ADVERTISEMENT

കോര്‍പ്പറേറ്റുകളുടെ എത്ര ലക്ഷം വരെയുള്ള കോടികള്‍ ബാങ്കുകള്‍ എഴുതി തള്ളും? മുന്‍നിരയില്‍ നില്‍ക്കുന്ന ആറ് പൊതുമേഖലാ ബാങ്കുകള്‍ മത്സരിച്ച് കിട്ടാക്കടങ്ങള്‍ എഴുതി തള്ളിയപ്പോള്‍ ഖജനാവിന് കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നഷ്ടമായ നികുതി പണം 3.7 ലക്ഷം കോടി രൂപയാണ്. ഒരു ചെറിയ ഭവന വായ്പയുടെ മൂന്നിലധികം തവണകള്‍ മുടങ്ങിയാല്‍ ജ്പതി നടപടിയ്‌ക്കൊരുങ്ങുന്ന ബാങ്കുകളാണ് കോടീശ്വരന്‍മാരായ തട്ടിപ്പുകാരുടെ ഇത്ര അധികം തുക എഴുതി തള്ളിയത്.

ബാങ്കുകള്‍ കിട്ടാക്കടം എഴുതി തള്ളുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല. അടുത്തെങ്ങും അവസാനിക്കാനും പോകുന്നില്ല. കിട്ടാക്കടം തിരികെ പിടിക്കാന്‍ ആര്‍ ബി ഐ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല ജാഗ്രതാ നടപടികളും എടുത്തിട്ടുണ്ട്. ഇതൊന്നും തട്ടിപ്പിന്റെ കാര്യത്തില്‍ പ്രാവര്‍ത്തികമാകുന്നില്ലെന്നതാണ് വാസ്തവം. രാഷ്ട്രീയ- ഉദ്യോഗസ്ഥ-വ്യവസായ കൂട്ടായ്മ ഒരുമിച്ച് ചേര്‍ന്ന ഇത്തരം തട്ടിപ്പുകള്‍ തുടരുമ്പോള്‍ സാധാരണക്കാരന്റെ നികുതി പണമാണ് ചോരുന്നത്.

ഇരകള്‍ പൊതുമേഖലാ ബാങ്കുകള്‍

ഇത്തരം സംഘടിത കൊള്ളകള്‍ കൂടുതലും അരങ്ങേറുന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. പൊതു ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയതിന്റ കണക്ക് കേള്‍ക്കൂ. എസ് ബി ഐ എഴുതി തള്ളിയത് 1.23 ലക്ഷം കോടി. ബാങ്ക് ഒഫ് ബറോഡയും 1.23 ലക്ഷം കോടി എഴുതി തള്ളി .പഞ്ചാബ് നാഷണല്‍ ബാങ്ക് തള്ളിയത് 45,000 കോടി (2017-20 സാമ്പത്തിക വര്‍ഷം), യൂണിയന്‍ ബാങ്കാകട്ടെ ഇക്കാലയളവില്‍ എഴുതി തള്ളിയ കിട്ടാക്കടം 26,000 കോടി രുപയാണ്, ഐ ഡി ബി ഐ 46,000 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര 7,400 കോടി. പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സജക് നാഗരീക് മഞ്ച് എന്ന എന്‍ ജി ഒയുടെ പ്രസിഡണ്ട് വിവേക് വേലങ്കാറിന് വിവരാവകാശം വഴി ലഭിച്ച രേഖയിലാണ് കഴിഞ്ഞ എട്ടു വര്‍ഷം ഈ അഞ്ച് ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ ഉള്ളത്. 100 കോടി രൂപയ്ക്ക് മുകളില്‍ മാത്രമുള്ള വായ്പ അക്കൗണ്ടുകളുടെ കണക്കാണിതെന്നോര്‍ക്കണം.

തിരിച്ച് പിടിച്ചത് ഏഴ് ശതമാനം മാത്രം

ഞെട്ടിക്കുന്ന വിവരം ഇത്തരം കേസുകളില്‍ വായ്പ നല്‍കുന്നതല്ലാതെ തിരിച്ച് പിടിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കാര്യമായ നടപടികള്‍ എടുക്കുന്നില്ലെന്നുള്ളതാണ്. ഉദാഹരണത്തിന 2013-20 സാമ്പത്തിക വര്‍ഷത്തില്‍ 1.23 ലക്ഷം കോടി എഴുതിത്തള്ളിയ എസ് ബി ഐ യ്ക്ക് ഈ വായ്പ തുകയില്‍ തിരിച്ച് പിടിക്കാനായത് എഴ് ശതമാനത്തില്‍ താഴെയാണ്. അതായത് 8,969 കോടി രൂപ. ബാങ്ക് ഓഫ് ബറോഡയ്ക്കും തിരിച്ച് പിടിക്കാനായത് ഏഴ് ശതമാനം മാത്രം. അതേസമയം 100 കോടിക്ക് മുകളില്‍ എഴുതി തള്ളിയ വായ്പ അക്കൗണ്ടുടമകളുടെ വിവരം നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ എന്നായിരുന്നു ന്യായം.

തട്ടിപ്പുകളില്‍ വര്‍ധന 28 ശതമാനം

2020 സാമ്പത്തിക വര്‍ഷം മാത്രം ബാങ്ക് തട്ടിപ്പുകളില്‍ 28 ശതമാനം വര്‍ധനയുണ്ടായി എന്ന് ആര്‍ ബി ഐ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന തട്ടിപ്പുകള്‍ 6,799 ല്‍ നിന്നും 8,707 ആയി കുതിച്ചുയര്‍ന്നു. ഇതില്‍ അമ്പത് ശതമാനവും പൊതുമേഖലാ  ബാങ്കുകളിലാണ്.

2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ചെറുതും വലുതുമായ തട്ടിപ്പുകാര്‍ അടിച്ച് മാറ്റിയത് 1.85 ലക്ഷം കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രണ്ടര ഇരട്ടി വര്‍ധന. 2018 ല്‍ ഇത് 71,543 കോടിയുടെ രൂപയായിരുന്നുവെന്ന് ആര്‍ ബി ഐ കണക്ക് പറയുന്നു. 2017-18 ല്‍ 41,168 കോടിയും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്ക് അധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകള്‍ ഏഴിരട്ടി വര്‍ധിച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2014-15 ല്‍ 20,000 കോടിയായിരുന്നെങ്കില്‍ 18-19 ല്‍ എത്തിയപ്പോഴേയ്ക്കും ഇത് 71,543 കോടി രൂപയായി. ഇതില്‍ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ് എന്നു കൂടി അറിയുമ്പോള്‍ നമ്മള്‍ വിശ്വസിക്കുന്ന ബാങ്കുകള്‍ എത്രമാത്രം സുരക്ഷയാണ് പ്രദാനം ചെയ്യുന്നതെന്ന് ബോധ്യമാകും. 2019 ഏപ്രില്‍ -സെപ്തംബര്‍ കാലയളവില്‍ പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് 95,760 കോടിയാണ്.

ഏപ്രില്‍-ജൂണ്‍ ആവിയായത് 19,964 കോടി

ഇനി ഈ ലോക്ഡൗണ്‍ കാലത്തെ കണക്ക് നോക്കാം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്ന് മാസം മാത്രം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നടന്നത് 19,964 കോടി രൂപയുടെ തട്ടിപ്പാണ്. 2867 കേസുകളിലായിട്ടാണ് മൂന്ന് മാസം കൊണ്ട് ഇത്രയേറെ തുക പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അടിച്ച് മാറ്റിയത്. പതിവു പോലെ ഇതിലും രാജ്യത്തെ പ്രമുഖ ബാങ്കായ എസ് ബി ഐ ആണ് മുന്നില്‍. എന്നാല്‍ തുകയുടെ കാര്യത്തില്‍  ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാമത്. ഈ മൂന്ന് മാസം കൊണ്ട് എസ് ബി ഐ യില്‍ നടന്ന തട്ടിപ്പുകളുടെ എണ്ണം 2,050 ആണ്. ഇതിലൂടെ നഷ്ടമായത് 2325.88 കോടി.

തട്ടിപ്പ് നടന്ന തുകയുടെ കാര്യത്തില്‍ മുമ്പില്‍ ബാങ്ക് ഓഫ് ഇന്ത്യയാണ്. 47 കേസുകളിലായി ബാങ്കിന് ആകെ നഷ്ടം 5,124.87 കോടി രൂപയാണ്. കാനറാ ബാങ്കിന് 33 കേസുകളില്‍ വന്ന ആകെ നഷ്ടം 3,885.26 കോടിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 60 കേസുകളിലായി 2,842 കോടിയുമാണ്. 240 കേസുകളിലായി 270 കോടി തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ഇക്കാര്യത്തില്‍ ആശ്വാസകരമായ നിലയിലുള്ളത് എന്ന് പറയാം.

തട്ടിപ്പാണെന്ന് തിരച്ചറിയാന്‍ രണ്ട് വര്‍ഷം!

ഇത്തരം ബാങ്ക് തട്ടിപ്പുകളില്‍ ഇത് കബളിപ്പിക്കലാണെന്ന് ബാങ്കുകള്‍ക്ക് മനസിലാകുന്ന ശരാശരി കാലം രണ്ട് വര്‍ഷമാണത്രെ. ആര്‍ ബി ഐ യുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തട്ടിപ്പ് കണ്ടെത്തുന്നതിനുള്ള ശരാശരി കാലാവധി രണ്ട് വര്‍ഷമായി കുറഞ്ഞതായി  രേഖപ്പെടുത്തുന്നത്. അതായത് മുമ്പ് വായ്പ നല്‍കിയാല്‍ അത് തട്ടിപ്പാണെന്ന് തിരച്ചറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു എന്ന് സാരം. അപ്പോഴേക്കും ആയിരക്കണക്കിന് കോടി തട്ടിച്ചവര്‍ സുരക്ഷിതയിടത്തേയ്ക്ക് കടന്നിരിക്കും. ഇപ്പോഴും വലിയ തുകയുടെ തട്ടിപ്പ് ബാങ്കുകള്‍  കണ്ടെത്തുന്നതിനെടുക്കുന്ന സമയം 63 മാസമാണെന്നും ആര്‍ ബി എ 2020 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Details of Corporate Banking Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com