ADVERTISEMENT

‘മാഷേ, സർക്കാർ സബ്സിഡി പാവങ്ങൾക്കുള്ളതല്ലേ? ഇത്രേം വലിയ വീടിന് സബ്സിഡിയോ? േകന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിൽ നിർമിച്ച എന്റെ വീടു കണ്ട പലരും ചോദിച്ചിട്ടുണ്ട്. ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആദ്യം അറിഞ്ഞത് 2017 നവംബർ ലക്കം സമ്പാദ്യം മാസികയിലെ കവർസ്റ്റോറിയിലൂടെ ആയിരുന്നു. അതു വായിച്ചതോടെ നഗരപ്രദേശത്ത് നല്ലൊരു വീടെന്ന ചിരകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളച്ചു.

അന്വേഷണം ആദ്യ പടി 

സമ്പാദ്യത്തിൽ പറഞ്ഞിരുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസം തോന്നി. പിന്നെ, ഹഡ്കോ (തിരുവനന്തപുരം) യുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തി. ഒരു പൊതു ചോദ്യാവലി തയാറാക്കി അഞ്ച് ബാങ്കുകളുമായി ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങൾ താരതമ്യം ചെയ്തു. അര ശതമാനം പലിശ കൂടുതലായിട്ടും സേവന‌ മികവു പരിഗണിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിനെ തിരഞ്ഞെടുത്തു. പിഎംഎവൈയുടെ നിബന്ധനകൾക്കനുസരിച്ചാണ് പ്ലാൻ തയാറാക്കിയത്. 

MIG-2 ഉൾപ്പെടുന്ന ഞങ്ങൾക്കു വരുമാനപരിധിയനുസരിച്ച് 200 ചതുരശ്ര മീറ്റർ ഉൾവിസ്തൃതി (കാർപറ്റ് ഏരിയ)യുള്ള പ്ലാൻ. 2500–2600 സ്ക്വയർ ഫീറ്റ് വീടു പോലും ഈ പരിധിയിലാണ് വരുന്നത്. 

പൂർത്തിയാകും മുൻപേ സബ്സിഡി

20 ലക്ഷം രൂപയുടെ 20 വർഷ വായ്പ അനുവദിച്ച് മാസങ്ങൾക്കുള്ളിൽ 2,29,581 രൂപ സബ്സിഡിയായി എന്റെ അക്കൗണ്ടിൽ എത്തി. MIG-2 ക്കു അർഹമായ 12 ലക്ഷം രൂപ വായ്പയ്ക്കുള്ള ഇരുപതു വർഷത്തെ 3% പലിശ സബ്സിഡിയാണിത്. ഈ തുക ആദ്യം തന്നെ ലഭിച്ചതോടെ വായ്പപലിശയും ഇഎംഐയും ഗണ്യമായി കുറഞ്ഞു. 

വായ്പ ഇനിയും 18 വർഷത്തിലധികം ഉണ്ട്. നിലവിൽ ഏഴു ശതമാനത്തിൽ താഴെ ലഭ്യമാണെന്നതിനാൽ ഫലത്തിൽ ഒരു ശതമാനം കൂടുതൽ പലിശയാണ് എനിക്ക്. മാസഗഡുവിൽ ആയിരത്തിലധികം രൂപ കൂടുതൽ. കാലാവധി മുഴുവനെടുത്താൽ രണ്ടു ലക്ഷത്തിലധികം അധികം അടയ്ക്കണം. ഇതോടെ സബ്സിഡിയുടെ മെച്ചം ഇല്ലാതെ പോകുമെന്നായി ചിന്ത. 

ഈ സാഹചര്യത്തിൽ പലിശ കുറഞ്ഞ ബാങ്കിനെ കൊണ്ട് എന്റെ വായ്പ േടക് ഓവർ‌ ചെയ്യിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. നടപടിക്രമങ്ങൾക്കായി പതിനായിരത്തോളം രൂപ ചെലവ് വരുമെങ്കിലും മൊത്തം കണക്കാക്കിയാൽ ഏറെ നേട്ടമുണ്ട്.

സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം വരെ 6.80 ശതമാനത്തിനും അതിനു മുകളിൽ 6.95 ശതമാനത്തിനും ഭവനവായ്പ കിട്ടും. ടേക് ഓവർ ചെയ്യുമ്പോഴും ഡിജിറ്റൽ വായ്പ എടുക്കുമ്പോഴും വനിതകൾ വായ്പ എടുക്കുമ്പോഴും 0.05% ഇളവുണ്ട്. പ്രോസസിങ് ചാർജും ഒഴിവാക്കിയിട്ടുണ്ട്. 

MIG-1, MIG-2 വിഭാഗങ്ങൾക്കുള്ള പദ്ധതി 2021 മാർച്ച് 31 വരെയാണ്. EWS, LIG എന്നീ വിഭാഗങ്ങളുടേത് 2022 മാർച്ച് 31 ന് അവസാനിക്കും. വീടു പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇത്രയും നല്ല സമയം ഇനി വരില്ല. 7 ശതമാനത്തിനു താഴെ വരെ ഭവനവായ്പ ലഭ്യമാണ്. 

18 ലക്ഷം വരുമാനം ഉള്ളവർക്കും സബ്സിഡി

വിവിധ വരുമാന വിഭാഗങ്ങളും അവർക്കുള്ള സബ്സിഡിയും താഴെ പട്ടികയിൽ കാണുക.

PMAY1

 

ബാങ്കിൽ അപേക്ഷ നൽകിയാൽ അത് മിനിസ്റ്ററി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സി (MoHUA) ന്റെ CLAP (CLSS Awas Portal) പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. സബ്സിഡിക്ക് അർഹനാണെന്നു കണ്ടാൽ യുണീക് ഐഡന്റിറ്റി നമ്പർ അനുവദിക്കും. കൂടുതൽ വിവരങ്ങൾ ഈ നമ്പറിലൂടെ നൽകുന്നു. പോർട്ടലിൽ പ്രവേശിച്ച് സ്വയം സ്റ്റാറ്റസ് പരിശോധിക്കാം.

ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷൻ (HUDCO), നാഷനൽ ഹൗസിങ് ബാങ്ക് (NHB), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എന്നിവയാണ് നോ‍ഡൽ ഏജൻസികൾ. LIG, EWS വിഭാഗങ്ങളിലെ ആദ്യ അപേക്ഷക വനിതയായിരിക്കണം. ഗൃഹനാഥനെ രണ്ടാമത്തെ അപേക്ഷകനാക്കാം. സ്ഥലത്തിന്റെ പ്രമാണം ഗൃഹനാഥയുടെ േപരിലായിരിക്കണം. ലൈഫ് ഭവന പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണം.

അർഹതയുടെ മാനദണ്ഡങ്ങൾ

വീടു കോർപറേഷൻ - മുനിസിപ്പൽ പ്രദേശത്ത് ആയിരിക്കണം. ഇന്ത്യയിൽ ഒരിടത്തും സ്വന്തമായി വീട് ഉണ്ടാകരുത്. 3-18 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളവരാകണം. ഭർത്താവ്, വിവാഹം കഴിക്കാത്ത മക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. 

പിഎംഎവൈ സബ്സിഡിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതു ലഭിച്ച ശേഷമേ വായ്പ ടേക് ഓവർ ചെയ്യാവൂ. നിബന്ധനകൾക്കനുസരിച്ചു വേണം പ്ലാൻ തയാറാക്കാൻ. ഓരോ വിഭാഗത്തിൽ പെട്ടവരും നിർദിഷ്ട കാർപറ്റ് ഏരിയ ഉറപ്പാക്കണം. പ്ലാനിൽ പ്ലിന്ത് ഏരിയയും കാർപറ്റ് ഏരിയയും വേർതിരിച്ചു കാണിക്കണം. അപേക്ഷ നൽകിയിട്ടു തിരുത്തുന്നത് ബുദ്ധിമുട്ടാണെന്ന കാര്യം ഓർമിക്കുക. േവഗത്തിൽ സബ്സിഡി വാങ്ങിത്തരുന്നതും കുറഞ്ഞ പലിശയുള്ളതുമായ ബാങ്കുകളെ പരിഗണിക്കുക.

ഗൃഹനാഥയെ ഒന്നാം അപേക്ഷകയാക്കുക. മിക്ക ബാങ്കിലും വനിതകൾക്കു പലിശ ഇളവുണ്ട്. ആദായനികുതി ആനുകൂല്യവും രണ്ടുപേർക്കും പങ്കിട്ടെടുക്കാം.

ബാങ്കുകൾക്കു താൽപര്യക്കുറവ്

PMAY

പിഎംഎവൈ വായ്പ അപേക്ഷകരോട് ബാങ്കുകൾക്കു താൽപര്യക്കുറവാണ്. അതിനാൽ അപേക്ഷകൻ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം ബാങ്കുകളെ സമീപിക്കുക. ബാങ്ക് വിസമ്മതം പ്രകടിപ്പിച്ചാൽ ജില്ലാതല ബാങ്കേഴ്സ് സമിതിയിൽ പരാതി നൽകാം 

 

English Summary: PMAY Subsidy Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com