ADVERTISEMENT

പലിശയെടുത്ത് ചെലവ് നടത്താമെന്ന് കരുതിയാണ് പെന്‍ഷന്‍കാരുള്‍പ്പെടെ തങ്ങളുടെ ജീവിത സമ്പാദ്യങ്ങള്‍ ബാങ്കില്‍ നിക്ഷേപമായി ഇടുന്നത്. സ്വല്പം കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കുകളിലേയ്ക്ക് നിക്ഷേപങ്ങള്‍ മാറ്റുന്നത് സ്വാഭാവികം. ഇതിനിടയിലാണ് ബാങ്ക് പൂട്ടിപ്പോയാല്‍ എന്ത് ചെയ്യും എന്ന ടെന്‍ഷന്‍. ബാങ്ക് നിക്ഷേപകര്‍ക്ക് ഇനി കൂളായി ഇരിക്കാം. ബാങ്കുകള്‍ക്ക് നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ സാധിക്കാതെ വന്നാല്‍ നിക്ഷേപ ഇന്‍ഷുറന്‍സ് പ്രകാരം പരിഹാരമായി നല്‍കുന്ന തുക ഒരുലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തിയിരിക്കുന്നു. 

എല്ലാ ബാങ്കുകളിലും 

നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ള എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ശാഖകളിലും ഇടുന്ന നിക്ഷേപങ്ങള്‍ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരും. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍, റിജീയണല്‍ റൂറല്‍ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, കേരള ബാങ്ക് തുടങ്ങിയ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ശാഖകളിലെ നിക്ഷേപങ്ങള്‍ക്കാണ് സംരക്ഷണം ലഭിക്കുക. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമല്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള കോപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി സ്‌കീമിന്റെ ഒന്നരലക്ഷം രൂപാ വരെയുള്ള പ്രത്യേക പരിരക്ഷ ലഭിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.

എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും

സേവിംഗ്‌സ് ബാങ്ക്, സ്ഥിരനിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിങ്ങനെ എല്ലാത്തരം ബാങ്ക് നിക്ഷേപങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും. മുതലും പലിശ ഉള്‍പ്പെടെ നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കാനുള്ള തുകയാണ് കണക്കാക്കുക. ഒരാള്‍ക്ക് ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളിലുള്ള നിക്ഷേപങ്ങള്‍ എല്ലാം കൂടി കണക്കാക്കുന്നതാണ് പരമാവധി തുക. വ്യത്യസ്ത ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പ്രത്യേകമായി കണക്കാക്കും.

നഷ്ടപരിഹാരം എപ്പോള്‍

ബാങ്കുകള്‍ നഷ്ടത്തിലാണെങ്കിലും പ്രവര്‍ത്തനം തുടരുന്ന സന്ദര്‍ഭങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയില്ല. നടത്തിപ്പിലെ പിഴവുകളും വൈകല്യങ്ങളും മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന ഘട്ടങ്ങളിലാണ് നിക്ഷേപകര്‍ക്ക് സംരക്ഷണം ലഭിക്കുക. മറ്റ് ബാങ്കുകളില്‍ ലയിപ്പിക്കുക, പ്രവര്‍ത്താനുമതി റദ്ദാക്കുക, സ്ഥാപനം പുനഃസംഘടിപ്പിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് നഷ്ട പരിഹാരം നല്‍കുന്നത്.

നിക്ഷേപകര്‍ എന്ത് ചെയ്യണം 

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സിനായി നിക്ഷേപകര്‍ പ്രത്യേക അപേക്ഷയോ പ്രിമീയമോ നല്‍കേണ്ടതില്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്കുകളും ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ നിക്ഷേപ ഇന്‍ഷുറന്‍സില്‍ നിര്‍ബന്ധമായും അംഗങ്ങളാകേണ്ടതാണ്. പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നിക്ഷേപങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള പ്രിമീയം നല്‍കേണ്ടത് ബാങ്കുകളാണ്. 

നഷ്ടപരിഹാരം കണക്കാക്കുന്നത്

ഒരേ ബാങ്കിന്റെ വിവിധ ശാഖകളില്‍ എല്ലാം കൂടി ഇട്ടിട്ടുള്ള നിക്ഷേപവും പലിശയും കൂട്ടി പരമാവധി ലഭിക്കുന്ന നഷ്ടപരിഹാരമാണ് അഞ്ച്‌ലക്ഷം രൂപ. എന്നാല്‍ സാങ്കേതികമായി ഒരേ പദവിയിലും അവകാശത്തിലും തുറന്നിട്ടുള്ള അക്കൗണ്ടുകളാണ് ഒരുമിച്ച് പരിഗണിക്കുക. വിശദമായി പറഞ്ഞാല്‍ ഒരാള്‍ തന്നെ സ്വന്തം പേരിലും ജീവിത പങ്കാളിയുടെ പേര് കൂടി ചേര്‍ത്ത് കൂട്ടായ പേരിലും തുടങ്ങിയിട്ടുള്ള അക്കൗണ്ടുകള്‍ രണ്ട് വ്യത്യസ്ത നിക്ഷേപങ്ങളായി കണക്കാക്കി ഓരോന്നിനും പ്രത്യേകമായി പരമാവധി അഞ്ച്‌ലക്ഷം രൂപയുടെ പരിരക്ഷയുണ്ടാകും. കൂട്ടായ അക്കൗണ്ടുകളില്‍ പോലും ആദ്യം വരുന്ന പേരുകള്‍ വ്യത്യസ്തമായിരുന്നാല്‍ പ്രത്യേക അക്കൗണ്ടായി പരിഗണിക്കും. ഒരേ ബാങ്കില്‍ തന്നെ കുടുംബാംഗങ്ങളുടെ പേരുകള്‍ കൂടി ചേര്‍ക്കുന്നതും, ആദ്യം വരുന്ന പേരുകള്‍ മാറ്റിമാറ്റി കൊടുത്ത് അക്കൗണ്ട് തുടങ്ങുന്നതും അഞ്ച്‌ലക്ഷം രൂപയുടെ പരിധിയില്‍ നിന്ന് ഒഴിവാകാന്‍ സഹായിക്കും. വ്യക്തികളുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടുകളും അവര്‍ തന്നെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, പ്രൊപ്രൈറ്റര്‍, പാര്‍ട്ണര്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവ് എന്നിങ്ങനെ വ്യത്യസ്ത പദവിയില്‍ തുടങ്ങുന്ന അക്കൗണ്ടുകളും വെവ്വേറെ നിക്ഷേപങ്ങളായിട്ടാണ് കണക്കാക്കുക.
 
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com