ADVERTISEMENT

ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് യഥേഷ്ടം പണം കൈമാറാനും എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് അടക്കമുള്ള സേവനങ്ങള്‍ നല്‍കാനും കഴിഞ്ഞ ദിവസം ആര്‍ ബി ഐ അനുമതി നല്‍കിയതോടെ മൊബൈല്‍ വാലറ്റുകള്‍ ബാങ്കിന്റെ ചെറുപതിപ്പായി മാറിയിരിക്കുകയാണ്. ഒരു വാലറ്റില്‍ നിന്ന് മാറ്റൊന്നിലേക്ക് പണം കൈമാറാമെന്നു വരുന്നതോടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ കുതിച്ചുയരും. ഇതോടൊപ്പം ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികളും വര്‍ധിക്കും. വാങ്ങിയ സാധനങ്ങള്‍ക്കുള്ള തുക കൃത്യസമയത്ത് കടക്കാരന് ലഭിച്ചില്ല, മൊബൈല്‍ വാലറ്റുകളടക്കമുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റിലെ (പി പി ഐ) ബാലന്‍സ് സംബന്ധിച്ച ആശയകുഴപ്പങ്ങള്‍, വാലറ്റില്‍ പണം ലോഡ് ആകുന്നതിനുള്ള കാലതാമസം, അതുമൂലം ഉണ്ടാകുന്ന പ്രതിസന്ധി ഇങ്ങനെ ഒട്ടനവധി പരാതികള്‍ ബാങ്കുകള്‍/ മറ്റ് സേവന ദാതാക്കള്‍ എന്നിവയ്‌ക്കെതിരെ ഉയര്‍ന്നു വരാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതി പരിഹരിക്കാന്‍ ആര്‍ ബി ഐ തന്നെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിംഗ് രംഗത്തെ പരാതി പരിഹാര മാതൃകയില്‍ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച ഓംബുഡ്‌സ്മാന്‍ സംവിധാനം ആര്‍ ബി ഐ 2019 ല്‍ ആണ് കൊണ്ടു വന്നത്.

സൗജന്യമാണ്

സാമ്പത്തിക സേവനമടക്കമുള്ള സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും ബില്ലുകള്‍ അടയ്ക്കുന്നതിനും വിവിധ തരത്തിലുള്ള ഫണ്ടുകള്‍ കൈമാറുന്നതിനും മറ്റുമുള്ള സ്ഥാപനങ്ങളാണ് പി പി ഐ എന്ന പേരില്‍ അറിയപ്പെടുന്നത്. വാലറ്റുകളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളെല്ലാം ഇതിന്റെ പരിധിയില്‍ വരും. ഇത്തരം ഇടപാടുകളാണ് പൊതുവേ ഡിജിറ്റല്‍ പണമിടപാടുകള്‍ എന്ന് ആര്‍ ബി ഐ വിവക്ഷിക്കുന്നത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ സംബന്ധിച്ച പരാതികളിൽ ഓംബുംഡ്‌സ്മാന്‍ സേവനം സൗജന്യമാണ്.

പരാതി നല്‍കാം

ഇത്തരം പരാതികള്‍ ആദ്യം നല്‍കേണ്ടത് ബന്ധപ്പെട്ട സര്‍വീസ് പ്രൊവൈഡര്‍ക്കാണ്. അതായത് ആരാണോ സേവനം നല്‍കുന്നത് അവര്‍ക്ക്. വാലറ്റ് പണമിടപാടുമായി ബന്ധപ്പെട്ടതാണ് പരാതിയെങ്കില്‍ ഏത് കമ്പനിയുടെതാണോ സേവനം അവര്‍ക്കാണ് പരാതി നല്‍കേണ്ടത്. ഒരു മാസത്തിനുള്ളില്‍ പരാതിയ്ക്ക് തൃപ്തികരമായ പരിഹാരമുണ്ടാകാതിരിക്കുകയോ, പരാതി നിരസിക്കപ്പെടുകയോ ഉണ്ടായാല്‍ സര്‍വീസ് പ്രൊവൈഡര്‍/ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തനാധികാരമുള്ള ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ പരാതിപ്പെടാം. വെള്ളപേപ്പറില്‍ എഴുതിയ പരാതി ഓംബുഡ്‌സ്മാന്‍ ഓഫീസിലേക്ക് ഫാക്‌സ്/ പോസ്റ്റല്‍/ നേരിട്ട് നല്‍കാം. ആര്‍ ബി ഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അഡ്രസില്‍ ഓണ്‍ലൈന്‍ ആയും പരാതി അയക്കാം.

നഷ്ടപരിഹാരം

സമയനഷ്ടം, ചിലവ്, മാനസിക സംഘര്‍ഷം എന്നിങ്ങനെയുള്ള വസ്തുതകള്‍ കണക്കാക്കിയാവും നഷ്ടപരിഹാരം നിശ്ചയിക്കുക.

ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പണത്തിന്റെ പരിധിയില്‍ നിന്നാവും നഷ്ടപരിഹാരം നിശ്ചയിക്കുക. മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരമായി ഇവിടെ നിശ്ചയിച്ചിരിക്കുന്നത് പരമാവധി  ഒരു ലക്ഷം രൂപയാണ്.

English Summary: You will Compensation for E Valet Transaction Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com