ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ സ്ഥിരമായ വരുമാനമുണ്ടെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടി വരും. വരുമാനമില്ലാത്ത ആര്‍ക്കും ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാറില്ല. അതുകൊണ്ട് ദൂരെ നഗരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കോ വീട്ടില്‍ മാതാപിതാക്കള്‍ക്കോ ആവശ്യമെങ്കില്‍ തന്നെ കാര്‍ഡ് ലഭിക്കുക എളുപ്പമല്ല. എന്നാല്‍ പല ബാങ്കുകളും ഇങ്ങനെ വരുമാനമില്ലാത്തവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. പ്രധാന കാര്‍ഡിനോടൊപ്പം ആഡ് ഓണുകളായിട്ടായിരിക്കും ഇങ്ങനെ കാര്‍ഡുകള്‍ അനുവദിക്കുക. വിദ്യാര്‍ഥികള്‍, ജോലിയില്‍ തുടക്കക്കാര്‍ വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍ എന്നിവര്‍ക്ക് ഇങ്ങനെ കൂടുംബനാഥന്റെ (വരുമാനമുള്ളയാള്‍) പേരിലുള്ള കാര്‍ഡിന്റെ ആഡ് ഓണ്‍ അനുവദിക്കും.

 എത്ര ആഡ് ഓണ്‍ കാര്‍ഡുകള്‍

പ്രാഥമിക ക്രെഡിറ്റ് കാര്‍ഡിനൊപ്പം ലഭിക്കുന്ന അധിക കാര്‍ഡുകളാണ് ആഡ് ഓണ്‍ കാര്‍ഡുകള്‍.

നിങ്ങളൊരു ക്രെഡിറ്റ് കാര്‍ഡുടമയാണെങ്കില്‍ കുട്ടികള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി ആഡ് ഓണ്‍ കാര്‍ഡിന് അപേക്ഷിക്കാം. പ്രധാന കാര്‍ഡിനെ പോലെ തന്നെ ഇതും ഉപയോഗിക്കാം. ഒരു പ്രൈമറി കാര്‍ഡിന് എത്ര ആഡ് ഓണ്‍ എന്നത് ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സാധാരണ നിലയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ ആഡ് ഓണ്‍ കാര്‍ഡ് അനുവദിക്കും.

ഫീസ്

അധികമായി അനുവദിക്കുന്ന കാര്‍ഡുകള്‍ക്ക് അധിക ഫീസ് നല്‍കേണ്ടി വരും. സാധാരണ ഇത് 125 രൂപ മുതല്‍ ആണ്. പരമാവധി 1000 രൂപ വരെ ഈടാക്കാറുണ്ട്. ആഡ് ഓണ്‍ കാര്‍ഡുകളില്‍ വരുന്ന എല്ലാ അധിക ചെലവുകളുടേയും ഉത്തരവാദി പ്രാഥമിക കാര്‍ഡ് ഉടമയായിയിരിക്കും.

വായ്പ പരിധി

ആഡ് ഓണ്‍ കാര്‍ഡിന്റെ വായ്പാ പരിധി പ്രധാന കാര്‍ഡിന്റേതിന് തുല്യമായിരിക്കും. ചില ബാങ്കുകള്‍ തുക കുറയ്ക്കാറുമുണ്ട്. ഇത് ബാങ്കിന്റെ വിവേചനാധികാരമാണ്.

വായ്പാ സ്‌കോര്‍

എല്ലാ കാര്‍ഡുകളുടെയും കുടിശിക ബില്‍ പ്രധാന കാര്‍ഡുടുമയ്ക്കാവും ലഭിക്കുക. തിരിച്ചടവില്‍ വീഴ്ച വന്നാല്‍ ഉത്തരവാദിയും പ്രധാന കാര്‍ഡിന്റെ ഉടമയായിരിക്കും. ഇത് അയാളുടെ സിബില്‍ സ്‌കോറില്‍ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ട് പ്രധാന കാര്‍ഡുടമസ്ഥന് മറ്റ് കാര്‍ഡുകളെ നിരീക്ഷിക്കാനുള്ള അവസരം ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഈ ഓപ്ഷന്‍ സ്വീകരിച്ച് മറ്റ് കാര്‍ഡുകളുടെ ചെലവ് നിരീക്ഷിക്കാം.

ഓണ്‍ലൈനില്‍ അപേക്ഷ

ആഡ് ഓണ്‍ കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. അതാത് ബാങ്കുകളുടെ വെബ്‌സൈറ്റില്‍ പോയി 'ക്രെഡിറ്റ് കാര്‍ഡ്‌സ്' എന്ന ഓപ്ഷന് കീഴില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷാ ഫോമുണ്ട്. ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഈ അപേക്ഷ പൂരിപ്പിച്ച്് അടുത്തുള്ള ശാഖയുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ കൈപ്പറ്റാം.

English Summary : Add on Card Facility for Credit Card

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com