sections
MORE

എന്‍ആര്‍ഐ അക്കൗണ്ടില്‍ പണം ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ടതെല്ലാം

HIGHLIGHTS
  • നിക്ഷേപപലിശ നികുതിവിമുക്തമാണ്
online
SHARE

ഒരു എന്‍ ആര്‍ ഐ ക്ക് ലഭ്യമായ മൂന്നു തരം ബാങ്ക് അക്കൗണ്ടുകളില്‍ എന്‍ആര്‍ ഇ അക്കൗണ്ടുകളെ കുറിച്ച് ആണ് ഇവിടെ വിശദമാക്കുന്നത്.
എന്‍ ആര്‍ ഇ അക്കൗണ്ട് എന്നാല്‍ നോണ്‍ റസിഡന്റ് എക്‌സ്റ്റേര്‍ണല്‍ അക്കൗണ്ട്  എന്നാണ്.

വിദേശത്തു നിന്ന് അയക്കുന്ന പണം ഇന്ത്യന്‍ രൂപയിലാവും ഈ അക്കൗണ്ടില്‍ വരവ് വയ്ക്കുക. വിദേശത്തുള്ള ഇന്ത്യക്കാരന്‍ ശമ്പളമോ ഇതര വരുമാനമോ  ആയി കിട്ടിയ  5000 ഡോളറോ 5000 റിയാലോ ബാങ്ക്, മണി എക്‌സ്‌ചേഞ്ച് കമ്പനി എന്നിവയിലേതെങ്കിലും വഴി  ഈ അക്കൗണ്ട് നമ്പര്‍ നല്‍കി അയക്കുന്നു എന്നിരിക്കട്ടെ. ആ  കറന്‍സിയുടെ  അന്നത്തെ  വിനിമയ നിരക്കില്‍ ആ തുക ഇന്ത്യന്‍ രൂപയായി  അക്കൗണ്ടില്‍ വരവ് വയ്ക്കും. ഈ അക്കൗണ്ടിലെ  പലിശ  വരുമാനം നികുതി വിമുക്തമാണ്. അതുകൊണ്ട് തന്നെ ഏതൊക്ക തുകയാണ് നിയമാനുസൃതമായി ഈ അക്കൗണ്ടില്‍ ഇടാനാകുക എന്നതു പ്രധാനമാണ്.

അക്കൗണ്ടില്‍ വരവ് വയ്ക്കാവുന്നവ

1 വിദേശത്തു  നിന്നും കിട്ടുന്ന ശമ്പളം, ഇതര വരുമാനങ്ങള്‍
2  മറ്റു ബാങ്കുകളിലുള്ള NRE/ FCNR അക്കൗണ്ടുകളിലെ  പണം
3  വിദേശത്തു നിന്ന് വരുമ്പോള്‍ കൈവശം കൊണ്ടുവരുന്ന വിദേശ കറന്‍സി

4 NRE അക്കൗണ്ടിലെ പണം കൊണ്ട് വാങ്ങിയ മ്യൂച്ചല്‍ ഫണ്ട്, ഗവണ്മെന്റ്
സെക്യൂരിറ്റി എന്നിവയിലെ  വരുമാനം
5 ഇത്തരം നിക്ഷേപങ്ങള്‍് കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന തുക

6  ഈ അക്കൗണ്ടിലെ പണം കൊണ്ട്് വാങ്ങിയ വസ്തു വിറ്റു കിട്ടുന്ന തുകയും
നിബന്ധനകള്‍ക്കനുസൃതമായി വരവ് വയ്ക്കാം
7 ഫ്‌ളാറ്റ്, വീട്,  ഓഹരി, കടപ്പത്രം എന്നിവ  വാങ്ങാനുള്ള ഗഡുക്കള്‍ ഈ
 അക്കൗണ്ടില്‍ നിന്ന് എടുത്തിട്ട് ഏതെങ്കിലും കാരണവശാല്‍ അവ അനുവദിക്കാതെ
റീഫണ്ട് വന്നാല്‍  ആ തുക
8 വിദേശ ഇന്ത്യക്കാരന്റെ, ഇന്ത്യയിലെ വീടിന്റെ വാടകയായി  കിട്ടുന്ന തുക
(ടാക്സ് കിഴിച്ചതിനു ശേഷമുള്ള തുക)

മൂന്നു തരത്തില്‍ അക്കൗണ്ട്

ബാങ്കുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്,  സ്ഥിര നിക്ഷേപം, റെക്കറിങ് ഡെപ്പോസിറ്റ്  എന്നിങ്ങനെയെല്ലാം NRE അക്കൗണ്ട് ആരംഭിക്കാം . 
പണത്തിനു് ഉടന്‍ ആവശ്യമില്ലെങ്കില്‍, സ്ഥിര നിക്ഷേപമാക്കി അല്പം കൂടി ഉയര്‍ന്ന പലിശ നേടാം .ഇന്റര്‍നെറ്റ് ബാങ്കിങ്  വഴി  അക്കൗണ്ട് ഉടമയ്ക്ക് തന്നെ, മറ്റാരുടെയും സഹായമില്ലാതെ സ്വന്തം എന്‍.ആര്‍.ഇ  സേവിങ്‌സ് അക്കൗണ്ടിലെ പണം  എന്‍.ആര്‍.ഇ. സ്ഥിര നിക്ഷേപത്തിലേയ്ക്ക് മാറ്റാം. അതല്ലെങ്കില്‍  ഈ മെയിലോ  കത്തോ വഴിയും  ഇതിനായുള്ള നിര്‍ദ്ദേശം നല്‍കാം

പലിശ 3,5% മുതല്‍ 5.5 %  വരെ

നിലവില്‍  5.5% നടുത്താണ്  മുന്‍ നിര ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്‍. ആര്‍.ഇ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. എസ്ബിയില്‍  3.5%  - 3.75%  ഒക്കെയാണ്  നിരക്ക്. വിവിധ ബാങ്കുകള്‍ വ്യത്യസ്ത നിരക്കാണ് നല്‍കുന്നത്

ഉയര്‍ന്ന പലിശയ്ക്കായി  NRE സേവിങ്സ് അക്കൗണ്ടിലെ പണം NRE സ്ഥിര നിക്ഷേപത്തിലേയ്ക്ക് മാറ്റുമ്പോള്‍ എന്തെങ്കിലും അടിയന്തിര ആവശ്യത്തിനു ഈ നിക്ഷേപം കാലാവധിക്ക് മുന്‍പേ പിന്‍വലിക്കേണ്ടി വന്നാല്‍ പലിശ ഒന്നും ലഭിക്കില്ല. എസ് ബിയില്‍  ആണെങ്കില്‍ എത്ര  നാള്‍ കിടന്നാലും കുറഞ്ഞ നിരക്കിലാണെങ്കിലും പലിശ ലഭിക്കും .NRE സ്ഥിര നിക്ഷേപത്തിന്മേല്‍ എളുപ്പം വായ്പയെടുക്കാമെന്നതിനാല്‍
അടിയന്തര ഘട്ടങ്ങളില്‍ ലോണ്‍ എടുക്കുകയാണ് നന്ന്.

പലിശയ്ക്ക് നികുതിയില്ല

സാധാരണ  ബാങ്ക്   നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായനികുതി ബാധകമാണെങ്കിലും എന്‍.ആര്‍.ഇ അക്കൗണ്ടിലെ പലിശ നികുതി
രഹിതമാണ്.

വിദേശത്തേയ്ക്ക് കൊണ്ടുപോകാം

ആവശ്യം വന്നാല്‍ ഈ അക്കൗണ്ടിലെ പണം എപ്പോള്‍ വേണമെങ്കിലും അനുവദനീയ കറന്‍സികളില്‍ വിദേശത്തേക്ക് തിരികെ
കൊണ്ട് പോകാം.  അനുമതികള്‍ക്കൊന്നും കാത്തു നില്‍ക്കേണ്ട.

 എന്‍ആര്‍ഐ ക്വാട്ടകളില്‍ അപേക്ഷിക്കാന്‍

NRI ക്വാട്ടാകളിലെ അപേക്ഷകര്‍ പണം NRE അക്കൗണ്ടില്‍ നിന്ന് തന്നെ വേണം നല്‍കാന്‍. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വിദേശത്തു നിന്ന് അയക്കുന്ന പണം NRE അക്കൗണ്ടില്‍ തന്നെയാണ് വരവു വെയ്ക്കുന്നതെന്ന് ഉറപ്പാക്കണം എന്‍ആര്‍ഐ അക്കൗണ്ടിലെ ഈ ആനുകൂല്യങ്ങള്‍  ലഭ്യമാകണമെങ്കില്‍ നിങ്ങളുടെ  സ്റ്റാറ്റസ് എന്‍.ആര്‍.ഐ യോ ആര്‍.എന്‍.ഒ.ആറോ ആയിരിക്കണം.

പ്രമുഖ പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസഥനാണ് ലേഖകന്‍

English Summery:Things to Keep in Mind Before Deposit Money in Nri Account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA