പ്രവാസിക്ക് എഫ് സി എൻ ആർ അക്കൗണ്ട് പ്രിയങ്കരമായത് ഇങ്ങനെ

HIGHLIGHTS
  • രൂപയുടെ വിലയിടിവിൽ നിന്ന് രക്ഷ നേടാം
aim–845
SHARE

വിദേശ ഇന്ത്യക്കാരന് വിദേശ കറൻസിയിൽ തന്നെ ആരംഭിക്കാവുന്ന അക്കൗണ്ടാണ് FCNR (ഫോറിൻ കറൻസി നോൺ റസിഡന്റ് ) അക്കൗണ്ട്. പ്രമുഖ കറൻസികളായ അമേരിക്കൻ ഡോളർ, ബ്രിട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, ഓസ്‌ട്രേലിയൻ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, സിംഗപ്പൂർ ഡോളർ, സ്വിസ്സ് ഫ്രാങ്ക്, എന്നീ കറൻസികളിൽ നിക്ഷേപമാകാം. 

എന്ത് കൊണ്ട് FCNR? 

ഫോറിൻ കറൻസിയിൽ ഡെപ്പോസിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നതിനാൽ വിവിധ കറൻസികളിൽ മാർക്കറ്റ് വില വ്യതിയാനം  കൊണ്ട്  ഉണ്ടായേക്കാവുന്ന മൂല്യ ശോഷണത്തിൽ നിന്നും രക്ഷ നേടുന്നു എന്നതാണ് എടുത്തു പറയേണ്ട സവിശേഷത . വിദേശത്തു മക്കളുടെ ഉപരിപഠനാർത്ഥം പ്രതിവർഷം 10000 അമേരിക്കൻ ഡോളർ വേണ്ടി വരും എന്ന് മുൻകൂട്ടി കണ്ടു ഒരാൾ 2018 ഏപ്രിൽ മാസം 10000 ഡോളർ ഇന്ത്യയിൽ തന്റെ NRE അക്കൗണ്ടിൽ നിക്ഷേപിച്ചു. ഡോളർ ഒന്നിന് 65 രൂപാ നിരക്കായിരുന്ന 2018 ഏപ്രിൽ മാസം നടത്തിയ നിക്ഷേപത്തിലൂടെ അക്കാലത്തു 650000 രൂപയാകും അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുക. ഇന്ന് 2020ൽ അമേരിക്കയിൽ 10000 ഡോളർ നൽകേണ്ടി വരുമ്പോൾ ഈ തുക അങ്ങോട്ടേക്ക് അയക്കാൻ ഇന്ത്യയിലുള്ള തന്റെ ബാങ്കിനോട് ആവശ്യപ്പെടുമ്പോൾ ഇന്നത്തെ നിരക്കിലാവും ഈ തുക കൈമാറ്റം ചെയ്യപ്പെടുക. അതായത് നിലവിലെ ഡോളറിന്റെ വിലയായ 75 രൂപയിൽ ഇത് മാറ്റുമ്പോൾ 8667 ഡോളർ മാത്രമാവും ഇവിടെ അയാൾക്ക് തിരികെ ലഭ്യമാവുക. പലിശ വഴി ലഭിച്ചേക്കാവുന്ന വരുമാനം പോലും പ്രതികൂലമായ മാർക്കറ്റ് വിലയിലെ വ്യതിയാനത്താൽ നഷ്ടമായേക്കാവുന്ന അവസ്ഥ! ഇവിടെയാണ് FCNR നിക്ഷേപം തുണയാകുന്നത് .നിക്ഷേപകന്റെ  പേരിൽ ഫോറിൻ കറൻസിയിൽ തന്നെയാവും ഇവിടെ സ്ഥിര നിക്ഷേപം ആരംഭിക്കപ്പെടുക. പലിശ ലഭിക്കുന്നതും അതേ ഫോറിൻ കറൻസിയിൽ തന്നെ . അത് കൊണ്ട് ഈ കറൻസിക്ക് വിപണിയിലുണ്ടാകുന്ന വില വ്യതിയാനമൊന്നും ഈ നിക്ഷേപത്തെ ബാധിക്കുകയില്ല .

നിക്ഷേപം ഏതൊക്ക രീതിയിൽ? 

സ്ഥിര നിക്ഷേപമായി മാത്രമേ FCNR നിക്ഷേപം ആരംഭിക്കാനാവൂ. ഏറ്റവും കുറഞ്ഞത് ഒരു വർഷവും പരമാവധി അഞ്ചു വര്ഷം വരെയുമാണ് ബാങ്കുകൾ FCNR നിക്ഷേപം സ്വീകരിക്കുക. എല്ലാ മാസവും FCNR  പലിശ നിരക്കുകൾ മാറുമെങ്കിലും, നിക്ഷേപിച്ചു കഴിഞ്ഞാൽ കാലാവധിയെത്തും വരെ അതേ നിരക്ക് നിക്ഷേപകന് ലഭ്യമാക്കാം. ലഭിക്കുന്ന പലിശക്ക്  നിക്ഷേപകൻ  വിദേശ ഇന്ത്യക്കാരൻ എന്ന പദവി നിലനിർത്തും വരെ ടാക്‌സ് നൽകേണ്ടതില്ല . ഇതിന്റെ പലിശയിന്മേൽ ബാങ്കുകൾ ടാക്‌സ് കിഴിക്കുകയുമില്ല .  ബാങ്കുകളുടെ വെബ്‌സൈറ്റിൽ FCNR നിക്ഷേപങ്ങൾക്ക്‌  നൽകുന്ന പലിശ എല്ലാ മാസവും പലിശ മാറുന്നതനുസരിച്ച്‌ പുതുക്കി നൽകാറുണ്ട് .

ശ്രദ്ധിക്കേണ്ടത് 

ഒരു വർഷം എങ്കിലും തുടരാനായില്ല എങ്കിൽ പലിശ ഒന്നും ലഭിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത് . അത് പോലെ ഒരു വർഷത്തിന് മേൽ തുടർന്നാലും സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയാകും മുൻപേ പിൻവലിച്ചാൽ ബാങ്കുകൾ പിഴയായി ലഭിച്ചേക്കാവുന്ന പലിശയിൽ അല്പം കുറവ് വരുത്തും . കാലാവധി പൂർത്തിയാകും മുൻപ് നിക്ഷേപം പിൻവലിക്കേണ്ടി വന്നേക്കാവുന്ന അടിയന്തരഘട്ടം സംജാതമായാൽ പോലും ഇത്തരത്തിലുള്ള കാര്യങ്ങളിലൂടെ നിങ്ങൾക്ക് എത്ര നഷ്ടമുണ്ടാവും എന്നത് ബാങ്കിനോട് ആരായുക .  ഈ നിക്ഷേപം ഈടു വച്ച് വളരെ പെട്ടെന്ന് ബാങ്കിൽ നിന്ന് ലോൺ ലഭ്യമാക്കാം എന്നതിനാൽ പലപ്പോഴും അത്തരമൊരു അവസരമാവും നിക്ഷേപം മുൻകൂറായി പിന്വലിക്കുന്നതിനേക്കാൾ മെച്ചമാവുക .

കാലാവധി പൂർത്തിയാകും മുൻപേ NRI സ്റ്റാറ്റസ്‌ നഷ്ടമായാൽ 

ഒരു വിദേശ ഇന്ത്യക്കാരൻ 5 വർഷത്തേക്ക് തന്റെ NRE /FCNR നിക്ഷേപം ആരംഭിക്കുന്നു എന്നും, നിക്ഷേപം ആരംഭിച്ചു രണ്ടാം വർഷം നാട്ടിലേക്കു സ്ഥിര താമസത്തിനായി മടങ്ങുന്നുവെന്നും കരുതുക . NRE /FCNR നിക്ഷേപങ്ങൾക്കുളള പലിശയ്‌ക്ക് NRI സ്റ്റാറ്റസ്‌ നില നിൽക്കും വരെ ഇന്ത്യയിൽ ടാക്‌സ് നൽകേണ്ടതില്ലെങ്കിലും അതിനു ശേഷമുള്ള നാളുകളിൽ ടാക്‌സ് നൽകേണ്ടി വരും .( NRI സ്റ്റാറ്റസ്‌ എന്ന് വരെ ലഭ്യമാകും എന്നും , അതിനു ശേഷം RNOR സ്റ്റാറ്റസ്‌ ലഭ്യമാക്കാനാകുമൊ എന്നും കഴിഞ്ഞ ലക്കങ്ങളിൽ പറഞ്ഞിരുന്നു). അപ്രകാരം RNOR സ്റ്റാറ്റസിന് അർഹതയുള്ള ഒരാൾക്ക് വീണ്ടും ആ പദവി നഷ്ടപ്പെടും വരെ ടാക്‌സ് നൽകേണ്ടതില്ല . പക്ഷെ അയാളുടെ പേരിലുള്ള ഈ NRE /FCNR നിക്ഷേപങ്ങൾ RFC (Resident Foreign Currency) അക്കൗണ്ടായി മാറ്റാനുള്ള നിർദ്ദേശം ബാങ്കിന് നൽകി അവ RFC അക്കൗണ്ടായി മാറ്റണമെന്ന് മാത്രം . RFC അക്കൗണ്ടിനെക്കുറിച്ച് അടുത്ത ലക്കത്തിൽ പറയാം

English Summery: Know More Abount FCNR Account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA