പണപ്പെരുപ്പം കൂടുന്നു, ആര്‍ ബി ഐ വീണ്ടും വായ്പ നിരക്ക് കുറയ്ക്കുമോ?

HIGHLIGHTS
  • അടുത്ത മാസം അഞ്ചിന് ചേരുന്ന ആര്‍ ബി ഐ യുടെ പണനയസമിതിയുടെ യോഗം നിര്‍ണായകമാകും
INDIA-ECONOMY-INFLATION
SHARE

രാജ്യത്തെ പണപ്പെരുപ്പം ആര്‍ ബി ഐ യുടെ കണക്ക് കൂട്ടലും കടന്ന് പോവുകയാണ്. ഒക്ടോബറില്‍ ചില്ലറ വില സൂചിക 4.62 ശതമാനം ആയി വര്‍ധിച്ചു. ഇതാകട്ടെ കഴിഞ്ഞ 15 മാസത്തെ കൂടിയ നിരക്കാണ്. സെപ്തംബറിലെ ഭക്ഷ്യ വിലക്കയറ്റം 7.89 ശതമാനമാണ്. 26 ശതമാനം പച്ചക്കറി വിലയില്‍ വര്‍ധനയുണ്ടായി. 

പണനയ സമിതി

ഈ സാഹചര്യത്തിലാണ് അടുത്ത മാസം അഞ്ചിന് ചേരുന്ന ആര്‍ ബി ഐ യുടെ പണനയസമിതിയുടെ യോഗം നിര്‍ണായകമാകുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ ആര്‍ ബി ഐ യുടെ പ്രധാന മുന്‍ഗണന ഏതിനായിരിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ അതോ തളര്‍ച്ചയെ പിടിച്ച് കെട്ടുന്നതിനോ? പണപ്പെരുപ്പം നാലു ശതമാനം വരെ ആശ്വാസകരമാണെന്നാണ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയില്‍ വായ്പനയം പരിഗണിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ് ചില്ലറ വിലക്കയറ്റം. വിലക്കയറ്റത്തിന്റെ തോതനുസരിച്ച് പലിശയിനത്തില്‍ വ്യതിയാനങ്ങള്‍ വരുത്തി വിപണിയേലേക്കുള്ള പണമൊഴുക്ക് ക്രമപ്പെടുത്തുകയാണ് ബാങ്ക് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അടുത്ത വായ്പ നയത്തില്‍ വായ്പ നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. 

യാഥാര്‍ഥ്യമായി മാന്ദ്യം

എന്നാല്‍ മുഴുവന്‍ സുചകങ്ങളും സാമ്പത്തിക മാന്ദ്യത്തിന് അടിവരയിടുന്നതാണ്. വ്യാവസായിക ഉത്പാദനം കഴിഞ്ഞ ഏഴു വര്‍ഷത്തെ താഴ്ചയിലാണെന്ന് കഴിഞ്ഞ ദിവസം ആര്‍  ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജിഡിപി വളര്‍ച്ച നിരക്ക് ആദ്യം ആറിലേക്ക് താഴുമെന്നും ഇപ്പോള്‍ അത് അഞ്ചിലും താഴെ പോകാമെന്നുമാണ് അനുമാനം. ഈ സാഹചര്യത്തില്‍ ബാങ്ക്് മുന്തിയ പിരഗണന നല്‍കുക രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് തന്നെയായിരിക്കുമെന്നാണ് വ്യാവസായിക ലോകം വിലയിരുത്തുന്നത്. 

25-50 ബി പി എസ്

വായ്പ നിരക്ക് കുറച്ചാല്‍ അത് വളര്‍ച്ചയ്ക്ക്് ഉത്തേജനമാകും. പക്ഷെ വീണ്ടു പണപ്പെരുപ്പത്തിനിടയാക്കും. അതേസമയം നിരക്ക് കൂട്ടിയാല്‍ പണപ്പെരുപ്പം കുറയും പക്ഷെ സാമ്പത്തിക വളര്‍ച്ച കുറയും.ഈയൊരു വിഷമ വൃത്തത്തിലാണ് രാജ്യത്തെ കേന്ദ്ര ബാങ്ക്. സാമ്പത്തിക തളര്‍ച്ച എന്ന യാഥാര്‍ഥ്യം മുന്നിൽ നില്‍ക്കുമ്പോള്‍ അതിന് പരിഹാരം കാണുക എന്നുള്ളതിനായിരിക്കും ബാങ്ക് പ്രഥമ പരിഗണന നല്‍കുകയെന്നും അതുകൊണ്ട് 25-50 ബേസിസ് പോയിന്‍്‌റ് കണ്ട് നിരക്ക് കുറയ്ക്കുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.അങ്ങനെയെങ്കില്‍ ബാങ്ക് വായ്പകളുടെ പലിശ നിരക്കില്‍ കാല്‍ ശതമാനമെങ്കിലും കുറവ് വന്നേക്കാം. 

നിരക്ക് കുറയ്ക്കൽ വായ്പയില്‍ പ്രതിഫലിക്കുമോ ?

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഇതുവവരെ ആര്‍ ബി ഐ പലഘട്ടങ്ങളിലായി ബാങ്ക് നിരക്കിൽ 135 ബി പി എസ് (100 ബി പി എസ് = 1%) കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ മാസം പത്ത് വര്‍ഷത്തെ താഴ്ന്ന നിരക്കായ 5.15 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് താഴ്ത്തുകയും ചെയ്തു. സാധാരണ നിലയില്‍ വായ്പ പലിശയില്‍ ആര്‍ ബി ഐ വരുത്തുന്ന കുറവ് താഴെ തട്ടിലേക്ക് കൈമാറണമെന്നുണ്ടെങ്കിലും പലപ്പോഴും അതേ അര്‍ഥത്തില്‍ അതുണ്ടാവാറില്ല. ഈ വര്‍ഷം മാത്രം 1.35 ശതമനം നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ അത് മുഴവന്‍ ഭവന വായ്പയിലോ വാഹന വായ്പയിലേ പ്രതിഫലിക്കുന്നില്ല. നിലവില്‍ 8.25 മുതലാണ് വിവിധ ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്ക്. ചില ബാങ്കുകളില്‍ ഇത് ഒന്‍പത് ശതമാനത്തിനും മുകളിലാണ്. ഫിക്‌സഡ്  ഡിപ്പോസിറ്റുകള്‍ക്ക് നല്‍കേണ്ടുന്ന ഉയര്‍ന്ന പലിശ നിരക്കാണ് പ്രധാനകാരണമായി ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA