ADVERTISEMENT

കൊറോണയുടെ പശ്ചാത്തലത്തില്‍ പല ചെറുകിട കച്ചവട സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇതു സ്വാഭാവികമായും വിറ്റുവരവിനേയും ലാഭത്തേയും ബാധിക്കും. എന്തൊക്കെ ഞാണിന്‍മേല്‍ കളികള്‍ കളിച്ചാണ് സാധാരണ സമയത്തു പോലും വായ്പകളും ഓവര്‍ഡ്രാഫ്റ്റും മറ്റു കൈവായ്പകളുമെല്ലാം പ്രശ്‌നമാകാതെ മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ചെറുകിട കച്ചവടക്കാര്‍ക്കും ബിസിനസുകാര്‍ക്കും അറിയാം. അതിനിടെ ഇപ്പോഴുള്ളതു പോലെ പ്രശ്‌നങ്ങളുണ്ടായാലോ.

ബാങ്കിലെ കണക്കുകള്‍ പതിവായി പരിശോധിക്കണം

മറ്റു ബിസിനസുകാരും നിങ്ങളെപ്പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നു മറക്കരുത്. മറ്റുള്ളവര്‍ നിങ്ങള്‍ക്കു നല്‍കിയ ചെക്കോ അവര്‍ നടത്താമെന്നേറ്റിരുന്ന ട്രാന്‍സ്ഫറോ എല്ലാം മുടങ്ങാന്‍ സാധ്യതകള്‍ ഏറെയാണ്. അതു മൂലം നിങ്ങളുടെ അക്കൗണ്ടില്‍ ഉദ്ദേശിക്കുന്ന ബാലന്‍സ് ഇല്ലാതെയായാല്‍ പ്രശ്‌നത്തിലാകുന്നതു നിങ്ങളാകും. അതു കൊണ്ടു തന്നെ ചെക്കുകളുടെ ക്ലിയറന്‍സും ട്രാന്‍സ്ഫറുമെല്ലാം കൃത്യമായി എത്തിയോ എന്നു പതിവായി പരിശോധിക്കണം.

വായ്പകളുടെ തിരിച്ചടവില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം

ഒരു മാസത്തെ ഇഎംഐ ഏതാനും ദിവസം മുടങ്ങിയാല്‍ ബിസിനസുകാര്‍ക്കതു വലിയ പ്രശ്‌നമൊന്നുമാകില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ വരും മാസങ്ങളിലും നിങ്ങളുടെ ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്കില്‍ കുറച്ചെങ്കിലും പ്രശ്‌നങ്ങളുണ്ടാകാനും വായ്പാ തിരിച്ചടവിനെ അതു ബാധിക്കാനും സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ ഈ പ്രതിസന്ധികാലത്തു വരുന്ന ആദ്യ വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. അടുത്ത ഇഎംഐ വരുന്നതിനു മുന്‍പ് ശ്വാസം വിടാനുള്ള സമയം കിട്ടാനും മറ്റു നീക്കങ്ങള്‍ക്ക് ഒരുങ്ങാനുമെല്ലാം അത് സഹായകമാകും.

നിലവിലെ വായ്പകള്‍ എന്തു ചെയ്യണം?

വായ്പകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവു തുകയും കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. അസംഘടിത മേഖലയില്‍ നിന്നുള്ള വായ്പകളും കൈവായ്പകളും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചുരുങ്ങിയ കാലത്തേക്കു വാങ്ങുന്ന ഇത്തരം വായ്പകള്‍ക്ക് പലിശ നിരക്ക് ഏറെ കൂടുതലായിരിക്കുമല്ലോ. നിലവിലുള്ള പേഴ്‌സണല്‍ ലോണുകള്‍ അടച്ചു തീര്‍ക്കുക എന്നതാണ് അടുത്ത പടി. സ്വര്‍ണ പണയങ്ങളും ഇങ്ങനെ ഒഴിവാക്കണം. ഇവയെല്ലാം എങ്ങനെ ഒഴിവാക്കുമെന്ന ചോദ്യം സ്വാഭാവികമായും ഉയരും. വസ്തുവിന്റെ ജാമ്യത്തിലുള്ള വായ്പകള്‍ (എല്‍എപി) ഇതിനൊരു മികച്ച മാര്‍ഗമാണ്. ദീര്‍ഘകാലത്തേക്കു കൂടുതല്‍ തുക ലഭിക്കും എന്നതിനാല്‍ നിങ്ങള്‍ക്ക് അത്യാവശ്യം പണത്തിന്റെ ഒഴുക്കു സാധ്യമാക്കുവാനും പ്രതിമാസ തിരിച്ചടവു തുക നിലവിലേതില്‍ നിന്നു ഗണ്യമായി കുറയ്ക്കുവാനും എല്‍എപി സഹായിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ബിസിനസ് വായ്പകളും ഇവിടെ പ്രയോജനപ്പെടുത്താം. നിലവിലുള്ള വായ്പാ തുകയും പലിശയും പ്രതിമാസ തിരിച്ചടവു തുകയും പുതിയ വായ്പയുമായി താരതമ്യം ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. കൈവായ്പകളുടെ സ്ഥാനത്ത് ഔപചാരിക ഓവര്‍ഡ്രാഫ്റ്റുകള്‍ കൂടുതലായി പ്രയോജനപ്പെടുത്താനും ശ്രമിക്കണം.  

വായ്പ റീ ഷെഡ്യൂള്‍ ചെയ്യാം

ബാങ്ക് അധികൃതരുമായി സംസാരിച്ച് നിലവിലെ വായ്പ പുതുക്കുകയാണ് മറ്റൊരു മാര്‍ഗം. വായ്പാ കാലാവധി ദീര്‍ഘിപ്പിക്കുകയോ വായ്പാ തുക വര്‍ധിപ്പിക്കുകയോ എല്ലാം ഇതിലൂടെ സാധ്യമാകും. നിങ്ങളുടെ സാഹചര്യങ്ങള്‍ ബാങ്കിനു ബോധ്യമാകണമെന്നു മാത്രം. വായ്പാ കാലാവധി നീട്ടുന്ന വിധത്തില്‍ റീ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ അതു നിങ്ങളുടെ ക്രെഡിറ്റ് സ്‌ക്കോറിനെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്. എങ്കില്‍ തന്നെയും വായ്പ നിഷ്‌ക്രിയ ആസ്തിയായി മാറുന്നതിനേക്കാള്‍ എത്രയോ ഗുണകരമാണ് അത് റീ ഷെഡ്യൂള്‍ ചെയ്യുന്നത്.

ബാങ്ക് അധികൃതരുമായി സംസാരിക്കുക

ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് സാമ്പത്തിക മേഖലയിലുള്ളവര്‍ക്കു കൃത്യമായ അവബോധമുണ്ട്. അതു കൊണ്ടു തന്നെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്യുന്നത് മികച്ചൊരു മാര്‍ഗമാണ്. ഒരു ഉപഭോക്താവിനെ പോലും നിഷ്‌ക്രിയ ആസ്തിക്കാരുടെ പട്ടികയില്‍ പെടുത്താന്‍ ബാങ്കുകള്‍ക്കു താല്‍പ്പര്യമുണ്ടാകില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം കണ്ടെത്താന്‍ അവര്‍ക്കു നിങ്ങളെ സഹായിക്കാനാവും.

പദ്ധതികള്‍ക്കായി കാത്തിരിക്കുക

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ വായ്പകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നീക്കങ്ങള്‍ സര്‍ക്കാരോ ബാങ്കുകളോ പ്രഖ്യാപിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. അവയില്‍ നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താനാവുന്നവ ഉടന്‍ തന്നെ പ്രയോജനപ്പെടുത്തുകയും വേണം. ബിസിനസില്‍ നിലവിലെ ചെലവുകളില്‍ ഒഴിവാക്കാനാവുന്നവയെല്ലാം ഒഴിവാക്കുക എന്നതിനും ഇപ്പോള്‍ പ്രസക്തിയേറെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com