ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം ഇന്‍ഷൂറന്‍സ് പരിരക്ഷ, വര്‍ധിച്ച പ്രീമിയം ആര് നല്‍കും?

HIGHLIGHTS
  • അധിക ബാധ്യത ബാങ്കുകള്‍ വഹിക്കണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നൽകുന്നത്
SHARE

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്തിയത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിച്ചേക്കും. ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായിട്ടാണ് ബജറ്റില്‍ നിക്ഷേപങ്ങളുടെ പരിരക്ഷ ഉയര്‍ത്തിയത്. ഇതുമൂലം പ്രീമിയത്തില്‍ ഉണ്ടാകുന്ന വര്‍ധന ഏകദേശം 28,400 കോടി രൂപ വരും. കൂടുന്ന പ്രീമിയം നിക്ഷേപകരിലേക്ക് കൈമാറാനുള്ള സാധ്യത ആരായാമെങ്കിലും സര്‍ക്കാര്‍ ഇത് പാടില്ലെന്ന് ഇതിനകം തന്നെ സൂചന നല്‍കിയിട്ടുണ്ട്.

ലാഭക്ഷമത കുറയ്ക്കും

ഇത് ബാങ്കുകളുടെ ലാഭക്ഷമതയില്‍ രണ്ട് ശതമാനം വരെ കുറവ് വരുത്തിയേക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. കൂടുതല്‍ അക്കൗണ്ടുകളും എണ്ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളുമുള്ള പൊതുമേഖലാ ബാങ്കുകളെ ആയിരിക്കും ഇത് കുടുതല്‍ ബാധിക്കുക. നിലവില്‍ 100 രൂപയ്ക്ക് 10 പൈസ നിരക്കിലാണ് ബാങ്കുകള്‍ പ്രീമിയം ഈടാക്കുന്നത്. 2005 ലാണ് ഇത് എട്ട് പൈസയില്‍ നിന്ന് 10 ആക്കി ഉയര്‍ത്തിയത്. പരിരക്ഷ 500,000 ആക്കുന്നതോടെ പരമാവധി രണ്ടോ മൂന്നോ പൈസയുടെ വ്യത്യാസമേ വരു എന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന. അതുകൊണ്ട് ഇത് ബാങ്കുകള്‍ തന്നെ വഹിക്കണമെന്നുമാണ് സന്ദേശം. ആര്‍ ബി ഐ യുടെ തന്നെ വിഭാഗമായ ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല.

അധിക ബാധ്യത ആരു വഹിക്കും?

അധിക ബാധ്യത ബാങ്കുകള്‍ വഹിക്കണമെന്ന സന്ദേശമാണ് ബജറ്റിന് ശേഷം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ബാധ്യത നിക്ഷേപകരിലേക്ക് പകരാന്‍ ബാങ്കുകള്‍ ശ്രമം നടത്തിയേക്കും. ആര്‍ ബി ഐ യുടെ കണക്കനുസരിച്ച് രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ 61 ശതമാനവും ഒരു ലക്ഷത്തിന് താഴെയുള്ളതാണ്. 70 ശതമാനം രണ്ട് ലക്ഷത്തിന് താഴെയുള്ളതാണ്. 15 ലക്ഷത്തിന് താഴെയുള്ള അക്കൗണ്ട് 98.2 ശതമാനം വരും. ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കവറേജ് തുക താരതമ്യേന കുറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍,വിദേശ ബാങ്കുകളുടെ  ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍, പ്രാദേശിക ബാങ്കുകള്‍, ആര്‍ ആര്‍ ബി തുടങ്ങിയവയിലെ ഡിപ്പോസിറ്റുകളാണ് ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നത്.

മഹാരാഷ്ട്രയിലെ 11,000 കോടി നിക്ഷേപമുള്ള പി എം സി (പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട കോ ഓപ്പറേറ്റീവ് ബാങ്ക്)  ബാങ്ക് കടക്കെണിയിലായതോടൊണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളടക്കമുള്ളവയുടെ നിക്ഷേപ ഇന്‍ഷൂറന്‍സ് സജീവ ചര്‍ച്ചയായത്. നിക്ഷേപത്തിന് നിലവിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ കൂട്ടണമെന്ന ചര്‍ച്ചകള്‍ ബാങ്കിങ് രംഗത്ത് സജീവമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA