ADVERTISEMENT

രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐയുടെ പുതിയ ചട്ടങ്ങള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലായി. ഇടപാടുകാര്‍ക്ക് അനുകൂലമായ ചട്ടങ്ങളായതിനാല്‍ നിശ്ചയമായും ഇതിനെ കുറിച്ച് അക്കൗണ്ടുടമകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് എസ് ബി ഐ കൊണ്ടു വരുന്നത്. ഇതില്‍ രണ്ടെണ്ണം പണമിടപാടുകളിലെ വര്‍ധിച്ചുവരുന്ന സുരക്ഷ ആശങ്കകള്‍ക്ക് പരിഹാരമെന്ന നിലയിലാണെങ്കില്‍ ഒന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകന്ന് നില്‍ക്കുന്ന ഇടപാകാരെ ബാങ്കിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയാണ്.

ഭവന വായ്പാ പലിശ കുറയും

പുതുവര്‍ഷത്തില്‍ പുതുക്കിയ പലിശ നിരക്കുമായിട്ടാണ്  രാജ്യത്തെ വലിയ ബാങ്കായ എസ് ബി ഐ ഇടപാടുകാരിലേക്ക് എത്തുന്നത്. ജനുവരി ഒന്നുമുതല്‍ എക്സ്റ്റേണല്‍ ബഞ്ച് മാര്‍ക്ക് അധിഷ്ഠിത ലോണുകള്‍ക്കെല്ലാം പലിശ നിരക്ക് നിലവിലെ 8.05 ശതമാനത്തില്‍ നിന്ന് 7.8 ശതമാനത്തിലേക്ക് താഴും. ഈ അടിസ്ഥാനത്തില്‍ വായ്പയെടുത്തിട്ടുള്ള എം എസ് എം ഇ (സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) ലോണുകളുടെ പലിശയും 25 ബേസിസ് പോയിന്റ് കുറയും. അതായത് കാല്‍ ശതമാനം. പുതു വര്‍ഷത്തിലെടുക്കുന്ന പുതിയ ലോണുകള്‍ക്ക് പലിശ നിരക്ക് 7.9 ശതമാനമായിരിക്കും തുടക്കം. നിലവില്‍ ഇത് 8.15 ശതമാനമാണ്. നേരത്തെ എം സി എല്‍ ആര്‍ അധിഷ്ഠിത നിരക്കില്‍ എസ് ബി ഐ 10 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. ഡിസംബര്‍ 10 മുതല്‍ ആ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഈ സാമ്പത്തിക വര്‍ഷം എട്ട് പ്രാവശ്യമാണ് എം സി എല്‍ ആറില്‍ ബാങ്ക് കുറവ് വരുത്തിയത്.

ഒടിപി അധിഷ്ഠിത എടിഎം

എടിഎം ഇടപാട് കുറ്റമറ്റതാക്കാന്‍ ഒടിപി(വണ്‍ ടൈം പാസ് വേര്‍ഡ്) സംവിധാനമാണ് രാജ്യത്തെ മുന്‍നിര ബാങ്ക് ഏര്‍പ്പെടുത്തുന്നത്. അതായത് കാര്‍ഡ് ഉപയോഗിച്ച് എടിഎം ല്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കേണ്ടി വരും. ഒടിപി അധിഷ്ഠിതമാണ് പണം പിന്‍വലിക്കലെങ്കില്‍ ഹാക്കര്‍മാര്‍ക്ക്് പണി എളുപ്പമല്ല. അക്കൗണ്ടുടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കിയാലല്ലാതെ പണം പിന്‍വലിക്കാനാവില്ല എന്നതിനാല്‍ ഇവിടെ ഉടമ അറിയാതെയുള്ള ഇടപാട് അസാധ്യമാണ്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെമ്പാടുമുള്ള ബാങ്കിന്റെ എ ടി എമുകളില്‍ ഈ സംവിധാനം നിലവില്‍ വരും. 10000 രൂപയ്ക്ക്് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും ഈ സുരക്ഷാ വല. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പരിരക്ഷ ലഭിക്കില്ല. ആ നിലയ്ക്ക് ഹാക്കര്‍മാര്‍ക്ക് സാധ്യത അവശേഷിക്കുന്നതനാല്‍ എല്ലാ ബാങ്കുകളും ഈ സംവിധാനം ഭാവിയില്‍ കൊണ്ടുവന്നേയ്ക്കും.

എന്തു ചെയ്യണം

പുതിയ സംവിധാനത്തില്‍ പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ കാര്‍ഡ് നിക്ഷേപിച്ചതിന് ശേഷം ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അടിച്ച് കൊടുത്ത് പണം കൈപ്പറ്റാം. ഫോണ്‍ കൈയ്യിലുണ്ടെന്നും സ്വിച്ച് ഓഫ് അല്ലെന്നും ഇടപാടുകാരന്‍ ഉറപ്പു വരുത്തണം.

ഇ എം വി ചിപ്പ് കാര്‍ഡ്

കൂടുതല്‍ സുരക്ഷയുള്ള ഇഎം വി ചിപ്പ് അധിഷ്ഠിത ഡെബിറ്റ് കാര്‍ഡിലേക്ക്് മാറാത്ത ഇടപാടുകാര്‍ക്ക് ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കാനാവില്ല. നിലവിലുള്ള മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ അധിക സുരക്ഷയുള്ള ഇഎംവി ലേക്കു മാറ്റണമെന്ന് എല്ലാ ബാങ്കുകളും നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ഭൂരിഭാഗം ഉപയോക്താക്കളും പുതിയ കാര്‍ഡ് എടുക്കുകയും ചെയ്തിരുന്നു.   ഇടപാടുകാര്‍ക്ക് ഉറപ്പുള്ള പരിരക്ഷയും ഓണ്‍ലൈന്‍ പേയ്‌മെന്റിനടക്കം കൂടുതല്‍ സൂരക്ഷാ വലയങ്ങളും സംവിധാനം ചെയ്തിട്ടുള്ളതാണ് ഇഎംവി കാര്‍ഡുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com