ബാങ്കുകൾ ഇല്ലാതാകുന്നത് എന്നാണ് ?

HIGHLIGHTS
  • ആമസോൺ, ഗൂഗിൾ പോലുള്ള അതിഭീമന്മാർ ബാങ്കിങ് ബിസിനസിന്റെ താളം തെറ്റിച്ചേക്കും
bank
SHARE

ഇരുപതു വര്‍ഷം മുമ്പ് പച്ചക്കറി വാങ്ങിയാൽ കടക്കാരന് മൊബൈലിലൂടെ കാശു കൊടുക്കുന്നത് ആലോചിക്കുവാൻ പോലും സാധിക്കുമായിരുന്നില്ല. ഒരാൾക്ക് പൈസ കൊടുക്കണമെങ്കിൽ തന്നെ ബാങ്കിൽ പോയി ദീർഘ സമയം കാത്തുനിന്നു ഇടപാടുകൾ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നു പുതിയ തലമുറയോട് പറഞ്ഞാൽ മനസിലാകുമോ. ബാങ്കുകൾക്കും നിലനിൽപ്പിനായി പൊരുതേണ്ട ഒരു സമയമുണ്ടാകുമെന്ന ചിന്തയില്ലായിരുന്നു.  

സാങ്കേതികവിദ്യ എങ്ങനെ സാമ്പത്തിക സേവനങ്ങളെ മാറ്റിമറിച്ചു?

സാങ്കേതിക വിദ്യയുടെ മാറ്റം എല്ലാ മേഖലയിലും ചലനമുണ്ടാക്കിയതുപോലെ സാമ്പത്തിക മേഖലയിലും, വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. മൊബൈൽ വാലറ്റുകളും, ഡിജിറ്റൽ വാലറ്റുകളും ഒരുവിധം എല്ലാ ബാങ്കിങ് സേവനങ്ങളും ഞൊടിയിടെ ലഭ്യമാക്കുന്നുണ്ട്. പണം സൂക്ഷിക്കാനും, സാധനങ്ങൾ വാങ്ങിക്കുന്നതിനും, മറ്റുള്ളവർക്ക് പണം അയക്കുന്നതിനും, എല്ലാ ഇടപാടുകളും ഡിജിറ്റലായി സൂക്ഷിക്കുന്നതിനും, ഏതു സമയത്തും മുൻപ് നടത്തിയ ഇടപാടുകൾ കാണുന്നതിനുമുള്ള സൗകര്യങ്ങൾ ഇവ ലഭ്യമാക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നതിനും, ഓഹരി വ്യാപാരം നടത്തുന്നതിനും, മ്യൂച്ചൽ ഫണ്ട് വാങ്ങുന്നതിനും, ഡിജിറ്റലായി ഗോൾഡ് വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും  ഉതകുന്ന  ഡിജിറ്റൽ വാലറ്റുകൾ ഉണ്ട്. 

ഇടപാടുകാരുടെ പെരുമാറ്റ രീതികൾ ഇത്തരം വാലറ്റുകളുടെ സഹായത്തോടെ കമ്പനികൾ മനസ്സിലാക്കി അവർക്കു താല്പര്യമുള്ള വസ്തുക്കളുടെ പരസ്യങ്ങൾ എത്തിക്കാൻ സാധിക്കുന്നതിനാൽ പല വ്യാപാര ഭീമന്മാരും ഇത്തരം വാലറ്റുകളെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ വിനിമയത്തെ കേന്ദ്ര സർക്കാർ പ്രോൽസാഹിപ്പിക്കുന്നതും ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ചയും ബാങ്കുകളെ ഒഴിവാക്കി ഇത്തരം വാലറ്റ് സേവനങ്ങളെ ആശ്രയിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. 

ഇപ്പോൾ പല വാലറ്റുകളും, ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണമെടുത്താണ് പ്രവർത്തിക്കുന്നതെങ്കിലും; ബാങ്ക് അക്കൗണ്ടുകൾ ഇല്ലാതെ തന്നെ പ്രവർത്തിക്കുന്ന സേവനങ്ങൾ പല ദാതാക്കളും നൽകിവരുന്നുണ്ട്. 

എന്താണ് ബാങ്കുകളെ ഇടപാടുകാരിൽനിന്നും അകറ്റുന്നത്?

ലോകം മാറിയതോടൊപ്പം ബാങ്കുകളുടെ സംസ്കാരം മാറിവരുന്നതേയുള്ളു.  മഹാമാരി വന്നതോടെ കഴിഞ്ഞ വർഷം  ആരംഭം മുതൽ ഇ വാലറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വൻതോതിൽ കൂടിയിട്ടുണ്ട്. കൊറോണയുടെ പ്രത്യേക സാഹചര്യത്തിനോട് ബാങ്കിങ് രീതികൾ അനുയോജ്യമാകാത്തതിനാൽ പലരും ഇടപാടുകൾ മറ്റു ബദൽ മാർഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 

ഫീസ് 

ബാങ്ക്‌സേവനങ്ങൾക്കായി ചുമത്തുന്ന ഫീസിനെ കുറിച്ച് പൊതുജനത്തിന് കൃത്യമായ ധാരണയില്ലാത്തതാണ് വേറൊരു പ്രശ്‍നം. ഡിജിറ്റൽ പേയ്മെന്റ് വാലറ്റുകളിൽ വളരെ ചെറിയ ഒരു തുകയാണ് ചുമത്തുന്നതെങ്കിൽകൂടി അത് ഉപഭോക്താവിന്റെ അക്കൗണ്ടിൽ കൃത്യമായി പ്രതിഫലിക്കും. എന്നാൽ, ബാങ്കുകൾ പൊതുജനത്തിന് അറിയിപ്പ്  കൊടുക്കാതെ  ചാർജുകൾ ഈടാക്കുന്നതും വേറെ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കും. 

പേയ്മെന്റ്ആപ്പുകള്‍

വായ്പകൾ പെട്ടെന്ന് ലഭ്യമാക്കുന്ന പേയ്മെന്റ്ആപ്പുകളും പരമ്പരാഗത ബാങ്കുകൾക്ക് ഭീഷണിയാണ്. ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കാനറിയാത്തവർക്കും വാട്സാപ്പ് ഉപയോഗിക്കാനറിയുന്നത് അത്തരം പേയ്മെന്റ് പദ്ധതികളിലേക്കു ആളുകളുടെ ശ്രദ്ധ തിരിച്ചു.  ഇതെല്ലാം  ബാങ്കുകൾക്ക് കിട്ടേണ്ട  ലാഭം കുറച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസികൾ ബാങ്കുകൾക്ക്  ബദലായി ഉയർന്നു വരുമെന്ന ആശയവും പല സാമ്പത്തിക വിദഗ്ധരും  പങ്കുവെക്കുന്നുണ്ട്. 

ഡിജിറ്റൽ ആപ്പുകൾ സൗകര്യങ്ങൾ ലഭ്യമാക്കുന്ന വേഗതയിൽ ബാങ്കുകൾ നൽകുന്നില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത.  ആമസോൺ, ഗൂഗിൾ പോലുള്ള അതിഭീമന്മാർ ബാങ്കിങ് ബിസിനസിന്റെ താളം തെറ്റിക്കാൻ പോന്ന വാഗ്ദാനങ്ങളും, സേവനങ്ങളും, ഓഫറുകളുമായും രംഗത്തുണ്ട്. പലചരക്കു സാധനങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണ – ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയെല്ലാം ഒരു കുടകീഴിൽ ലഭ്യമാക്കുന്നതിനോടൊപ്പം, വായ്പ സൗകര്യങ്ങളും, മറ്റു ബാങ്കിങ് സേവനങ്ങളും കൂടി നൽകുമ്പോൾ ബാങ്കുകൾക്ക് പിടിച്ചു നിൽക്കാൻ പാടുപെടേണ്ടിവരും. 

∙ചെറുപ്പക്കാരുടെ എണ്ണം കൂടുതലായുള്ളതിനാൽ ഡിജിറ്റൽ സേവനങ്ങൾക്കു വരും വർഷങ്ങളിൽ ഡിമാൻഡ് കൂടുതലായിരിക്കും. 

∙ഇ- വാലറ്റുകൾക്കു പൂർണമായും ബാങ്ക് അക്കൗണ്ട് മാതൃകയിൽ സേവനത്തിനുള്ള ലൈസൻസ് റിസർവ് ബാങ്ക് നടപ്പിൽ വരുത്തും. 

∙സ്മാർട്ട് വാച്ചുകൾ ബാങ്കുകളായി മാറിയത് അറിയാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന പരമ്പരാഗത ബാങ്കുകൾക്ക് ഇനി പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടായിരിക്കും.

∙ഇതിനു ബദലായി,ഡിജിറ്റലായി  മാത്രം പ്രവർത്തിക്കുന്ന ബാങ്കുകൾ വിദേശ രാജ്യങ്ങളിൽ  കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 

∙വായ്പകൾക്കായി ഇപ്പോഴും നല്ലൊരു ശതമാനം ആളുകൾ ബാങ്കുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും; ബാങ്കിങ് ഇതര സ്ഥാപനങ്ങളിൽനിന്നും വായ്പയെടുക്കുന്ന പ്രവണത നഗരങ്ങളിലും, ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലും കൂടുന്നുണ്ട്. 

∙ഇടപാടുകാർ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ബാങ്കുകൾ ഭാവിയിൽ ലഭ്യമാക്കേണ്ടിയിരിക്കുന്നു. 

ഗ്രാമീണ മേഖലയിൽ മാത്രം ബാങ്ക് ശാഖകൾ നിലനിർത്തി; പട്ടണങ്ങളിലെ ശാഖകൾ പൂട്ടി ഡിജിറ്റൽ സേവനകളിലേക്കു പൂർണമായും മാറുന്ന സംഗതി അടുത്ത ഒരു പത്തുവർഷത്തിൽ  തന്നെ ഇന്ത്യയിൽ കാണുവാൻ സാധിക്കും. സാങ്കേതിക വ്യവഹാരങ്ങൾ കൂട്ടി, മാനുഷിക വ്യവഹാരങ്ങൾ കുറയ്ക്കും. 

സാങ്കേതികവിദ്യ പരിഷ്കാരത്തിനൊപ്പം, പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ  ഇടപാടുകാരോടുള്ള  തണുപ്പൻ സംസ്ക്കാരം മാറിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ കുളമാകുകയേ ഉള്ളൂ. ഇ വാലറ്റുകളെക്കാൾ ആകർഷകമായ സേവനങ്ങൾ ബാങ്കുകൾ നൽകിയാലേ കൊഴിഞ്ഞുപോയ ഇടപാടുകാരെ തിരിച്ചുപിടിക്കാനാകൂ. എന്നാൽ പരമ്പരാഗത ബാങ്കുകൾ ഇ വാലറ്റ് സേവന കമ്പനികളുമായി മത്സരിക്കുമ്പോൾ കാര്യക്ഷമതയും, ലാഭവും കൂടുതൽ ഇ വാലറ്റ് സേവനദാതാക്കൾക്കാണ്. പരമ്പരാഗത ബാങ്കുകളിലെ  ജീവനക്കാരുടെ  ശമ്പളവും അലവൻസുകളും, മറ്റ് സാമൂഹ്യ സുരക്ഷ പദ്ധതികളും, ഇ വാലറ്റ് ദാതാക്കൾക്കു നൽകേണ്ടന്നതും അവരുടെ ലാഭം വർധിപ്പിക്കുന്ന ഘടകമാണ്.

ക്യാഷ്‌ലെസ് സാമ്പത്തികവ്യവസ്ഥയിൽ ബദൽ മാർഗങ്ങളുള്ളപ്പോൾ  ബാങ്കുകളുടെ സേവനങ്ങളെന്തിന്  എന്ന ചോദ്യം പ്രസക്തമാണ്. കാലോചിതമായി പരിഷ്കരിക്കുന്ന ബാങ്കുകൾക്ക്  മാത്രം ഒഴുക്കിനെതിരെ പിടിച്ചുനിൽക്കുവാൻ സാധിച്ചേക്കും. ഉദാഹരണത്തിന് അമേരിക്കയിലെ ക്യാപിറ്റൽ വൺ ബാങ്ക് പോലെ നൂതന ജനപ്രിയ മാർഗങ്ങൾ നടപ്പിൽ വരുത്തുമ്പോൾ ഇടപാടുകാർ കൂടുതലായി ബാങ്കുകളിലേക്കാകർഷിക്കപ്പെടും.സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈൽ ആപ്പുകൾ ബാങ്കുകൾ ആയതുപോലെ; ബാങ്കുകൾ എങ്ങനെയൊക്കെ രൂപമാറ്റം സംഭവിച്ചു ഇടപാടുകാരെ നിലനിർത്തികൊണ്ടുപോകുമെന്നു കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു

English Summary : When the Banks will Disappear?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA