ADVERTISEMENT

കഴിഞ്ഞവര്‍ഷം രണ്ടാം പകുതിയോടെ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വില 21 ശതമാനത്തോളം ഇടിഞ്ഞതോടെ സ്വര്‍ണ പണയ വായ്പകള്‍ക്ക് പഴയ ഡിമാന്റില്ലാതായി. എന്നു മാത്രമല്ല ഉയര്‍ന്ന തുകയ്ക്ക് നല്‍കിയ സ്വര്‍ണ വായ്പ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ധനകാര്യ സ്ഥാപനങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 10 ഗ്രാം സ്വര്‍ണത്തിന് 11,500 രൂപയുടെ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 10 ഗ്രാം സ്വര്‍ണത്തിന് ഇടിഞ്ഞത് 5,000 രൂപയാണ്.

വിലയിടിഞ്ഞപ്പോൾ ഇടിത്തീ 

കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയുടെ 90 ശതമാനം വരെ പണയ വായ്പ നല്‍കുന്നതിന് ആര്‍ ബി ഐ ബാങ്കുകള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുവാദം നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള ഉപായം എന്ന നിലയ്ക്കാണ് അതുവരെ 75 ശതമാനം എന്ന പരിധിവെച്ച് നല്‍കിയിരുന്ന വായ്പ തുക ഉയര്‍ത്തിയത്. ഇതോടെ പണയ സ്വര്‍ണത്തിന് വിപണി മൂല്യത്തിന്റെ അത്ര തന്നെ വായ്പ ലഭിക്കുമെന്നായി. ദിനം പ്രതി വില കുതിച്ചുയരുന്ന ഘട്ടത്തിലായിരുന്നു അങ്ങനെ ഒരു തീരുമാനം വന്നത്.  ഇതാണ് വില ഇടിഞ്ഞപ്പോള്‍ വായ്പ എടുത്തവര്‍ക്കും കൊടുത്തവര്‍ക്കും ഇടിത്തീ ആയി മാറിയത്.

അന്ന് പണയം വച്ച് 90 ശതമാനം വായ്പ വാങ്ങിയ ഒരാള്‍ക്ക് 21 ശതമാനം വില ഇടിഞ്ഞതോടെ ഉരുപ്പടി തിരിച്ചെടുക്കാതിരിക്കുന്നതാണ് ലാഭം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബാങ്കുകളാവട്ടെ ഈട് കിട്ടിയ സ്വര്‍ണം വിറ്റാലും മുതലുപോലും വസുലാവില്ല എന്ന നിലയിലുമാണ്.

തിരിച്ചെടുക്കാനത്ര താൽപ്പര്യം പോര 

ഈ വര്‍ഷമാദ്യം 10 ഗ്രാം സ്വര്‍ണത്തിന് വില ഏകദേശം 50,000 രൂപയായിരുന്നു. അന്ന് 10 ഗ്രാം സ്വര്‍ണം പണയപ്പെടുത്തി 90 ശതമാനം പണം വാങ്ങിയ ഒരാള്‍ക്ക് 45,000 രൂപ വായ്പ ലഭിച്ചിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ ഇത് 46,385 (22 കാരട്ട്) രൂപയായി താഴ്ന്നു. വായ്പ എടുത്ത തുകയുടെ ശരാശരി 10 ശതമാനം പലിശ കണക്കാക്കിയാലും പണയ സ്വര്‍ണത്തിന് ഇന്ന് അത്രയും വില വരില്ല. ഉരുപ്പടിയ്ക്കില്ലാത്ത മൂല്യം തിരിച്ചടച്ച് സ്വര്‍ണമെടുക്കാന്‍ പണയപ്പെടുത്തിയവര്‍ താത്പര്യം കാണിക്കുകയുമില്ല. കൃത്യമായ ഈടില്‍ നല്‍കുന്ന വായ്പകളായതിനാലാണ് ബാങ്കുകള്‍ മത്സരിച്ച് ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തേയ്ക്ക് കടന്നു വന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ പണയസ്വര്‍ണം വിറ്റ് പലിശയും മുതലും ഈടാക്കാമായിരുന്നു.ഇപ്പോൾ വിലയിടിഞ്ഞതോടെ പലിശയും മുതലും സ്വര്‍ണവിലയില്‍ തട്ടിക്കിഴിക്കാനുമാകുന്നില്ല.

വായ്പ തുകയ്ക്ക് കുറഞ്ഞ പരിധി 

പണയ വായ്പകളുടെ നല്ലൊരു ശതമാനവും ആറ് മാസം, ഒരു വര്‍ഷം കാലാവധിയില്‍ എടുക്കുന്നവയാണ്. വില ഇടിയുന്ന സാഹചര്യത്തില്‍ വായ്പ എടുത്തവരോട് ഉടന്‍ തുക തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടേക്കാം. കാരണം കൂടുതല്‍ നഷ്ടം വരാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഇത് ചെയ്തേ പറ്റു. വായ്പ എടുത്തവര്‍ക്കാണെങ്കിലോ പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ബാങ്കുകള്‍ നല്‍കാന്‍ തയ്യാറാണെങ്കിലും ഉരുപ്പടിയുടെ മൂല്യത്തിന്റെ പരമാവധി ഉയര്‍ന്ന പരിധിയില്‍ സ്വര്‍ണവായ്പ എടുക്കാതിരിക്കുന്നതാണ് ഇരുകൂട്ടര്‍ക്കും മനസമാധാനത്തിന് നല്ലത്. ഈ വായ്പ നിന്ന നില്‍പ്പില്‍ അടച്ച് നിയമനടപടി ഒഴിവാക്കാന്‍ വേറെ കടമെടുക്കേണ്ടതായി വരും. അതല്ലെങ്കില്‍ ബാങ്കുകളുടെ ആവശ്യപ്രകാരം കൂടുതല്‍ അളവ് സ്വര്‍ണം പണയം നല്‍കി വില ക്രമപ്പെടുത്തേണ്ടി വരും. പെട്ടെന്ന് തിരിച്ചടയ്ക്കാതിരിക്കാന്‍ വായ്പ എടുത്തവര്‍ക്ക് ന്യായമുണ്ടെങ്കിലും ഈ പ്രതിസന്ധികാലത്ത് മറ്റൊരു മനക്ലേശത്തിന് ഇത് മതി.

English Summary: What Happened to High Value Gold Loans while Price is going down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com