ADVERTISEMENT

നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ടിൽനിന്നു പലതരത്തിൽ ബാങ്കുകൾ ചാർജുകൾ ഈടാക്കുന്നുണ്ട്. അതിൽ പലതും തെറ്റായി ഈടാക്കുന്നവയുമാണ്. അതുകൊണ്ടു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇത്തരത്തിലൊരു ചോർച്ചയുണ്ടെങ്കിൽ അത് നിങ്ങൾ അറിയാതെ പോകരുത്.
ചെറിയ തുകകൾ വീതമാണെങ്കിലും ഒന്നിച്ചാകുമ്പോൾ സാമാന്യം ഭേദപ്പെട്ടൊരു തുകയാകാം. അക്കൗണ്ട് ഉടമകളുടെ ജാഗ്രതയാണ് ഇത്തരത്തിലുള്ള പണനഷ്ടം ഒഴിവാക്കാൻ സഹായിക്കുക. അതിനൊപ്പം ചില മാർഗനിർദേശങ്ങൾ കൂടി താഴെപ്പറയുന്നു.

മിനിമം ബാലൻസ് അറിയുക

നിങ്ങളുടെ അക്കൗണ്ടിലെ മിനിമം ബാലൻസ് എത്രയെന്ന് അറിഞ്ഞിരിക്കണം. മിക്ക ബാങ്കുകളും മിനിമം ബാലൻസ് കണക്കാക്കുക മൂന്നു മാസത്തിൽ ആണ്. അക്കൗണ്ടിൽ 5,000 രൂപയാണ് ശരാശരി മിനിമം ബാലൻസെങ്കിൽ എല്ലാ ദിവസവും ശരാശരി ഈ തുക ഉണ്ടാകണം. അല്ലെങ്കിൽ 90 ദിവസത്തിനിടയിൽ ഒരു ദിവസം 4.5 ലക്ഷം രൂപ ഉണ്ടായാലും മതി.
ഇത്രയും തുക ഒരു ദിവസം അക്കൗണ്ടിൽ കിടന്ന ശേഷം പിറ്റേന്ന് മുഴുവനും പിൻവലിച്ചാലും കണക്കു (Quarterly average balance) ശരിയാകും. ആ മാസം നിങ്ങൾക്ക് മിനിമം ബാലൻസിന്റെ പേരിൽ പ്രശ്നമുണ്ടാകില്ല. ഇല്ലെങ്കിൽ മിനിമം ബാലൻസ് ഇല്ലാത്തതിനു പിഴ ഈടാക്കുമെന്നു മാത്രമല്ല ആ കാലയളവിൽ എടുക്കുന്ന സേവനങ്ങൾക്ക് അധിക ചാർജും നൽകേണ്ടി വരും.

നിരക്ക് വ്യത്യസ്തം

അതുപോലെ വിവിധ ബാങ്കുകളിൽ ഓരോ സേവനത്തിനും നിരക്ക് വ്യത്യസ്തമായിരിക്കും. ഇവിടെ നിങ്ങളുടെ ബാങ്കിന്റെ ചാർജുകൾ എത്രയെന്നു കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുകയാണു വേണ്ടത്. ഉദാഹരണത്തിനു എടിഎം കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, അതു ലഭിക്കുമ്പോൾ ഒപ്പം ഒരു കിറ്റും ലഘുലേഖയും ഉണ്ടാകുമല്ലോ. വളരെ ചെറിയ അക്ഷരത്തിലായതിനാൽ ആരും അത് വായിക്കാൻ മിനക്കെടാറില്ല. പക്ഷേ, അതു വായിച്ചു മനസ്സിലാക്കണം.
നിങ്ങൾക്ക് നൽകുന്ന ഓരോ സേവനത്തിന്റെയും ചാർജുകളും പിഴയും ബാങ്കിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. ഇല്ലെങ്കിൽ ബാങ്കിന്റെ വെബ്സൈറ്റിലുണ്ടാകും. അതുമല്ലെങ്കിൽ ശാഖയിൽ നേരിട്ട് അന്വേഷിച്ചാലും അറിയാം.

ഇടപാടുകൾ പരിശോധിക്കണം

ഓരോ മാസവും, പറ്റുമെങ്കിൽ ഓരോ ആഴ്ചയും നിങ്ങളുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കണം. ഇതിനു പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യണം. ഈടാക്കിയിട്ടുള്ള തുക എത്ര? എന്തിനു ഈടാക്കി? എന്നതെല്ലാം മനസ്സിലാക്കണം. സംശയമുള്ള കാര്യങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തുക. ഇപ്പോൾ ഇ–പാസ്ബുക്ക് ഉള്ളതിനാൽ  ഓൺലൈൻ വഴി ദിവസവും അക്കൗണ്ടിലെ ഇടപാടുകൾ പരിശോധിക്കാം. അതിനു സഹായകമായ മൊബൈൽ ആപ്പുകളുമുണ്ട്.

ചെറിയ തുകകൾക്കും അലർട്ട് വേണം

മൊബൈൽ അലർട്ടിനു ബാങ്ക് ഫീസ് ഈടാക്കാറുണ്ട്. എന്നാൽ പലരും 500/1,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മതി അലർട്ട് എന്നായിരിക്കും ബാങ്കിൽ എഴുതിക്കൊടുത്തിരിക്കുക. ഇതു ശരിയല്ല. ഒരു രൂപയുടെ ഇടപാടു പോലും അലർട്ട് ചെയ്യാൻ ആവശ്യപ്പെടണം. ഇത്തരം ചെറിയ ചെറിയ തുകകൾ പല തവണ ഈടാക്കുമ്പോഴാണ് മാസം അഞ്ഞൂറും ആയിരവുമൊക്കെ അക്കൗണ്ടിൽനിന്ന് ഒഴുകി പോകുന്നത്. ഇതൊഴിവാക്കാൻ അക്കൗണ്ട് ഉടമകൾ ജാഗരൂകരാകുകയേ വഴിയുള്ളൂ

പരാതി നൽകണം

ബാങ്ക് ഈടാക്കിയ തുക സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉടൻ കോൾസെന്ററിൽ അല്ലെങ്കിൽ ബാങ്ക് ശാഖയിൽ പരാതിപ്പെടുക. നാം പ്രതികരിക്കുന്നില്ലെങ്കിൽ ഇത്തരം ചോർത്തൽ ബാങ്ക് തുടരുക തന്നെ ചെയ്യും. ഇനി ബാങ്കിനു പരാതി നൽകിയിട്ടു പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്.
വിലാസം:     ബാങ്കിങ് ഓംബുഡ്സ്മാൻ
                  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
                  ബേക്കറി ജംക് ഷൻ
                  തിരുവനന്തപുരം– 695033
                  ഫോൺ– 0471 2326852, 2332723, 2323959
                  ഫാക്സ്– 0471 2321625
                  ഇ–മെയിൽ–
                  bothiruvananthapuram@rbi.org.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com