ADVERTISEMENT

ബാങ്കുകളില്‍ ജാമ്യം നിന്ന് കുടുങ്ങുന്നവരുടെ ധാരാളം കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാകും. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു കൈ സഹായം എന്ന നിലയില്‍ ഡോക്യുമെന്റുകളില്‍ ഒപ്പിട്ട് കൊടുത്ത് ലക്ഷങ്ങളുടെ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന എത്രയോ ഹതഭാഗ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പലപ്പോഴും സഹായമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഓഫീസിലെയോ നാട്ടിലെയോ സുഹൃത്തുക്കള്‍ക്ക്് വേണ്ടി ചെയ്യുന്നതിനാല്‍ പല കേസിലും വീട്ടുകാരൊട്ടറിയാറുമില്ല. പിന്നീട് ലോണ്‍ അടവ് മുടങ്ങി സ്വന്തം ശമ്പളത്തില്‍ പിടി വീഴുമ്പോഴാണ് ചെയ്ത അബദ്ധത്തിന്റെ ആഴമറിയുന്നത്. അപ്പോഴേക്കും ഊരാക്കുടുക്കില്‍ പെട്ടിട്ടുണ്ടാകും. പലപ്പോഴും ഇത്തരം കേസുകളില്‍ തിരിച്ചടവ് കൃത്യമായി നടക്കാറുണ്ട്. എന്നാല്‍ എണ്ണത്തില്‍ കുറവല്ലാത്ത ചില കേസുകളിലെങ്കിലും ജാമ്യക്കാരന്‍ തൂങ്ങാറുണ്ട്. ഇവിടെ ശ്രദ്ധിച്ചാല്‍ വന്‍ അബദ്ധത്തില്‍ നിന്ന് രക്ഷ നേടാം. കഴിയുന്നതും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത്.ബന്ധങ്ങളും വഷളാകാതിരിക്കും. ഇനി അഥവാ ജാമ്യം നിന്നേ പറ്റു എന്നാണെങ്കില്‍ നിശ്ചയമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ജാമ്യമെന്നാല്‍ ലോണ്‍ എടുക്കുന്നത് പോലെ തന്നെ

ജാമ്യം നില്‍ക്കുന്നത് നമ്മള്‍ ലോണ്‍ എടുക്കുന്നത് പോലെ തന്നെ റിസ്‌കാണ്. ഏതെങ്കിലും കാരണവശാല്‍ വായ്പക്കാരന്‍ കുടിശിഖ വരുത്തിയാല്‍ ഉത്തരവാദി പൂര്‍ണമായും ജാമ്യാക്കാരനായിരിക്കുമെന്ന് അറിയുക. വായ്പ എടുത്തയാള്‍ മരിക്കുകയും വായ്പയ്ക്ക് ഇന്‍ഷൂറന്‍സ് ഇല്ലാതിരിക്കുകയും ചെയ്താല്‍ തിരിച്ചടയക്കേണ്ടത് ജാമ്യക്കാരന്‍ തന്നെ. ചില ബാങ്കുകള്‍ ജാമ്യക്കാരന്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. വായ്പ എടുക്കുന്ന ആളുടെ തിരിച്ചടവ് ശേഷി, എടുക്കുന്ന തുക എന്നിവയെ ആശ്രയിച്ചാണ് പലപ്പോഴും ഇങ്ങനെ ചെയ്യാറുള്ളത്. പല ബാങ്കുകള്‍ക്കും ജാമ്യവ്യവസ്ഥ വ്യത്യസ്ഥമാണ്.

ക്രെഡിറ്റ് സ്‌കോര്‍

ഏതു വായ്പയ്ക്കും ക്രെഡിറ്റ് സ്‌കോര്‍ നോക്കുന്ന കാലമാണിത്. സ്‌കോര്‍ ഇല്ലെങ്കില്‍ വായ്പ മുടങ്ങും. ജാമ്യം നിന്ന വായ്പയുടെ തിരിച്ചടവ് തെറ്റിയാലും മുടങ്ങിയാലും അത് ബാധിക്കുക ജാമ്യക്കാരന്റെ സ്‌കോറിലും കൂടിയായിരിക്കും.

പിന്‍വാങ്ങാനാവില്ല

ഒരിക്കല്‍ ജാമ്യചീട്ടില്‍ ഒപ്പിട്ടാല്‍ പിന്നീട് ഒഴിവാകുക പ്രയാസകരമാണ്. ബാങ്കുകാരും വായ്പ എടുത്ത ആളും ഇതിന് അംഗീകാരം നല്‍കേണ്ടി വരും. പലപ്പോഴും ഇത് അസാധ്യമാണ്. അതുകൊണ്ട് രണ്ട് വട്ടം ആലോചിച്ച് മാത്രം ജാമ്യക്കാരനാവുക.

തിരിച്ചടവ് ശ്രദ്ധിക്കുക

പലപ്പോഴും സൗഹൃദത്തിനിടയിൽ ലോണ്‍ തിരിച്ചടവിന്റെ കാര്യം ജാമ്യക്കാരന്‍ ശ്രദ്ധിക്കാറില്ല. മാസ അടവ് മുടങ്ങുന്നത് ചില കേസുകളെങ്കിലും ജാമ്യക്കാരന്‍ അറിയാറുമില്ല. ബാങ്ക് നോട്ടീസ് കൈപ്പറ്റുമ്പോഴാവും ഇത് അറിയുക. ചില കേസുകളില്‍ തട്ടിപ്പുകാര്‍ പോസ്റ്റ്മാനെ സ്വാധീനിച്ച് നോട്ടീസ് പോലും ജാമ്യക്കാരന് കിട്ടാതെ ശ്രദ്ധിക്കും. ഇത് വലിയ അബദ്ധമാണ്. എപ്പോഴും ഇക്കാര്യത്തില്‍ ശ്രദ്ധ വേണം.  ഈ അടുത്തിടെ കൊച്ചിയില്‍ നടന്ന കുടിയൊഴിപ്പിക്കലിന് പിന്നില്‍ ഈ ചതിയായിരുന്നു. അടവ് മുടങ്ങിയാല്‍ സമയാസമയത്ത് കൃത്യമായി ഇടപെട്ടിരിക്കണം.

ലോണ്‍ തുക കുറയും

ജാമ്യം നില്‍ക്കുന്ന ആള്‍ക്ക്് ലഭിക്കുന്ന പേഴ്‌സണല്‍ ലോണ്‍ അടക്കമുള്ള വായ്പകളുടെ തുക കുറയും.കാരണം ജാമ്യം നില്‍ക്കുക എന്നല്‍ ഒരാളുടെ സാമ്പത്തിക ഉത്തരവാദിത്വം കൂടി എന്നാണ് അര്‍ഥം.

കാര്യങ്ങള്‍ മനസിലാക്കുക

ജാമ്യം നില്‍ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് രേഖകളിലെ കാര്യങ്ങള്‍ വായിച്ച് ബോധ്യപ്പെട്ടിരിക്കണം. ഇനി മറ്റൊന്നു കൂടി, എന്തെങ്കിലും അരുതാത്തത് സംഭവിച്ചാല്‍ തിരിച്ചടവിനുള്ള തുകയില്‍ ഒരു കണ്ണുണ്ടായിരിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com