ADVERTISEMENT

പഠന ചെലവ്‌ ഉയര്‍ന്നതോടെ വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്‌. എന്നാല്‍, വിദ്യാഭ്യാസ വായ്‌പ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയായി മാറാതിരിക്കുന്നതിന്‌ ശരിയായ ആസൂത്രണം ആവശ്യമാണ്‌. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ വായ്‌പയുടെ ഭാരം ഒരു പരിധി വരെ കുറയ്‌ക്കാന്‍ കഴിയും 

 സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അവസരം ഉപയോഗപ്പെടുത്തുക

വിദ്യാഭ്യാസ വായ്‌പകള്‍ എടുക്കാന്‍ ശ്രമിക്കും മുമ്പ്‌ കുട്ടികളുടെ തുടര്‍ പഠനത്തിന്‌ ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഏതെങ്കിലും ഉണ്ടോ എന്ന്‌ തിരയുക. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുകയാണെങ്കില്‍ പഠന ചെലവിനായി വായ്‌പയെ ആശ്രയിക്കുന്നത്‌ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല ഭാവിയില്‍ വായ്‌പ തിരിച്ചടവിന്‌ നീക്കി വയ്‌ക്കേണ്ട തുക നിക്ഷേപത്തിനായി ഉപയോഗിക്കാനും കഴിയും. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്നില്ല എങ്കില്‍ അനുയോജ്യമായ വിദ്യാഭ്യാസ വായ്‌പ കണ്ടെത്തുക. സ്കോളർഷിപ്പിന് അർഹതയുണ്ടെങ്കിൽ വായ്പ ലഭിക്കുന്നതിന് സ്വീകാര്യത കൂടും.

 അനുയോജ്യമായ വിദ്യാഭ്യാസ വായ്‌പ തിരഞ്ഞെടുക്കുക

ഇന്ന്‌ നിരവധി ബാങ്കുകള്‍ വിദ്യാഭ്യാസ വായ്‌പകള്‍ ലഭിക്കുമെന്നതിനാല്‍  അനുയോജ്യമായത്‌ തിരഞ്ഞെടുക്കുക എന്നത്‌ വെല്ലുവിളിയാണ്‌. അന്തിമ തീരുമാനം എടുക്കും മുമ്പ്‌ വിവിധ ബാങ്കുകള്‍ ലഭ്യമാക്കുന്ന വായ്‌പകളുടെ സവിശേഷതകള്‍ വിലയിരുത്തുക. ഇതില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ ഏറ്റവും ഇണങ്ങുന്നത്‌ ഏതെന്ന്‌ കണ്ടെത്തുക. വായ്‌പ തിരഞ്ഞെടുക്കുമ്പോള്‍ പലിശ നിരക്കുകള്‍, തിരച്ചടവ്‌, വായ്‌പ തുക എന്നിവ പരിഗണിക്കണം.

തിരിച്ചടവ്‌ കൃത്യമായി ആസൂത്രണം ചെയ്യുക

വിദ്യാഭ്യാസ വായ്‌പയുടെ ഭാരം കുറയ്‌ക്കുന്നതിന്‌ തിരിച്ചടവ്‌ കൃത്യമായി ആസൂത്രണം ചെയ്യണം. മറ്റ്‌ ചെലവുകള്‍ കൂടി കണക്കിലെടുത്ത്‌ വേണം തിരിച്ചടവ്‌ ആസൂത്രണം ചെയ്യുന്നത്‌. അടിസ്ഥാന ചെലവുകള്‍ക്ക്‌ പുറമെ മറ്റ്‌ വായ്‌പ ചെലവുകളും കൂടി കണക്കിലെടുക്കണം. അടിസ്ഥാന ജീവിത ചെലവുകള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യുകയും സാമ്പത്തിക അച്ചടക്കം ശീലമാക്കുകയും വേണം. 

വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവിന്‌ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം വരെയും അല്ലെങ്കില്‍ ജോലി ലഭിച്ച്‌ ആറ്‌ മാസം വരെയും സാവകാശം ലഭിക്കും. ഈ കാലയളവില്‍ കുറച്ച്‌ തുക ഒരുമിച്ച്‌ കണ്ടെത്തി വായ്‌പ മുന്‍കൂറായി അടയ്‌ക്കാന്‍ ഉപയോഗിക്കാം. പഠന കാലത്ത്‌ കുറച്ച്‌ പലിശ അടയ്‌ക്കുന്നതും ഇഎംഐയില്‍ കുറവ്‌ വരുത്താന്‍ സഹായിക്കും.

വായ്‌പയുടെ വിശദാംശങ്ങള്‍ അറിയുക

വിദ്യാഭ്യാസ വായ്‌പ എടുക്കും മുമ്പ്‌ അതിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും മനസിലാക്കുക. വായ്‌പയുടെ നടപടിക്രമങ്ങള്‍, ആവശ്യമായ രേഖകള്‍, തിരച്ചടിവിനുള്ള അവസരങ്ങള്‍, പലിശനിരക്ക്‌ തുടങ്ങി എല്ലാ വിവരങ്ങളും മനസിലാക്കി വേണം വായ്‌പ തിരഞ്ഞെടുക്കുന്നത്‌. വായ്‌പ എടുത്തത്‌ ഭാവിയില്‍ ബാധ്യത ആകാതിരിക്കാന്‍ ഇതെല്ലാം അറിഞ്ഞിരിക്കണം.

 അധികം കാത്തിരിക്കാതെ ജോലിയില്‍ പ്രവേശിക്കുക

തിരിച്ചടവ്‌ തുടങ്ങാന്‍ വൈകുന്നത്‌ വായ്‌പ ബാധ്യത ഉയര്‍ത്തും. അതിനാല്‍ പഠനം കഴിഞ്ഞ്‌ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരങ്ങള്‍ തേടുക. സ്വപ്‌നം കണ്ട ജോലി കിട്ടുന്നത്‌ വരെ കാത്തിരിക്കുന്നതിന്‌ പകരം കിട്ടുന്ന ജോലിയില്‍ ആദ്യം പ്രവേശിക്കുക. ഇതിനായി ആഗ്രഹങ്ങള്‍ വേണ്ടെന്നു വെക്കേണ്ടതില്ല പകരം സാമ്പത്തിക ബാധ്യതകള്‍ കുറച്ച്‌ പിന്നീട്‌ മികച്ച തയ്യാറെടുപ്പോടെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ശ്രമിക്കുക. വായ്‌പ തിരിച്ചടവിന്‌ ഒരു സ്ഥിര വരുമാനം ഉണ്ടായിരിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌ എന്ന്‌ ഓര്‍ക്കുക. 

ചെലവ്‌ കുറയ്‌ക്കുക

വായ്‌പ വേഗത്തില്‍ തിരിച്ചടയ്‌ക്കുന്നതിന്‌ അതുവരെ തുടര്‍ന്നു വന്ന ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ ചിലപ്പോള്‍ വരുത്തേണ്ടി വരും. അനാവശ്യമായ ജീവിത ചെലവുകള്‍ ഒഴിവാക്കുകയാണ്‌ ആദ്യം വേണ്ടത്‌. ചെയ്യേണ്ട കാര്യങ്ങളില്‍ മുന്‍ഗണനാ ക്രമം നിശ്ചയിക്കുക. അതിന്‌ അനുസരിച്ച്‌ ചെലവഴിക്കുക. മാസത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുക. മികച്ച ആസൂത്രണം അതിന്‌ ആവശ്യമാണ്‌. 

പഠനത്തിന്‌ ഒപ്പം തന്നെ വരുമാനം കണ്ടെത്താനുള്ള അവസരങ്ങള്‍ ഉപയോഗപെടുത്തുക. പഠനത്തെ ബാധിക്കാത്ത തരത്തില്‍ ഇത്‌ മുമ്പോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ വായ്‌പ ഭാരം കുറയ്‌ക്കാന്‍ സഹായിക്കും എന്നു മാത്രമല്ല ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com