ADVERTISEMENT

2020 മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വായ്പയ്ക്ക് മൊറട്ടോറിയം ആനുകൂല്യം മുഴുവനായോ ഭാഗികമായോ എടുത്തവർക്കു ചുമത്തിയ കൂട്ടുപലിശ തിരികെ അക്കൗണ്ടിൽ വരവു വച്ചു നൽകുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.  

മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കു മേലുള്ള പലിശ(കൂട്ടുപലിശ) ഒഴിവാക്കുന്നതിനുള്ള തുകയാകും ധനകാര്യസ്ഥാപനങ്ങൾ നവംബർ അഞ്ചോടെ   എക്സ്ഗ്രേഷ്യ എന്ന പേരിൽ അതത് വായ്പാ അക്കൗണ്ടുകളിലേക്കു നൽകുക. വായ്പാ ദാതാക്കൾക്ക് ഈ തുക സർക്കാർ നൽകും. ഡിസംബർ പതിനഞ്ചിനകം അവർക്ക്  ക്ലെയിം ചെയ്യാം. മൊറട്ടോറിയം ആനുകൂല്യം എടുക്കാതിരുന്നവർക്കും ഇതേ തുക ലഭിക്കും.  അതേസമയം, മൊറട്ടോറിയം കാലയളവിലെ സാധാരണ പലിശ ഈടാക്കും.

 ആർക്കൊക്കെയാണ് ആനുകൂല്യം? 

 രണ്ടു കോടിയിൽതാഴെ വായ്പയെടുത്തവർക്കും രണ്ടു കോടിയിൽ താഴെ മാത്രം തിരിച്ചടവു ബാക്കിയുള്ളവർക്കും ആനുകൂല്യം.  ഫെബ്രുവരി 29വരെ നിഷ്ക്രിയ ആസ്തി(നോൺ പെർഫോമിങ് അസറ്റ്– എൻപിഎ)  അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. അതായത് ഫെബ്രുവരി 29 വരെ വായ്പ തിരിച്ചടവിൽ ഒരു വീഴ്ചയും വരുത്താത്തവർ ആയിരിക്കണം (സ്റ്റാൻഡേഡ് വായ്പകൾ). 

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത(എംഎസ്എംഇ) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന, വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ എന്നിവയ്ക്കു ബാധകം.  

 കാർഷിക വായ്പകളെപ്പറ്റി പരാമർശമില്ല.

എവിടെനിന്നെല്ലാം എടുത്ത  വായ്പകൾക്കു ബാധകം?

പൊതുമേഖലാ ബാങ്കുകൾ, ബാങ്കിങ് കമ്പനികൾ, സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി,  ഹൗസിങ് ഫിനാൻസ് കമ്പനി, നാഷനൽ ഹൗസിങ് ബാങ്ക് തുടങ്ങിയവയിൽ നിന്നെടുത്ത വായ്പകൾക്ക് എക്സ്ഗ്രേഷ്യ ലഭിക്കും. 

ചെറുകിട വ്യവസായികളുടെ സംശയങ്ങളും മറുപടികളും

1. വായ്പയും അടിയന്തര അധിക വായ്പയും  (ഇസിജിഎൽ– എമർജൻസി ക്രെഡിറ്റ് ഗാരന്റി ലൈൻ) ചേർന്ന തുകയ്ക്ക് ഇളവു കിട്ടുമോ? (ഉദാ: 2 കോടിക്ക് 20% അധിക വായ്പ 40 ലക്ഷം. ഇതും ചേർത്ത 2.4 കോടിയുടെ വായ്പയ്ക്ക് ഇളവു കിട്ടുമോ?)

 ഇല്ല. ഫെബ്രുവരി 29ന് നിലവിലുള്ള 2 കോടി വരെയുള്ള വായ്പയ്ക്കു മാത്രമേ കിട്ടൂ.

2.മൊറട്ടോറിയം എടുത്തവർക്കും എടുക്കാത്തവർക്കും കിട്ടുമോ?

 മൊറട്ടോറിയം എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ ഇളവു കിട്ടും.

3. ഇതുവരെ കൂട്ടുപലിശ അടച്ചു പോയവർക്കു തിരികെ കിട്ടുമോ?

 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരികെ കിട്ടും.

4. ഇസിജിഎൽ സ്കീമിൽ കിട്ടിയ അധിക വായ്പയ്ക്കു കൂട്ടുപലിശ ഇളവ് കിട്ടുമോ?

 ഇല്ല. 2 കോടി വരെയുള്ള ആദ്യ വായ്പയ്ക്കു മാത്രം ഇളവ്.

ആനുകൂല്യം എങ്ങനെ?

മൊറട്ടോറിയം കാലയളവിൽ ഓരോ മാസവും അടയ്ക്കാതിരുന്ന പലിശ, മുതലിലേക്കു കൂട്ടിച്ചേർക്കുകയാണു ചെയ്യുന്നത്. അങ്ങനെ പലിശയിന്മേൽ വീണ്ടും പലിശ(കൂട്ടുപലിശ) അടയ്ക്കേണ്ടി വരുന്നു. അതായത് മാർച്ച് 1ന് 2 കോടി വായ്പയുണ്ടെങ്കിൽ മാർച്ച് 31ന് അതിന്റെ പലിശയും ചേർന്നു വരുന്ന തുകയ്ക്കാണ് അടുത്ത മാസം പലിശ ഈടാക്കുന്നത്.  

അങ്ങനെ കൂട്ടുപലിശ ഓരോ മാസവും വർധിക്കുന്നു. അതിലാണ് ഇളവ്.    അതിനാൽ നാമമാത്ര തുകയാകും വായ്പ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുക.  ഉദാഹരണത്തിന്:  ഫെബ്രുവരി 29ന് നിങ്ങൾ തിരിച്ചടയ്ക്കാനുള്ള വായ്പാ തുക(ഔട്സ്റ്റാൻഡിങ് ലോൺ എമൗണ്ട്) 50 ലക്ഷമാണെന്നു വയ്ക്കുക. 7.5 % പലിശ നിരക്കിൽ 6 മാസത്തെ പലിശയും കൂട്ടുപലിശയും ചേർത്തുള്ള തുക 1,90,455 വരും. കൂട്ടു പലിശ ഇല്ലെങ്കിൽ ഇത് 1,87,500 ആണ്. ഇതു തമ്മിലുള്ള വ്യത്യാസമായ 2995 രൂപയാണ് സർക്കാർ നൽകുക.  

ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയവർക്കാണു കൂടുതൽ മെച്ചം. കാരണം ക്രെഡിറ്റ് ഇടപാടുകളിൽ പലിശ ബാങ്ക് പലിശയേക്കാൾ വളരെ കൂടിയ നിരക്കിലാണ്.മൊറട്ടോറിയം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ സർക്കാർ തരും.

ഇൻപുട്: പി. കിഷോർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com