sections
MORE

ബാങ്കുമായുള്ള തര്‍ക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കരുത്

HIGHLIGHTS
  • ആറ് മാസത്തിലൊരിക്കില്‍ സ്‌കോര്‍ പരിശോധിക്കുക
Credit-Card-report
SHARE

വായ്പയ്ക്കുള്ള പ്രഥമ പരിഗണന മികച്ച് ക്രെഡിറ്റ് സ്‌കോര്‍ തന്നെയാണ്. ഇം എം ഐ തിരിച്ചടവില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കുന്നതുകൊണ്ട് മാത്രം ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാവണമെന്നില്ല. തിരിച്ചടവിലെ കൃത്യത സംബന്ധിച്ച വിവരങ്ങള്‍ പിഴവില്ലാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. കാരണം ബാങ്കിന് പറ്റുന്ന ഈ ചെറിയ വീഴ്ചയുടെ ഇരയാവുന്നത് പലപ്പോഴും ഇടപാടുകാരായിരിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വായ്പയ്ക്കായി സമീപിക്കുമ്പോഴായിരിക്കും താഴ്ന്ന സ്‌കോര്‍ ചൂണ്ടിക്കാണിച്ച് ബാങ്ക് വായ്പ നിരസിക്കുക. വിവിധങ്ങളായ വായ്പകളുടെ അടവ് തീരുന്ന മുറയ്ക്ക് നിശ്ചയമായും സ്‌കോറില്‍ അത് വരവ് വച്ചു എന്നുറപ്പു വരുത്തേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയാണ്. അല്ലെങ്കില്‍ ആറ് മാസത്തിലൊരിക്കല്‍ സ്‌കോര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഇനി ബാങ്കിന്റെ വീഴ്ച കൊണ്ട് എതെങ്കിലും എന്‍ട്രി ചേര്‍ക്കാതെ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി സ്‌കോര്‍ നില ഭദ്രമാക്കണം. ഓര്‍ക്കുക വായ്പ ലഭിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണ്. ബാങ്കിന്റേതല്ല. ഇനി ആണെങ്കില്‍ പോലും മികച്ച സ്‌കോറില്‍ ചുരുങ്ങിയ പലിശയ്ക്ക് ലഭിക്കേണ്ട വായ്പ നിങ്ങളുടേതല്ലാത്ത കാരണത്താല്‍ കൂടിയ പലിശ നല്‍കി വാങ്ങേണ്ടി വരും.

ബാങ്കുമായി തര്‍ക്കമുണ്ടായാല്‍

ബാങ്കുമായി നിരന്തരം സാമ്പത്തിക ഇടപാടുകള്‍ നടക്കുമ്പോള്‍ പല തരത്തിലുള്ള ആശയകുഴപ്പങ്ങള്‍ക്കും ഇത് കാരണമാകും. ഉപഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തെ വീഴ്ച കൊണ്ട് ഇത് സംഭവിക്കാം. അങ്ങനെ വന്നാല്‍ ചിലപ്പോഴെല്ലാം പണമടവ് മുടങ്ങിയേക്കാം അല്ലെങ്കില്‍ പ്രശ്‌നത്തില്‍ വ്യക്തത വരുന്നതു വരെ തര്‍ക്കത്തില്‍ പെട്ട തുകയുടെ കാര്യം അനിശ്ചിതത്വത്തിലായേക്കാം. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഇത് നിയമനടപടിയിലേക്ക് നീങ്ങാനും ഇടയുണ്ട്.

എത്രയും വേഗം ഇടപെടുക

ബാങ്കുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഇടപാടുകളില്‍ പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ ആധികാരികമാല്ലാത്ത പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ താമസം വിന അത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്ത് റസിറ്റും പരാതി സമര്‍പ്പിച്ചതിനുള്ള റഫറന്‍സ് ഐ ഡിയും സ്വന്തമാക്കുക. ക്രമക്കേടില്‍ ബാങ്ക് നല്‍കുന്ന വിശദീകരണം മതിയായതല്ലെങ്കില്‍ ഉപഭോക്തൃ ഫോറത്തിലോ ബാങ്കിംഗ് ഓംബുഡ്‌സ്മാനോ പരാതി നല്‍കാം. കഴിയുന്നതും ഫോണ്‍ വിളികള്‍ക്ക് പകരം ഈ മെയിലിലൂടെ ബന്ധപ്പെടുക. അതിന്റെ തെളിവുകള്‍ സൂക്ഷിക്കുക. ഇത് പിന്നീട് ഗുണം ചെയ്യും.

ആദ്യം പണമടയ്ക്കാം, പിന്നീട് തിരികെ വാങ്ങാം


ഇനി പണവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങളായതിനാല്‍ വിഷയം അവസാനിക്കട്ടെ എന്നിട്ട് തര്‍ക്കത്തില്‍ പെട്ട പണം നല്‍കാമെന്നായിരിക്കും നമ്മള്‍ കരുതുക. ഇത് പക്ഷെ പലപ്പോഴും നീണ്ടു പോയേക്കാം. വര്‍ഷങ്ങള്‍ തന്നെ ഒരു പക്ഷെ എടുത്തേക്കാവുന്ന ഈ നടപടി ക്രെഡിറ്റ് സ്‌കോറിലും പ്രതിഫലിക്കും. അതുകൊണ്ട് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ആദ്യം പണമടയ്ക്കുക. പിന്നീട് കേസുമായി മുന്നോട്ട് പോവുക. വിധി അനുകൂലമാണെങ്കില്‍ പണം ബാങ്കുകള്‍ അക്കൗണ്ടിലേക്ക് കൈമാറും. ഇതാണ് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതിരിക്കാനുള്ള ഏറ്റവും പ്രായോഗിക വഴി. എന്നാല്‍ തുക വലുതാണെങ്കില്‍ ഇതിന് ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളില്‍ രണ്ടും താരതമ്യം ചെയ്ത് കൂടുതല്‍ പ്രായോഗികമായ തീരുമാനത്തില്‍ എത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA