ജോയിന്റ് അക്കൗണ്ടുടമകളിൽ ഒരാൾ മരിച്ചു പോയാൽ

HIGHLIGHTS
  • എത്ര പേര്‍ ചേര്‍ന്ന് അക്കൗണ്ട് തുറക്കാം എന്ന് റിസര്‍വ് ബാങ്ക് പരിധി വച്ചിട്ടില്ല
sigining
SHARE

ഭാര്യയുടേയും ഭര്‍ത്താവിന്റെയും പേരില്‍, മൈനര്‍ ആയ കുട്ടികളുടേയും രക്ഷിതാക്കളുടേയും പേരില്‍, സുഹൃത്തുക്കളുടെ പേരില്‍ എന്നിങ്ങനെ ജോയിന്റ് ആയി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും തുടങ്ങേണ്ടി വരിക സാധാരണം. ഒന്നിലധികം പേരുകള്‍ ചേര്‍ത്ത് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ എളുപ്പമാണെങ്കിലും നടത്തിപ്പില്‍ ചില കടമ്പകളൊക്കെ ഉണ്ട്. ഒറ്റയ്ക്കുള്ള അക്കൗണ്ടുകളെ അപേക്ഷിച്ച് ജോയിന്റ് അക്കൗണ്ടുകള്‍ക്ക് പലതരത്തിലുള്ള പ്രത്യേകതകളുണ്ട്. 

ഒന്നിലധികം രീതികള്‍

ജോയിന്റ് അക്കൗണ്ടുകളില്‍ ഒന്നിലധികം വ്യക്തികള്‍ ഉള്ളതിനാല്‍ അവരില്‍ ഒരാളെ ബാക്കിയുള്ളവരെല്ലാം കൂടി ഇടപാടുകള്‍ നടത്താന്‍ ചുമതലപ്പെടുത്തുന്നു.  അക്കൗണ്ട് ഉടമകളില്‍ ആര്‍ക്ക് വേണമെങ്കിലും ഇടപാടുകള്‍ നടത്തുന്ന രീതിയില്‍ തുടങ്ങുന്നവയെ 'എയ്തര്‍ ഓര്‍ സര്‍വൈവര്‍' എന്നറിയപ്പെടുന്നു. ആദ്യത്തെ പേരുകാരനാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ 'ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍' എന്നും അവസാനത്തെ പേരുകാരന് അധികാരം നല്‍കിക്കൊണ്ട് 'ലാറ്റര്‍ ഓര്‍ സര്‍വൈവര്‍' എന്ന രീതിയിലും അക്കൗണ്ടുകള്‍ തുടങ്ങാം. അക്കൗണ്ട് ഉടമകളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്ന പേരുകാരന് തുടര്‍ന്നും അക്കൗണ്ട് നടത്തിക്കൊണ്ട് പോകാവുന്നതുമാണ്. 

ഉത്തരവാദിത്തം ആര്‍ക്ക്?

അക്കൗണ്ടില്‍ പേരുള്ളവരാണ് അക്കൗണ്ട് ഉടമകള്‍. ജോയിന്റ് അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇടപാടുകളുടെ ഉത്തരവാദിത്തം ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും അക്കൗണ്ടില്‍ പേരുള്ള എല്ലാവര്‍ക്കും കൂടിയാണ്. ജോയിന്റ് അക്കൗണ്ടുകളില്‍ ഉടമകള്‍ അല്ലാത്ത ഒരാളെ നോമിനിയായി നിര്‍ദ്ദേശിക്കാവുന്നതാണ്. അക്കൗണ്ട് ഉടമകളില്‍ എല്ലാവരുടേയും മരണശേഷം മാത്രമേ തുക നോമിനിയ്ക്ക് ലഭിയ്ക്കുകയുള്ളൂ.  

വട്ടമെത്തിയ നിക്ഷേപം

ജോയിന്റ് നിക്ഷേപങ്ങള്‍ തിരികെ വാങ്ങുന്നതിന് മുമ്പ് ഉടമകളില്‍ ഒരാള്‍ മരണമടഞ്ഞാല്‍ ആര്‍ക്ക് നിക്ഷേപം മടക്കി കൊടുക്കണം എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി എത്തിയശേഷം മാത്രമാണ്  നിക്ഷേപം തിരികെ ആവശ്യപ്പെടുന്നതെങ്കില്‍ അക്കൗണ്ട് ഉടമകളില്‍ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് പണം സ്വീകരിക്കാന്‍ വിഷമമില്ല. അക്കൗണ്ട് തുടങ്ങിയിട്ടുള്ള രീതി അനുസരിച്ച് ആദ്യ പേരുകാരന്‍, അവസാനത്തെ പേരുകാരന്‍, പേരുള്ളവരില്‍ ആരെങ്കിലും ഒപ്പിട്ട് നല്‍കിയാല്‍ മതിയാകും. എന്നിരിക്കിലും അക്കൗണ്ട് ഉടമകളില്‍ മരണമടഞ്ഞവരുടെ അനന്തരാവകാശികള്‍ക്ക് കൂടി ആനുപാതികമായ വിഹിതം നല്‍കാന്‍ പണം സ്വീകരിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 

മുന്‍കൂര്‍ പിന്‍വലിക്കാന്‍

ജോയിന്റ് അക്കൗണ്ട് ആയി തുടങ്ങിയ നിക്ഷേപങ്ങള്‍ കാലാവധി എത്തുംമുമ്പ് പിന്‍വലിക്കാന്‍ എല്ലാ അക്കൗണ്ട് ഉടമകളുടെയും ഒപ്പ് ആവശ്യമാണ്. അക്കൗണ്ട് ഉടമകളില്‍ ആരെങ്കിലും മരണമടഞ്ഞാല്‍ നിക്ഷേപം കാലാവധി എത്തുന്നതിനുമുമ്പ് പിന്‍വലിക്കാന്‍ ഇക്കാരണത്താല്‍ ജീവിച്ചിരിക്കുന്ന ഉടമകളോടൊപ്പം മരണമടഞ്ഞ വ്യക്തിയുടെ അനന്തരാവകാശികളും ഒപ്പിട്ട് നല്‍കേണ്ടി വരുന്നു. ചില ബാങ്കുകളെങ്കിലും അക്കൗണ്ടില്‍ ഇടപാട് നടത്താന്‍ ചുമതലപ്പെടുത്തിയതോ ജീവിച്ചിരിക്കുന്നതോ ആയ ഉടമകള്‍ക്ക് മുന്‍കൂറായി പണം പിന്‍വലിക്കാനും അധികാരം നല്‍കുന്ന വാചകങ്ങള്‍ അക്കൗണ്ട് തുറക്കുന്ന ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് റിസര്‍വ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിക്ഷേപം നടത്തുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം.

പരമാവധി എത്ര പേര്‍

പരമാവധി എത്ര പേര്‍ ചേര്‍ന്ന് അക്കൗണ്ട് തുറക്കാം എന്ന് റിസര്‍വ് ബാങ്ക് പരിധി വച്ചിട്ടില്ല. പല ബാങ്കുകളിലും ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നത് പരമാവധി നാല് പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജോയിന്റ് ആയി തുടങ്ങിയ നിക്ഷേപങ്ങളില്‍ ആരുടേയെങ്കിലും പേര് കൂട്ടിചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ അക്കൗണ്ടില്‍ പേരുള്ള എല്ലാവരും അംഗീകരിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA