നൂറിൽ നൂറടിക്കാൻ ഇനി 2 കൂടി: നിലവിൽ കോലി തന്നെ 'കിങ്', 'ജസ്റ്റ് മിസ്സും' ഏറെ: എന്നാണിനി 'തല'യ്ക്കൊരു സെഞ്ചറി!
Mail This Article
ഒരു വശത്ത് ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗമേറിയ സെഞ്ചറിയുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിൽ ജാക്സ് (41 പന്തിൽ 100). മറുവശത്ത് 2 റൺസ് അകലെ സീസണിലെ രണ്ടാം സെഞ്ചറി നഷ്ടമായ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്. സന്തോഷവും ദുഖവും ആവേശവും നിരാശയും എല്ലാം മിന്നിമറയുന്ന ഐപിഎൽ വേദികളിൽ നിന്ന് ആരാധകർക്ക് സമിശ്രമായ വികാരങ്ങൾ നൽകിക്കൊണ്ടാണ് 2024 ഏപ്രിൽ 28 കടന്നുപോയത്. വെടിക്കെട്ട് അടികളുടെ പൂരമായ ഐപിഎലിൽ സെഞ്ചറികൾക്കും സെഞ്ചറി നഷ്ടങ്ങൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ട്. 2008 ഏപ്രിൽ 18ന് ബെംഗളൂരുവിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ തുടങ്ങി 17–ാം സീസണിന്റെ പകുതി വരെ എത്തിനിൽക്കുമ്പോൾ വരെയുള്ള അവസാനിക്കാത്ത മൂന്നക്കങ്ങളുടെ 98 കഥകൾ. ജാക്സ് നേടിയ 100 റൺസ് ഐപിഎൽ ചരിത്രത്തിലെ 98–ാം സെഞ്ചറി ആയിരുന്നു. 98ൽ പുറത്തായ ഋതുരാജിന് നഷ്ടമായത് 99–ാം സെഞ്ചറിയും. ഐപിഎലിലെ 17 സീസണുകൾക്കിടയിൽ ഏറ്റവും അധികം സെഞ്ചറികൾ പിറന്നത് കഴിഞ്ഞ വർഷമാണ്, 12 എണ്ണം. എന്നാൽ ഈ സീസണിലെ കുതിപ്പിന് മുന്നിൽ ആ 12ന്റെ തലപ്പൊക്കം താഴാൻ അധിക മണിക്കൂറുകൾപോലും വേണ്ടിവരില്ല. 17–ാം സീസണ്‍ പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ 11 സെഞ്ചറികൾ അക്കൗണ്ട് ബുക്കിൽ ചേർത്തുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ റെക്കോർഡിനൊപ്പമെത്താൻ വേണ്ടത് കേവലം ഒരു സെഞ്ചറി മാത്രം. പുതിയ റെക്കോർഡ് സ്ഥാപിക്കാൻ വേണ്ടത് 2 സെഞ്ചറികളും. 46 മത്സരങ്ങൾക്കിടയിൽ 11 സെഞ്ചറികൾ പിറന്നെങ്കിൽ ശേഷിക്കുന്ന 28 മത്സരങ്ങള്‍ക്കിടയിൽ 2 സെഞ്ചറികൾ എന്നത് അസാധ്യമായ കാര്യമേയല്ല.