ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ സേവനങ്ങൾ സ്വയം തെരഞ്ഞടുക്കാം

HIGHLIGHTS
  • സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ് പുതിയ പരിഷ്ക്കാരം
banking-with-atm 1 845
SHARE

ഡെബിറ്റ് കാര്‍ഡുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുമായി ആര്‍ബിഐയുടെ പുതിയ നിയമങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രാജ്യത്ത് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവും പല മടങ്ങ് ഉയര്‍ന്നിട്ടുണ്ട്.അതിനാല്‍ ഉപയോക്താക്കളുടെ  സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ഡ് ഇടപാടുകളുടെ സുരക്ഷ ഉയര്‍ത്തുന്നതിനുമായാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ആര്‍ബിഐ അറിയിച്ചു. ഈ പുതിയ നിയമങ്ങള്‍ മാര്‍ച്ച് 16 മുതല്‍ പ്രാബല്യത്തിലാകും. പഴയ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളില്‍ ഏതെങ്കിലും പ്രവര്‍ത്തന രഹിതമാക്കണോ എന്ന് തീരുമാനിക്കാം. 

പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ 

1. കാര്‍ഡ് ഇഷ്യു  / റീഇഷ്യു ചെയ്യുമ്പോള്‍ എടിഎമ്മുകളിലും പോസ് ടെര്‍മിനലുകളിലും ആഭ്യന്തര ഇടപാടുകള്‍ക്കു മാത്രമേ അനുവാദമുണ്ടാകു 

2. അന്താരാഷ്ട്ര ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കാര്‍ഡ് നിലവില്‍ ഇല്ലാത്ത ഇടപാടുകള്‍, കോണ്‍ടാക്ട്‌ലെസ്സ് ഇടപാടുകള്‍ എന്നിവയ്ക്ക് വേണ്ടി ഉപയോക്താക്കള്‍ കാര്‍ഡില്‍ പ്രത്യേകമായി സേവനങ്ങള്‍  സജ്ജീകരിക്കണം. 

3. നിലവിലെ ഈ സേവനങ്ങള്‍ ഏതെങ്കിലും  പ്രവര്‍ത്തന രഹിതമാക്കണോ എന്ന് പഴയ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് തീരുമാനിക്കാം.

4. നിലവിലെ കാര്‍ഡുകള്‍ക്ക് , നഷ്ടസാധ്യത അടിസ്ഥാനമാക്കി കാര്‍ഡ് നിലവില്‍ ഇല്ലാത്ത ഇടപാടുകള്‍ ( ആഭ്യന്തരം, അന്തരാഷ്ട്രം ) അന്താരാഷ്ട്ര ഇടപാടുകള്‍, കോണ്‍ടാക്ട്‌ലെസ്സ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കണോ എന്ന് തീരുമാനം എടുക്കുന്നത് ഇഷ്യു ചെയ്യുന്നവരാണ് . 

5. നിലവിലുള്ള കാര്‍ഡുകള്‍ ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍/ അന്താരാഷ്ട്ര ഇടപാടുകള്‍/ കോണ്‍ടാക്ട്‌ലെസ്സ് ഇടപാടുകള്‍ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടില്ല എങ്കില്‍ ഈ കാര്‍ഡുകളില്‍ ഇനി മുതല്‍  ഈ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാകും. 

6. മൊബൈല്‍ ആപ്ലിക്കേഷന്‍/ ഇന്റര്‍നെറ്റ് ബാങ്കിങ്/ എടിഎം/ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് ( ഐവിആര്‍) തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് എല്ലാ ദിവസവും 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകും. ഏത് സമയത്തും ഇടപാടുകളുടെ പരിധിയില്‍ മാറ്റം വരുത്താനും കഴിയും. 

7. കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ ആഭ്യന്തരം, അന്താരാഷ്ട്രം , പോസ്, എടിഎം, ഓണ്‍ലൈന്‍ തുടങ്ങി എല്ലാത്തരം ഇടപാടുകള്‍ക്കും വേണ്ടി  ഇടപാടുകളുടെ പരിധി  സ്വിച്ച് ഓണ്‍/ഓഫ്  ചെയ്യാനും മാറ്റം വരുത്താനും  ഉള്ള സൗകര്യങ്ങള്‍  എല്ലാ കാര്‍ഡ് ഉപയോക്താക്കള്‍ക്കും  ലഭ്യമാക്കണം. 

8. പ്രീപെയ്ഡ് ഗിഫ്റ്റ് കാര്‍ഡുകള്‍ക്കും  മാസ്സ് ട്രാന്‍സിസ്റ്റ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ഈ വ്യവസ്ഥകള്‍  നിര്‍ബന്ധമായിരിക്കില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA