സാമിന്റെ തീരുമാനം ശരിവച്ചുകൊണ്ട് മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷന്റെ (8) വിക്കറ്റ് കഗീസോ റബാദ സ്വന്തമാക്കി. എന്നാൽ, തുടർന്നുള്ള 9 ഓവറുകൾക്കിടയിൽ മുംബൈയുടെ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ പഞ്ചാബ് ബോളർമാർക്ക് കഴഞ്ഞില്ല. ഹിറ്റ്മാനും സ്കൈയും ചേർന്ന ബൗണ്ടറികളുടെ മാലപ്പടക്കത്തിന് തീകൊളുത്തിയതോടെ പവർപ്ലേ ഓവറുകളിൽ നിന്ന് മുംബൈ സ്കോർ ബോർഡിൽ 54 റൺസ് ചേർക്കപ്പെടുകയും ചെയ്തു.