ചെറുകിട ബിസിനസില്‍ മികച്ച നേട്ടമുണ്ടാക്കാൻ ഈ മാർഗം നോക്കാം

HIGHLIGHTS
  • പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഉയര്‍ന്ന വരുമാനം നേടാം
find-happiness-from-thoughts
SHARE

ചെറുകിട ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. ബിസിനസ് വളര്‍ത്താന്‍ കുറച്ചു സമയവും പണവും പരിമിതമായ വിഭവങ്ങളും മാത്രമേ നിങ്ങളുടെ പക്കലുണ്ടാകൂ. എന്നാല്‍, നിങ്ങളുടെ കഴിവുകള്‍ വിദഗ്ധമായി വിനിയോഗിച്ചാല്‍ ബ്രാന്‍ഡിനു മികച്ച വരുമാനം നേടാം. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഉയര്‍ന്ന വരുമാനം നേടാന്‍ കഴിയുന്നൊരു മാര്‍ഗത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പബ്ലിക്ക് റിലേഷന്‍സാണ് (പിആര്‍) മികച്ച വരുമാനത്തിലേക്കുള്ള ആ വഴി.

ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പിആര്‍. ജനങ്ങളുടെ ശ്രദ്ധ നേടാനും ചെലവുകുറഞ്ഞ രീതിയില്‍ പബ്ലിസിറ്റി നേടാനും നല്ല പിആറിലൂടെ സാധിക്കും. നല്ല മാര്‍ക്കറ്റിങ് ബജറ്റുള്ള വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്കു മാത്രമാണ് പിആര്‍ ചെയ്യാന്‍ സാധിക്കുന്നതെന്നാണ് മിക്കവരുടെയും ധാരണ. ചെറുകിട ബിസിനസുകള്‍ വളരാന്‍ പിആര്‍ അത്യാവശ്യമാണ്. ഇത്തരം ബിസിനസുകള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ലളിതമായ പിആര്‍ സ്ട്രാറ്റജികളെകുറിച്ചാണ് ഇവിടെ പറയുന്നത്.

ബജറ്റ് കുറയ്ക്കും

അധികം പണച്ചെലവില്ലാതെ നിങ്ങളുടെ ബ്രാന്‍ഡിന് പ്രശസ്തി നല്‍കുകയാണ് പിആറിലൂടെ ചെയ്യുന്നത്. മൗത്ത് പബ്ലിസിറ്റിയും സ്വാഭാവികമായ പ്രശസ്തിയും പിആറിന്റെ ഭാഗമാണ്. ഇന്‍ഫ്ളുവെന്‍സര്‍മാര്‍, മാധ്യമങ്ങൾ, ഉപഭോക്താക്കള്‍, എന്തിന് ജീവനക്കാര്‍ പോലും നല്‍കുന്ന അഭിപ്രായങ്ങള്‍ ഭാവിയില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാണ്.

പരസ്യത്തേക്കാള്‍ മെച്ചം

നല്ല രീതിയില്‍ പിആര്‍ ചെയ്താല്‍ മീഡിയ കവറേജ്, കസ്റ്റമര്‍ ടെസ്റ്റിമോണിയല്‍, മൗത്ത് പബ്ലിറ്റി എന്നിവയിലൂടെ നിങ്ങളുടെ ബ്രാന്‍ഡിന് പോസിറ്റീവായ പബ്ലിസിറ്റി ലഭിക്കും. പരസ്യത്തേക്കാള്‍ മികച്ച വഴി ഇതാണെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

∙ബ്രാന്‍ഡിനെ കുറിച്ച് ഒരാള്‍ പറയുന്ന നല്ല കാര്യങ്ങള്‍ പരസ്യത്തേക്കാള്‍ വിശ്വാസ്യത നിങ്ങളുടെ ബ്രാന്‍ഡിനു നല്‍കും.

മാര്‍ക്കറ്റിന് ഇഷ്ടം

ഉപഭോക്താക്കളിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് പിആര്‍. ഇതിലൂടെ നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് അവരില്‍ അവബോധം വളര്‍ത്താനും പോസിറ്റീവായ ബിസിനസ് ഇമേജ് സൃഷ്ടിക്കാനും സാധിക്കും. പരസ്യത്തിനു സാധിക്കാത്ത പല കാര്യങ്ങളും ബ്രാന്‍ഡുകള്‍ക്കു പിആറിലൂടെ നേടിയെടുക്കാം.

ഓഡിയന്‍സിന് നല്ല മൂല്യം നല്‍കുന്ന രീതിയില്‍ നിങ്ങളുടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാം. ഇതിനായി അവര്‍ക്ക് ഉപയോഗപ്രദമായ വിവരങ്ങള്‍, വിദ്യാഭ്യാസപരവും ഉത്തേജിപ്പിക്കുന്നതുമായ വിവരങ്ങള്‍ എന്നിവയൊക്കെ ഷെയര്‍ ചെയ്യാം. നല്ല പദ്ധതികള്‍ രൂപീകരിച്ച് ഇക്കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായാല്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബ്രാന്‍ഡിന് സാധിക്കും.

പ്രശ്‌നങ്ങള്‍ക്കു തടയിടാം

അതൃപ്തനായ ഒരു ഉപഭോക്താവിന്റെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയേക്കും. ഇതുമാത്രമല്ല, ജീവനക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഉത്പന്നത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിയമപ്രശ്‌നങ്ങള്‍ എന്നിവയും ഉടലെടുത്തേക്കാം. ഇതിനൊക്കെ തടയിടാന്‍ നല്ല പിആറിലൂടെ സാധിക്കും.

∙ബ്രാന്‍ഡിന്റെ മൂല്യം എപ്പോഴും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രധാനകാര്യം.നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. 

∙ബിസിനസിനെ എപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കണം. ഇല്ലെങ്കില്‍ വലിയ റിസ്‌കാണ്. ഓര്‍ക്കുക, ഒരു നെഗറ്റീവ് കമന്റ് പോലും ബ്രാന്‍ഡിന്റെ വിശ്വാസ്യതയും നിലനില്‍പ്പ് തന്നെയും അപകടത്തിലാക്കിയേക്കാം.

ബ്രാന്‍ഡ് വിസിബിലിറ്റി

പരമ്പരാഗത മാധ്യമങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ഓണ്‍ലൈന്‍ മീഡിയ. ബ്രാന്‍ഡിനെ സംബന്ധിച്ച ന്യൂസ് ആര്‍ട്ടിക്കിളുകള്‍ എല്ലായ്പ്പോഴും സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ, നിങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് മുന്‍കൂട്ടി ഉറപ്പാക്കേണ്ടത് ആവശ്യമാണ്.ഈ വിവരങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളും ബ്ലോഗര്‍മാരും ഷെയര്‍ ചെയ്‌തേക്കും. അതുകൊണ്ടു വിവരങ്ങളുടെ കൃത്യത പ്രധാനപ്പെട്ടതാണ്. കൃത്യമായ, മൂല്യമുള്ള വിവരങ്ങള്‍ സമയാസമയങ്ങളില്‍ പുറത്തുവിടുന്നത് സെര്‍ച്ച് എന്‍ജിനില്‍ മുന്നിലെത്താനും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും സഹായിക്കും.

അവസാനിക്കാത്ത ബന്ധങ്ങള്‍

വിശ്വാസ്യതയിലും മൂല്യത്തിലുമാണ് പിആര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിആറിലൂടെ നിങ്ങള്‍ക്കു ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും ജനപ്രീതി വര്‍ധിപ്പിക്കാനും കഴിയും. ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് അല്‍പ്പം ക്ഷമയോടെ ചെയ്യേണ്ട പ്രവര്‍ത്തനമാണ്. ചിലപ്പോള്‍ നിങ്ങള്‍ നിരാകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും പിന്‍മാറാന്‍ കൂട്ടാക്കരുത്. കൃത്യമായ പദ്ധതിയോടെ പ്രവര്‍ത്തിച്ചാല്‍ ഉപഭോക്താക്കളുമായി നല്ല ബന്ധം കെട്ടിപ്പടുക്കാനാവും.

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും പിആറിനായി ചെലവഴിക്കുക. പുതിയ ഉപഭോക്താക്കള്‍ നിങ്ങളെ തേടിയെത്തുന്നതും കൂടുതലാളുകള്‍ ബ്രാന്‍ഡിനെക്കുറിച്ചു സംസാരിക്കുന്നതും കാണാം. പോസിറ്റീവ് പബ്ലിസിറ്റി പണച്ചെലവില്ലാതെ ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഗുണവും.

ഇന്നോവിന്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 8606007771

English Summary: Small Business Units can use PR in an Effective Way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA