ADVERTISEMENT

ഫോൺ ചെയ്തു ചോദിക്കുക, ബാങ്കിൽ നേരിട്ടുചെന്നു ജീവനക്കാരുമായി സംസാരിക്കുക, ഇമെയിൽ അയയ്ക്കുക, കസ്റ്റമർ കെയറുമായി ബന്ധപ്പെടുക തുടങ്ങിയവയാണ് ബാങ്കുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ഇടപാടുകാർ പൊതുവായി പിന്തുടരുന്ന മാർഗങ്ങൾ. 

എന്നാൽ സംശയനിവാരണത്തിന് ശ്രമിക്കുമ്പോഴാകട്ടെ, ഫോൺ ചെയ്താൽ ലഭിക്കാതിരിക്കുക, ബാങ്കിൽ നേരിട്ടു ചെന്നാലും തിരക്കുമൂലം ജീവനക്കാരോടോ മാനേജരോടോ സംസാരിക്കാൻ സാധിക്കാതെ വരിക, ഇമെയിലിന് മറുപടി ലഭിക്കാതിരിക്കുക തുടങ്ങിയ പ്രയാസങ്ങളാണ്  മിക്ക ഇടപാടുകാർക്കും നേരിടേണ്ടിവരാറുള്ളത്. താരതമ്യേന ദീർഘമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ വിമുഖരായ ഇടപാടുകാരുമുണ്ട്.  

ഇടപാടുകാരുടെ ഇത്തരം പ്രയാസങ്ങളെ എങ്ങനെ മറികടക്കാം എന്ന അന്വേഷണത്തിനൊടുവിലാണ് നിർമിത ബുദ്ധിയിലധിഷ്ഠിതമായ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങളിലേയ്ക്ക് ബാങ്കുകൾ തിരിഞ്ഞത്. 

എന്താണ് നിർമിതബുദ്ധിയിലധിഷ്ഠിതമായ ബാങ്കിങ്?

വിവരങ്ങളുടെ ശേഖരമാണ് എങ്കിലും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രസ്തുതവിവരങ്ങളെ ഉപയോഗിക്കാനുള്ള ‘ബുദ്ധി’ ഒരു കമ്പ്യൂട്ടറിനില്ല. എന്നാൽ നിർമിതബുദ്ധിയിലധിഷ്ഠിതമായ സംവിധാനങ്ങളാവട്ടെ ഒരു മനുഷ്യനെ പോലെ ‘ചിന്തിച്ച്, പഠിച്ച്’ പെരുമാറുകയും ഉപയോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. 

ഒരു മനുഷ്യനുമായി ‘ചാറ്റ്’ ചെയ്യുന്നതുപോലെ തന്നെ അനായാസമായി ചാറ്റ് ചെയ്യാവുന്ന യന്ത്രമനുഷ്യസമാനമായ സംവിധാനമാണിത്. ചാറ്റ്ബോട്ട് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. 

പ്രവർത്തിക്കുന്നതെങ്ങനെ?

മനുഷ്യരെ പരിശീലിപ്പിക്കുന്നതു പോലെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുകൊടുത്തുകൊണ്ടുതന്നെയാണ് ചാറ്റ്ബോട്ടുകളേയും പരിശീലിപ്പിക്കുന്നത്. ഒരിക്കൽ പഠിച്ചാൽ മറക്കില്ല എന്നതു മാത്രമല്ല, ഒരേ സമയം ഒട്ടനവധി പേരുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതും ചാറ്റ്ബോട്ടുകളെ മനുഷ്യരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. തനിയെ പഠിക്കാൻ ശേഷിയുള്ള ചാറ്റ്ബോട്ടുകളും നിലവിൽ വന്നുകഴിഞ്ഞിട്ടുണ്ട്. 

എവിടെയാണ് ലഭ്യം?

ബാങ്കുകളുടെ വെബ്സൈറ്റിലാണ് ചാറ്റ്ബോട്ടുകൾ  പ്രധാനമായും ലഭ്യമാക്കിയിട്ടുള്ളത്.  

ഫെഡറൽ ബാങ്കിന്റെ ഫെഡി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിയ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇവ തുടങ്ങിയവയെല്ലാം ഇതിനോടകം തന്നെ ഇടപാടുകാർക്ക് പ്രിയങ്കരമായ ചാറ്റ്ബോട്ടുകളാണ്. 

ചാറ്റ് ചെയ്യുന്നതു കൂടാതെ, ഫോൺ ചെയ്യാവുന്ന വോയിസ്ബോട്ടുകളും ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്  കൊട്ടാക് മഹിന്ദ്ര ബാങ്കിന്റെ കേയ ഇവയിലൊന്നാണ്. 

എന്തൊക്കെ സംശയങ്ങൾ ചോദിക്കാം ?

അക്കൗണ്ട് ബാലൻസ് പോലത്തെ വ്യക്തിഗതവിവരങ്ങൾ പൊതുവെ ചാറ്റ്ബോട്ടുകൾ വഴി ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. ബാങ്കിങുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളും ഉപദേശങ്ങളുമാണ് നിലവിൽ ചാറ്റ്ബോട്ടുകൾക്കു നൽകാൻ സാധിക്കുന്നത്.   

കഴിഞ്ഞയിടെ ഫെഡറൽ ബാങ്ക് വാര്‍ഷിക പൊതുയോഗ റിപോര്‍ട്ട്  അവതരിപ്പിച്ചത് ചാറ്റ്ബോട്ടായ ഫെഡി നിയന്ത്രിത മൈക്രോസൈറ്റു വഴിയാണ്. റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിലൂടെ എളുപ്പത്തില്‍ കടന്നു പോകാനും പരസ്പരം ആശയ വിനിമയം നടത്താനും  ഇതുവഴി സൗകര്യം ലഭിച്ചത് നിക്ഷേപകരുടെ ഇടയിൽ ചർച്ചയായിരുന്നു.

English Summary : Artificial Intelligence in Banks for Better Customer Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com