ADVERTISEMENT

പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അന്തിമ തീയതി വീണ്ടും നീട്ടിയിരിക്കുകയാണല്ലോ. കോവിഡ് ലോക്ഡൗണില്‍ പെട്ട് ഇനിയും ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇത് ഗുണപ്രദമാണ്. ജൂണ്‍ 30 വരെയായിരുന്നു ഇരുകാര്‍ഡുകളും ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയമായി നിശ്ചയിച്ചിരുന്നത്. ഇത് സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിട്ടുള്ളത്.

പത്തിലേറെ തവണ ഇങ്ങനെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തെ അധിക സമയം ലഭിക്കുമെങ്കിലും അന്തിമ തീയതി വരെ കാത്തിരിക്കാതെ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി സാമ്പത്തിക ഇടപാടുകളില്‍ വിഘ്‌നമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ  ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാനുമായി ചേര്‍ക്കുന്നതിന് മുമ്പ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണമെന്നും ബാങ്ക് വ്യക്തമാക്കുന്നു.

ആധാര്‍- ബാങ്ക് അക്കൗണ്ട്

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതാണോ എന്നറിയാന്‍ ഇനി പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

ഇതിനായി UIDAI യുടെ ഔദ്യോഗിക വൈബ്‌സൈറ്റായ uidai.gov.in സന്ദര്‍ശിക്കുക. My Aadhar ലിങ്കില്‍ 'ആധാര്‍/ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ്' ക്ലിക്ക് ചെയ്യുക. പിന്നീട് ആധാര്‍ നമ്പര്‍ നല്‍കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കി ലോഗ് ഇന്‍ ചെയ്യാം.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് രണ്ട് കാര്‍ഡുകളിലെയും വിവരങ്ങള്‍ ഒന്നു തന്നെയാണെന്ന് ഉറപ്പ് വരുത്തണം. ആദായ നികുതി ഇ ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കാം. https://incometaxindiaefiling.gov.in എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും.

English Summary: SBI Update on Pan Aadhaar Linking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com