ADVERTISEMENT

എല്ലാ സാമ്പത്തിക ഉൽപന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഫിനാഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് ബാങ്കുകള്‍. പക്ഷെ അവിടെ നിങ്ങളുടെ ബാങ്കിങ്‌ അനുഭവം സുഖകരമാക്കാൻ ചില അറിവുകൾ അത്യാവശ്യമാണ്.

1. കെവൈസി– പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ആണ്‌ ഏറ്റവും പ്രധാനപ്പെട്ട കെവൈസി രേഖകൾ. ഇവ രണ്ടും ചേർത്ത് ബാങ്ക്‌ രേഖകള്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പ്‌ വരുത്തുക. ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഏറെ സാധ്യതയുണ്ട്.

.2 സീറോ ബാലൻസ് അക്കൗണ്ട്– ഏത്‌ ബാങ്കിന്റെ ഏതു ശാഖയിലും നിങ്ങള്‍ക്ക്‌ ബേസിക്‌ സേവിങ്‌സ്‌ അക്കൗണ്ട്‌ തുറക്കാം. ഈ സീറോ ബാലന്‍സ്‌ അക്കൗണ്ടിൽ എസ്ബി അക്കൗണ്ടിലെപോലെ മിനിമം ബാലൻസോ അതില്ലാത്തതിന്റെ പേരിൽ പിഴയോ ഉണ്ടാകില്ല. പക്ഷേ, സാമ്പത്തിക ഇടപാടുകളും മറ്റു സൗകര്യങ്ങളും പരിമിതമായിരിക്കും. ഒരു മാസത്തിൽ ഏതാനും ഇടപാടുകൾ മാത്രമുള്ളവർക്ക് ഇത് സൗകര്യപ്രദമാണ്.

3. ഇടപാടുകൾക്ക് മികച്ചത് എസ്ബി– ഓരോ ബാങ്കിനും നിശ്ചിത തുക മിനിമം ബാലന്‍സുള്ള സാധാരണ സേവിങ്‌സ്‌ അക്കൗണ്ടുകൾ ഉണ്ട്. ഇതു വഴി ഇഷ്ടാനുസരണം ഇടുപാടുകള്‍ നടത്താം. ലഭ്യമായ എല്ലാ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യാം.

4. അക്കൗണ്ട് തുടങ്ങാൻ താൽക്കാലിക വിലാസം മതി– ഇന്ത്യയിലെവിടെയും താമസസ്ഥലത്തിന്റെ സമീപമുള്ള ബാങ്ക് ശാഖയില്‍ നിങ്ങള്‍ക്ക്‌ അക്കൗണ്ട്‌ തുറക്കാം. തെളിവിനായി നല്‍കുന്ന സ്ഥിരം മേല്‍വിലാസം വ്യത്യസ്‌തമാണെങ്കിലും പ്രശ്നമില്ല. നിലവിലെ മേല്‍വിലാസം ഉള്‍പ്പെടുത്തി ഒരു സത്യവാങ്‌മൂലം നൽകിയാൽ മതിയാകും.

5. നോമിനേഷൻ നിർബന്ധം– അക്കൗണ്ട്‌ തുറക്കുമ്പോള്‍ ഒരു നോമിനിയെ നിർദേശിക്കണം. ഭാവിയിലെ അനിശ്ചിതത്വങ്ങൾക്ക് ഇതു പരിഹാരമേകും. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ മറക്കരുത്‌.

6. ആറു മാസത്തിൽ ഒരു ഇടപാട്– ഓരോ ആറ്‌ മാസത്തിലും കുറഞ്ഞത്‌ ഒരു ഇടപാടെങ്കിലും നടത്തണം. അല്ലെങ്കില്‍ അക്കൗണ്ട്‌ നിഷ്‌ക്രിയമായതായി കണക്കാക്കാം.

7. അക്കൗണ്ട് നിർജീവമായാൽ– നിങ്ങളുടെ അക്കൗണ്ട് ഏതെങ്കിലും തരത്തിൽ നിർജീവമായാൽ വീണ്ടും സജീവമാക്കുന്നതിന്‌ ബാങ്കിന്റെ ശാഖയിൽ നേരിട്ടെത്തി കെവൈസി രേഖകള്‍ സമര്‍പ്പിക്കേണ്ടി വരും.

8. നികുതി ഒഴിവാക്കാൻ ഫോം 15 ജി/എച്ച്–

വാർഷിക വരുമാനം ആദായനികുതി പരിധിക്ക്‌ ഉള്ളില്‍ വരാൻ സാധ്യതയുള്ളവർ സ്ഥിര നിക്ഷേപം തുടങ്ങുമ്പോള്‍ 15ജി/15എച്ച്‌ ഫോം പൂരിപ്പിച്ച്‌ നല്‍കാന്‍ മറക്കരുത്‌. പലിശയിൽനിന്നു ടിഡിഎസ്‌ പിടിക്കുന്നത്‌ ഒഴിവാക്കാന്‍ ഇതാവശ്യമാണ്‌. വര്‍ഷാവര്‍ഷം എഫ്‌ഡി പുതുക്കുന്നുണ്ടെങ്കിൽ ഓരോ വര്‍ഷവും ഈ ഫോം സമര്‍പ്പിക്കുകയും വേണം.

9. പഴയ ചെക്ക് മാറ്റി വാങ്ങുക– പഴയ ചെക്ക്‌ ബുക്കുകള്‍ ഇപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടോ? എങ്കിൽ അവ സിടിഎസ്‌-2010 നിലവാരത്തിലുള്ളതെന്ന് ഉറപ്പു വരുത്തണം. അതിനു ചെക്‌ ലീഫിന്റെ ഇടതുവശത്തു ചെറിയ അക്ഷരത്തില്‍ സിടിഎസ്‌-2010 എന്ന്‌ എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇത് ഇല്ലാത്ത ചെക്ക് നൽകിയാൽ ഇടപാടുകൾ തടസ്സപ്പെടും. അതിനാൽ പുതിയ ചെക്‌ ബുക്കിന് ഉടൻ അപേക്ഷിക്കുക.

10. പണമിടപാടുകൾ കുറയ്ക്കുക– നേരിട്ടുള്ള പണമിടപാടുകള്‍ കഴിയുന്നത്ര കുറയ്ക്കുകയാണ് ബാങ്കുകളുടെ ലക്ഷ്യം. അതിനാൽ നിങ്ങൾക്കുള്ള പേയ്മെന്റ്‌ അക്കൗണ്ട്‌ വഴി ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുക. രണ്ട്‌ ബാങ്കുകള്‍ക്ക്‌ ഇടയിലുള്ള ഫണ്ട്‌ ട്രാന്‍സ്‌ഫറിന്‌ ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഗുണഭോക്താവിന്റെ പേര്‌, അക്കൗണ്ട് നമ്പര്‍, ശാഖയുടെ പേര്, ഐഎഫ്‌എസ്‌സി കോഡ്‌, എന്നീ വിവരങ്ങൾ ഉണ്ടെങ്കിൽ ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി ട്രാന്‍സ്‌ഫറുകള്‍ ചെയ്യാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com