കൊറോണക്കാലത്ത് ഓൺലൈൻ ബാങ്കിങ് കൂടുതൽ സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

HIGHLIGHTS
  • കൂടുതൽ തട്ടിപ്പ് നടക്കാനിടയുള്ള സാഹചര്യമാണിപ്പോൾ
online
SHARE

കൊറോണയെത്തുടർന്ന് ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുന്നത് ഉൾപ്പടെ സുരക്ഷയെക്കരുതി നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. പകരം ഈ അവസരത്തിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ പരമാവധി ഉപയോഗിക്കാനാണ് റിസർവ് ബാങ്ക് നൽകുന്ന നിർദേശം. ഇന്റര്‍നെറ്റ് പണമിടപാടുകള്‍ ആശങ്കകളില്ലാതെ നടത്താനുമാകും എന്നാൽ ഇതിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യം ഇത്തരത്തിലുള്ള പണമിടപാടുകളുടെ സുരക്ഷയാണ്. രോഗഭീതിയില്ലാതെ വീടിന്റെ സ്വകാര്യതയില്‍ ഇരുന്നുകൊണ്ടുതന്നെ ഫോണിലോ, കംപ്യൂട്ടറിലോ പണം പിന്‍വലിക്കുന്നതിനോ,നിക്ഷേപിക്കുന്നതിനോ, മറ്റ് അക്കൗണ്ടുകളിലേക്ക് അയക്കുന്നതിനോ, ബില്ലുകള്‍ അടയ്ക്കുന്നതിനോ സാധിക്കും. സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേണ്ട ഇന്റര്‍നെറ്റ് ഇടപാടുകളുടെ സുരക്ഷയിൽ കൂടുതൽ ജാഗരൂകരാകുക തന്നെ ചെയ്യണം.പ്രത്യേകിച്ച് എന്തെങ്കിലും തട്ടിപ്പിനിരയായാൽ സ്വന്തം ശാഖയിൽ ഇക്കാര്യം അറിയിക്കണമെങ്കിൽ പോലും അവിടെ ഇന്നത്തെ സാഹചര്യത്തിൽ ആളുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.തട്ടിപ്പുകാർക്ക് ഇത് നല്ലാകാലമായിരിക്കുമെന്ന ഓർമയുണ്ടായിരിക്കണം.

കൃത്യമായ ഇടവേളകളില്‍ പാസ് വേഡ് മാറ്റികൊണ്ടിരിക്കണം

സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ് വേഡ്)നമ്പറുകള്‍ ഒരു കാരണവശാലും കൈമാറരുത്. പാസ് വേഡോ മറ്റ് ബാങ്കിംഗ് വിവരങ്ങളോ ചോദിച്ച് ലഭിക്കുന്ന ഈ മെയില്‍,മെസേജുകളോട് പ്രതികരിക്കാതിരിക്കുക. ഒരു ബാങ്കും ധനകാര്യ  സ്ഥാപനവും ഇ മെയില്‍ വഴി ഇത് ആവശ്യപ്പെടാറില്ല. പാസ് വേഡ് മാറ്റുമ്പോള്‍ കഴിയുന്നതും എളുപ്പത്തിലുളളത് ഒഴിവാക്കുക. അക്ഷരങ്ങളും അക്കങ്ങളും ഇടകലർത്തി പെട്ടെന്നുമോഷ്ടിക്കാനാകാത്ത വിധത്തിലുള്ള പാസ് വേഡ് ഉണ്ടാക്കുക. മറന്നു പോകുന്നവരാണെങ്കില്‍ ഇത് രഹസ്യമായി രേഖപ്പെടുത്തി വയ്ക്കുക.

പൊതു ഇടത്തെ വൈഫൈ വേണ്ട

കഴിയുന്നതും പൊതു ഇടത്തെ വൈഫൈ ഡാറ്റയ്ക്കായി ഉപയോഗിക്കാതിരിക്കുക. ഇത് നുഴഞ്ഞ് കയറ്റക്കാരുടെ പണി എളുപ്പമാക്കും. തന്നെയുമല്ല ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് കമ്പ്യുട്ടറിലേക്കു  മാല്‍വെയര്‍ കടത്തിവിടാനാവും. പിന്നീട് നമ്മുടെ വിവരം ചോരാന്‍ ഇത് ഇടയാകും. ലോഗിന്‍ ഐ ഡി യോ,പാസ് വേഡോ,മറ്റ് വിവരങ്ങളോ ഒരിക്കലും പങ്ക് വയ്ക്കരുത്. ബാങ്കുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള ഈ മെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇപ്പോള്‍ ഏതാണ്ടെല്ലാ ബാങ്കുകളും രണ്ട് ഘട്ടമായി അംഗീകാരം നൽകുന്ന  സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൃത്യമായി പിന്തുടരുക.

സിസ്റ്റവും സുരക്ഷിതമാക്കുക

സിസ്റ്റത്തില്‍ വളരെ ആധികാരികമായ ആന്റി വൈറസ് സംവിധാനം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍  ഈ വഴിയും ഡാറ്റ ചോരാം.മേല്‍പറഞ്ഞവ കൂടാതെ അക്കൗണ്ടുകള്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുക. സംശയകരമായതെങ്കിലും നടന്നു എന്ന് തോന്നിയാല്‍ ഉടന്‍ പാസ് വേഡ്  മാറ്റുകയും വേണം. കൂടാതെ ഫോണില്‍ വരുന്ന മെസേജ് അലേര്‍ട്ടുകള്‍ നിരീക്ഷിക്കുകയും വേണം. ഇത്രയൊക്കെ ചെയ്താല്‍ തട്ടിപ്പ് പരമാധി ഒഴിവാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
FROM ONMANORAMA