വീടുവയ്ക്കാൻ ഒരു കോടി രൂപ വരെയുള്ള വായ്പ ലഭിക്കുന്ന സവിശേഷ ഭവനവായ്പകളുമായി ഐസിഐസിഐ ബാങ്ക്. രണ്ടു സവിശേഷ ഭവനവായ്പകളാണ് ബാങ്ക് അവതരിപ്പിച്ചത്. രണ്ടു വായ്പകളും തത്സമയം ഇടപാടുകാര്‍ക്കു ലഭ്യമാകുമെന്നതാണ് പ്രത്യേകത.
'ഇന്‍സ്റ്റന്റ് ഹോം ലോണ്‍' എന്നു പേരിട്ട'ിരിക്കുന്ന ആദ്യ പദ്ധതിയില്‍ ബാങ്കിന്റെ പ്രീ-അപ്രൂവ്ഡ് സാലറി ഇടപാടുകാര്‍ക്ക് 30 വര്‍ഷം വരെ കാലാവധിയില്‍ ഒരു കോടി രൂപ വരെയുള്ള വായ്പയുടെ അവസാന അനുമതിപത്രം തല്‍സമയം ലഭ്യമാകും. അപേക്ഷാ ഫോം, കെവൈസി, വരുമാനം സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കാന്‍ ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.
ഇടപാടുകാരന്റെ ഇ-മെയിലിലേക്കാണ് അനുമതിപത്രം അയയ്ക്കുക. ഇതിന് ആറുമാസത്തെ സാധുതയുണ്ടായിരിക്കും. ഈ അനുമതിപത്രവും വാങ്ങാനുദ്ദേശിക്കുന്ന വീടിന്റെ രേഖകളുമായി അടുത്ത ശാഖയിൽ ചെന്നാൽ വായ്പ ലഭിക്കും. വായ്പത്തുക ഇടപാടുകാരന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
'ഇന്‍സ്റ്റാ ടോപ് അപ് ലോൺ' പദ്ധതിയാണ് രണ്ടാമത്തേത്. നിലവില്‍ ഭവന വായ്പയുള്ള ഇടപാടുകാര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ അധിക വായ്പ തല്‍സമയം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. ഈ വായ്പ അനുവദിച്ച ഉടനേ തന്നെ ഇടപാടുകാരന്റെ അക്കൗണ്ടില്‍ ലഭിക്കും.
ഡിജിറ്റലായാണ് ഇടപാടുകാരുടെ വായ്പാ യോഗ്യത പരിശോധിച്ചു നിശ്ചയിക്കുന്നത്. ക്രെഡിറ്റ് ബ്യൂറോ റേറ്റിങ്, ചെക്ക്, ശമ്പളം, അക്കൗണ്ട് ബാലന്‍സ്, തിരിച്ചടവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് യോഗ്യത നിശ്ചയിക്കുന്നത്. ഐ-മൊബൈലിലും ഈ സൗകര്യം ലഭ്യമാക്കും.