ADVERTISEMENT

നൂലാമാലകളില്ലാതെ പെട്ടെന്ന് വായ്പ എന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്കെിരെ മുന്നറിയിപ്പുമായി എസ് ബി ഐ. കഴുത്തറപ്പന്‍ പലിശയും, ഭീഷണിയും കൈ വൈ സി ചൂഷണവും നടത്തുന്ന ഇത്തരം ആപ്പുകളുടെ കെണിയില്‍ പെട്ട് വഞ്ചിതരാവാതിരിക്കണമെന്ന ആര്‍ ബി ഐ മുന്നറിയിപ്പ് വന്നുടനെയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കും ഉപഭോക്താക്കളോട് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനം കുറഞ്ഞവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ കൂടുതലും പെടുന്നത്. കേരളത്തില്‍ തന്നെ ആയിരങ്ങള്‍ ഇത്തരം കെണികളില്‍ പെട്ടിട്ടുണ്ട്. 5,000 രൂപ അത്യാവശ്യത്തിനെടുത്ത് അത് പെരുകി മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ വരെ ബാധ്യതക്കാരായവര്‍ നിരവധിയാണ്. രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ലാതെ, തടസങ്ങളില്ലാതെ ഉടന്‍ വായ്പ എന്നതാണ് ഇത്തരം  ആപ്പുകളുടെ രീതി.

തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് ബാങ്കുകളും മുന്നറിയിപ്പുമായി ഇറങ്ങിയത്. എസ് ബി ഐ ആയോ മറ്റേതെങ്കിലും ബാങ്കായോ തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന ഇത്തരം തട്ടിപ്പ് ലിങ്കുകള്‍ സന്ദര്‍ശിക്കരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

പണം വാങ്ങുന്നതിന് മുമ്പ്

അത്യാവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയുമെങ്കിലും ഇവിടെ അത്യാവശ്യം ബുദ്ധി ഉപയോഗിച്ചില്ലെങ്കില്‍ പുലിവാലാകും. അതുകൊണ്ട് പണത്തിനായി ഇത്തരം ആപ്പുകളെ സമീപിക്കുന്നുവെങ്കില്‍ ആദ്യം നിബന്ധനകള്‍ അതായത് പലിശ, പ്രോസസിങ് ഫീസ് തുടങ്ങിയവ വ്യക്തമായി മനസിലാക്കുക. 5,000 രൂപ വായ്പയ്ക്ക് 1,500 രൂപ വരെ പ്രോസസിംഗ് ഫീസ,് നികുതി എന്നീങ്ങനെ പിടിക്കുന്നവരുണ്ട്. പണം കൈപ്പറ്റുമ്പോഴായിരിക്കും ഉപഭോക്താവ് ഈ തട്ടിപ്പ് അറിയുക തന്നെ. ഇതൊഴിവാക്കാന്‍ ആദ്യമേ തന്നെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തണം.

ആധികാരികത ഉറപ്പാക്കണം

സംശയകരമായ ലിങ്കുകള്‍ സന്ദര്‍ശിക്കാതിരിക്കലാണ് മറ്റൊരു പ്രധാന കാര്യം. ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ബാങ്കുകളുടെ ഔദ്യോഗീക പേജുകളുടേതെന്ന വ്യാജേന വരുന്ന ലിങ്കുകളെ കരുതിയിരിക്കുക. ഒരു കാരണവശാലും ഇത്തരം ആപ്പുകള്‍ക്ക് നിങ്ങളുടെ കെ വൈ സി വിവരങ്ങൾ കൈമാറരുത്. ആധാറും ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമെല്ലാം അന്യോന്യം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് ഇത് വലിയ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചേക്കാം.

ആപ്പുകളെ ഒഴിവാക്കാം

ആശുപത്രി ചെലവുകള്‍ അടക്കമുള്ള വലിയ അത്യാവശ്യം മുന്നിലെത്തുമ്പോഴാണ് എങ്ങനെയും പണം സംഘടിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിയുന്നതും ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ വേണം സന്ദര്‍ശിക്കാന്‍. അല്ലെങ്കില്‍ പരിചയക്കാരില്‍ നിന്ന്് കടം വാങ്ങുകയും ആകാം. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ മാത്രമേ ഇത്തരം ലെന്‍ഡിങ് ആപ്പുകളെ കുറിച്ച് ചിന്തിക്കാവൂ. വലിയ വായ്പ കെണിയില്‍ ഇത് നമ്മളെ പെടുത്തുമെന്നു മാത്രമല്ല പിന്നീട് കെ വൈ സി പോലുള്ളവ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള മനക്ലേശവും അനുഭവിക്കേണ്ടി വരും.

English Summry : Keep Away from Lending app Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com