ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുമോ?

HIGHLIGHTS
  • ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുക
bank-acount
SHARE

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വര്‍ധിച്ചതോടെ അവര്‍ ഇടപാട് നടത്തുന്ന ബാങ്കുകളുടെയും എണ്ണം കൂടി. ഭവനവായ്പ, വാഹന വായ്പ,പേഴ്‌സണല്‍ വായ്പ, സര്‍ക്കാരിന്റെ സബ്‌സിഡി വായ്പ,ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ ഇടപാടുകള്‍ പലിശ നിരക്കിലെ കുറവും മറ്റാനുകൂല്യങ്ങളും പരിഗണിച്ച് വ്യത്യസ്ത ബാങ്കുകളിലാവും ഒരേ ഇടപാടുകാര്‍ നിലനിര്‍ത്തുക. കൂടാതെ ശമ്പള അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിലുമായിരിക്കും. ചില അക്കൗണ്ടുകള്‍ ചില ചെക്കുകള്‍ മാറിയെടുക്കുന്നതിന് മാത്രം തുറന്ന് പിന്നെ തിരിഞ്ഞ്നോക്കാത്തവയായിരിക്കും.

വായ്പ തീര്‍ന്നാല്‍  അക്കൗണ്ട് നിലനിര്‍ത്തണമോ?

ഇതിനിടയിലായിരിക്കും കാര്‍ വായ്പ/ പേഴ്‌സണല്‍ വായ്പ അവസാനിക്കുന്നത്.  അതേ ബാങ്ക് 10 വര്‍ഷം മുമ്പ് കാര്‍ വാങ്ങിയപ്പോള്‍ ചുമത്തിയതിലും ഒന്നോ രണ്ടോ ശതമാനം അധിക നിരക്കിലായിരിക്കും ഇപ്പോള്‍ വാഹന വായ്പ നല്‍കുക.അപ്പോള്‍ സ്വാഭാവികമായും അതേ ഇടപാടുകാരന്‍ പലിശ കുറഞ്ഞ മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുറന്ന് വായ്പ എടുക്കും.

പണം പോകുന്ന വഴി

പല അക്കൗണ്ടുകള്‍ ഒരേ സമയം നിലനിര്‍ത്തുന്നത് തലവേദനയാണ്. ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതാണ് ബുദ്ധി. കാരണം പല ബാങ്കുകളും ഇന്ന് മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കാറുണ്ട്. ഉദാഹരണത്തിന് എസ് ബി ഐ സേവിംഗ്‌സ് അക്കൗണ്ടിന്  മെട്രോ നഗരത്തില്‍ 3,000, ചെറു നഗരത്തില്‍ 2,000 ഗ്രാമത്തില്‍ 1,000 രൂപ എന്നിങ്ങനെ മിനിമം ബാലന്‍സ് നിഷ്‌കര്‍ഷിക്കാറുണ്ട്. ഇനി ഇത് നില നിര്‍ത്തിയില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും എന്ന് മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും.വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിലൂടെ എന്തെങ്കിലും ഇടപാട് പിന്നീട് നടത്തിയാല്‍ ഈ തുകയെല്ലാം ബാങ്ക് 'വലിക്കും'.

ക്ലോസ് ചെയ്യാനുള്ള ചെലവ്

അക്കൗണ്ട് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിച്ചാല്‍ എല്ലാ ബാങ്കുകളും ഫീസ് ഇടാക്കാറുണ്ട്. ഓരോ ബാങ്കിനും വ്യത്യസ്തങ്ങളായ തുക ഇൗടാക്കാന്‍ അനുവാദമുണ്ട്. സാധാരണ നിലയില്‍ ഇത് 200 മുതല്‍ 1000 വരെയാണ്. ഉദാഹരണത്തിന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 200 രൂപയാണെങ്കില്‍ ഇക്കാലയളവിലുള്ള അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് എസ് ബി ഐ ഈടാക്കുന്ന തുക 500 രൂപയും ജി എസ് ടിയുമാണ്. ഇതൊക്കെയാണെങ്കിലും ചുരുക്കം ചില ബാങ്കുകള്‍ ഇതിന് ഫീസ് ഇൗടാക്കാറുമില്ല.

എന്തു ചെയ്യണം

അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ബന്ധപ്പെട്ട ബാങ്കില്‍ ക്ലോഷര്‍ ഫോം പൂരിപ്പിച്ച് നല്‍കണം. അതിന് മുമ്പ് ഈ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ പെയ്‌മെന്റും ഇ എം ഐ, ഊബര്‍ അങ്ങനെയെല്ലാം അവസാനിപ്പിക്കണം. ഇതിന് പകരം പണം കൈമാറാന്‍ മറ്റൊരു അക്കൗണ്ട് നല്‍കണം.

കാര്‍ഡുകളും ചെക്ക് ബുക്കും

ക്രെഡിറ്റ്്,ഡെബിറ്റ് കാര്‍ഡ്,ചെക്ക് ബുക്ക്, പാസ് ബുക്ക് ഇവ ക്ലോഷര്‍ ഫോമിനൊപ്പം നല്‍കണം. എല്ലാ ബാങ്കുകളുടെയും വെബ്‌സൈറ്റില്‍ നിന്ന് അക്കൗണ്ട് ക്ലോഷര്‍ ഫോം ലഭിക്കും. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ബന്ധപ്പെട്ടവരുടെ എല്ലാം അനുമതിയോടെ വേണം ക്ലോഷര്‍ ഫോം സമര്‍പ്പിക്കാന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA