മൊറട്ടോറിയവും ക്രെഡിറ്റ് സ്കോറും പലരുടെയും ജീവിതം പ്രയാസത്തിലാക്കുന്നതിങ്ങനെ

HIGHLIGHTS
  • 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വായ്പതിരിച്ചടവുകൾക്കു സാവകാശം നൽകുകയായിരുന്നു മൊറട്ടോറിയത്തിൽ
Credit-Card-5
SHARE

ലോക്ഡൗൺ കാലത്തെ മൊറട്ടോറിയം സംബന്ധിച്ച കോടതി വിധി ബാങ്കുകളുടെ ഇനിയുള്ള തീരുമാനങ്ങളെ സ്വാധീനിക്കും. വരുമാനത്തിന്റെ ഉറപ്പും തിരിച്ചടയ്ക്കാനുള്ള മനസ്സും ഉള്ളവർക്കു മാത്രം വായ്പകൾ അനുവദിക്കാൻ ബാങ്കുകൾ കൂടുതൽ ശ്രദ്ധിക്കും. ഇതു പലരുടെയും ജീവിതം പ്രയാസത്തിലാക്കും.

മൊറട്ടോറിയം കാലത്തെ പലിശ മൊത്തത്തിൽ എഴുതിത്തള്ളാൻ ആകില്ലെന്നും പലിശയ്ക്കു പലിശയായോ പിഴപ്പലിശയായോ തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നുമാണ് കോടതി വിധി. എല്ലാ വായ്പകൾക്കും ഇതു ബാധകമാണ്. കൂടാതെ, തിരിച്ചടവിൽ വീഴ്ച വന്നിട്ടുള്ള വായ്പകളെ എൻപിഎ അഥവാ നിഷ്ക്രിയ ആസ്തികളായി തരം തിരിക്കുന്ന നടപടികൾക്കുണ്ടായിരുന്ന സ്റ്റേ നീക്കം ചെയ്യുകയും ഉണ്ടായി.

മൊറട്ടോറിയവും ക്രെഡിറ്റ് സ്കോറും 

2020 മാർച്ച്  മുതൽ ഓഗസ്റ്റ് വരെയുള്ള വായ്പ തിരിച്ചടവുകൾക്കു സാവകാശം നൽകുകയായിരുന്നു മൊറട്ടോറിയത്തിൽ. മൊറട്ടോറിയം പ്രകാരം വായ്പതിരിച്ചടവിൽ സാവകാശം തേടിയ എല്ലാവരുടെയും വായ്പാവിവരങ്ങൾ ക്രെഡിറ്റ് സ്‌കോർ തയാറാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്കു പല ബാങ്കുകളും ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. ഭാവിയിൽ എടുക്കാൻ സാദ്ധ്യതയുള്ള വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കും എന്ന് മുൻകാല സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്ന രീതിയിലാണല്ലോ ക്രെഡിറ്റ് സ്കോർ തയാറാക്കുന്നത്. അപ്പോൾ മൊറട്ടോറിയം കാലത്തു തിരിച്ചടവിൽ വന്ന സ്വഭാവ വ്യത്യാസം ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കുകതന്നെ ചെയ്യും.

പുനഃക്രമീകരണം, എൻപിഎ 

നിലവിലുണ്ടായിരുന്ന വായ്പകളുടെ ഇനിയുള്ള തിരിച്ചടവ്, വരുമാനങ്ങൾക്കുണ്ടായ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചിട്ടപ്പെടുത്തി വാങ്ങുന്നതിനാണു പുനഃക്രമീകരണം എന്നു പറയുന്നത്. ഇതിനായുള്ള കാലാവധി പല ബാങ്കുകൾക്കും 2020 ഡിസംബർ 31 അഥവാ  2021 മാർച്ച് 31 ആയിരുന്നു. 2020 മാർച്ച് 1ന്റെ കണക്കുപ്രകാരം 30 ദിവസത്തിനു മുകളിൽ വീഴ്ച വരുത്തിയിട്ടില്ലാതിരുന്ന വായ്പകളാണ് ഇത്തരത്തിൽ ചിട്ടപ്പെടുത്തുന്നത്. ഇവിടെയും ചിട്ടപ്പെടുത്തലിനു തിരഞ്ഞെടുത്ത വായ്പക്കാരുടെ വിവരങ്ങൾ പ്രത്യേകമായി ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കും. മൊറട്ടോറിയവും പുനഃക്രമീകരണവും ഉപയോഗപ്പെടുത്തിയവരുടേതും അല്ലാത്തവരുടേതുമായ, തിരിച്ചടയ്ക്കാൻ വീഴ്ച വന്ന വായ്പകൾ തിരികെപ്പിടിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ബാങ്കുകൾ ശക്തമാക്കും. 

വായ്പ ലഭിക്കാൻ പ്രയാസം 

തിരിച്ചടവു സ്വഭാവം സംശയത്തിൽ ആയവരുടെയും ക്രെഡിറ്റ് സ്കോർ കുത്തനെ ഇടിഞ്ഞവരുടെയും എണ്ണം ഉയരും. പുതുതായി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, മൊറട്ടോറിയം എടുത്തിരുന്നു, പുനഃക്രമീകരിച്ചിരുന്നു എന്നൊക്കെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ കാരണം ബാങ്കുകാർ പിന്നോട്ടുപോകും. വായ്പ അനുവദിച്ചാൽത്തന്നെ ഉയർന്ന പലിശയോ അധിക ജാമ്യമോ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല നിഷ്ക്രിയ ആസ്തികൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കുക മൂലം വായ്പ തന്നെ അനുവദിക്കാതിരിക്കുന്ന അവസ്ഥയുമുണ്ടാകും. കോവിഡ് വാക്‌സിനേഷൻ വ്യാപകമാകുന്നതോടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെയും തിരിച്ചുവരവിനായി കൂടുതൽ വായ്പകൾ ആവശ്യമായി വരുമ്പോൾ ക്രെഡിറ്റ് സ്കോർ തടസ്സമാകുന്ന അവസ്ഥ പലർക്കും ഉണ്ടാകും.

English Summary : Details of Credit Score and Moratorium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA