ADVERTISEMENT

പൊതുമേഖല ബാങ്കായ എസ് ബി ഐ ഭവന വായ്പാ പലിശയില്‍ വീണ്ടും കുറവ് വരുത്തിയതിനെ തുടർന്ന് പ്രമുഖ ബാങ്കുകളെല്ലാം പലിശ കുറയ്ക്കുന്നു. ഈ നിരയിൽ ഏറ്ററ്വുമൊടുവിലായി എച്ച് ഡി എഫ് സി യും പലിശനിരക്ക് കുറച്ചു. ഭവന വായ്പ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചുകൊണ്ട് വരികയാണ്.  നിലവിലെ 6.8 ശതമനത്തില്‍ നിന്നും 6.75 ശതമാനത്തിലേക്കാണ് എച്ച് ഡി എഫ് സി നിരക്ക് താഴ്ത്തിയത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ആഴ്ച എസ് ബി ഐ പലിശ നിരക്ക് 6.8 ല്‍ നിന്നും 6.75 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. കൂടാതെ പ്രോസസിങ് നിരക്കും സൗജന്യമാക്കി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഭവനവായ്പകളില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ബാങ്കുകള്‍ പലിശ ഇളവു പ്രഖ്യാപിക്കുന്നത്. സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്രയുടെ കുറഞ്ഞ വായ്പാ പലിശ നിരക്ക് 6.65 ശതമാനമാണ്. ഐ സി ഐ സി ഐ യുടെ നിരക്ക് 6.8 ശതമാനമാണ്. ബാങ്കുകള്‍ നിരക്ക് കുറയ്ക്കുന്നുണ്ട് എങ്കിലും വിരലിലെണ്ണാവുന്ന ഉപഭോക്താക്കള്‍ക്കേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ക്രെഡിറ്റ് സ്‌കോര്‍ പരിധി ഉയര്‍ത്തിയതാണ് ഇതിന് കാരണം. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പുതിയ നിരക്കുകള്‍ ബാധകമാവുക. 

ഡിമാന്റ് കുറയുന്നു

ഭവന വായ്പ ആവശ്യക്കാർ കുറയുന്നതാണ് ബാങ്കുകളെ ഇങ്ങനെ പലിശ കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് നിലവിലെ മാര്‍ക്കറ്റിനെ പരമാവധി സ്വന്തമാക്കുക. ഇതാണ് ബാങ്കുകള്‍ സ്വീകരിക്കുന്ന നയം. സാമ്പത്തിക പ്രതിസന്ധി പിടികൂടിയ സമ്പദ് വ്യവസ്ഥയെ കോവിഡ് വൈറസ് വലിയ തോതിലാണ് ബാധിച്ചത്. ഹൗസിങ് മേഖലയിലെ വായ്പ ആവശ്യം ഇതോടെ ഇടിഞ്ഞു.

സുരക്ഷിത വായ്പ

റീട്ടെയ്ല്‍ മേഖലയില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്നതാണ് ഭവനവായ്പ. ബാങ്കുകളുടെ കൈയ്യില്‍ പണമുണ്ടെങ്കിലും വായ്പ എടുക്കാന്‍ ആളു വരുന്നില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ്് വിപണി പിടിക്കാന്‍ മത്സരിക്കുന്നത്. പല ബാങ്കുകളും ആറേമുക്കാല്‍ ശതമാനത്തിന് വരെ വായ്പ നല്‍കുന്നുണ്ട്. ഇതിനിടയിലാണ് എല്‍ ഐ സി അടക്കമുള്ള ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ കുറഞ്ഞ പലിശയില്‍ മത്സരിക്കാനെത്തുന്നത്. ഭവനവായ്പ രംഗം ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സര വേദിയാണ്.

25 ലക്ഷത്തിന് മാസ അടവ് 16,000

നിലവില്‍ കൊട്ടക് ബാങ്ക് 6.65 ശതമാനത്തിനാണ് ബാങ്ക് ഭവനവായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്. എസ് ബി ഐ 6.7 ശതമാനത്തിനും. കനറാ ബാങ്ക് അടക്കമുള്ള പല പൊതുമേഖലാ ബാങ്കുകളും 6.8 ശതമാനത്തില്‍ താഴെ വായ്പകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ നിരക്ക് 6.85 ശതമാനമാണ്. 25,00,000 രൂപ 30 വര്‍ഷത്തേയ്്ക്ക് 6.65 ശതമാനം നിരക്കില്‍ വായ്പയെടുത്താല്‍ മാസ തിരിച്ചടവ് 16,049 രൂപയേ വരു. ഇത് 25 വര്‍ഷത്തേയ്ക്ക് ആണെങ്കില്‍ 17,115 രൂപയാണ് മാസ ഗഡു വരിക.

നിലവിലെ വായ്പകള്‍

പുതിയ വായ്പകള്‍ക്കാണ് ബാങ്കുകള്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് നിലവിലുള്ള വായ്പകള്‍ക്ക്് ഈ നിരക്കുകള്‍ ബാധകമല്ല. പ്രോസസിങ് ഫീസ് അടക്കം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത് മാര്‍ച്ച് 31 വരെ മാത്രമാണെന്നോര്‍ക്കണം. കൂടാതെ ക്രെഡിറ്റ് സ്‌കോര്‍ പരിധി മുമ്പത്തെക്കാളുമധികം ഉയര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയുമില്ല. ക്രെഡിറ്റ് സ്‌കോര്‍ പരിഗണിച്ചായിരിക്കും കുറഞ്ഞ പലിശ പുതിയ വായ്പകള്‍ക്ക് പോലും ബാധകമാക്കുക.

English Summary: Home Loan Interest Rates Reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com