വായ്പകൾ ക‍ൃത്യമായി തിരിച്ചടയ്ക്കാൻ കഴിയുന്നില്ലേ?

HIGHLIGHTS
  • പലിശ കൂടിയ ചെറുവായ്പകള്‍ ഒഴിവാക്കി പ്രതിസന്ധി മറികടക്കാം
loan
SHARE

തിരിച്ചടവ് ശേഷിയുണ്ടെങ്കില്‍ വായ്പകളുടെ എണ്ണം കൂടിയാലും പെട്ടന്ന് പ്രതിസന്ധിയുണ്ടാകില്ല. എടുക്കുന്ന വായ്പകളുടെ സ്വഭാവവും പലിശ നിരക്കുമനുസരിച്ചാകും ഒരാളെ ഇത് ബാധിക്കുക. വായ്പ എന്തിനാണ് ഉപയോഗിക്കുന്നത്് എന്നുള്ളതും നിര്‍ണായകമാണ്. ഉത്പാദന ക്ഷമമല്ലാത്ത കാര്യങ്ങള്‍ക്ക് എടുക്കുന്ന വായ്പകള്‍ ഭാവിയില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കാം. കോവിഡിനെ തുടര്‍ന്നുണ്ടാകുന്നസാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ഈ സാഹചര്യത്തില്‍ വായ്പകള്‍ സ്വയം പരിശോധിച്ച് വലിയ പലിശ നിരക്കുള്ളവ ഒഴിവാക്കുന്നത് നന്നാകും. 

അനവധി വായ്പകള്‍

നിങ്ങളൊരു കടയോ ഏജന്‍സി ബിസിനസോ നടത്തുന്ന ആളാണെങ്കില്‍ സുഗമമായ പണമൊഴുക്ക് നടന്ന സമയത്ത് പല വായ്പകള്‍ എടുത്തിട്ടുണ്ടാകും. പലതിനു പലിശ നിരക്ക് കൂടുതലുമായിരിക്കും. പണമൊഴുക്ക് കാര്യക്ഷമമായതിനാല്‍ അതൊന്നും വലിയ ബാധ്യതയായി അന്ന് തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ മാസങ്ങളായി സാമ്പത്തിക ഇടപാടുകള്‍ നിലച്ച അവസ്ഥയില്‍ ഇത്തരം പലിശ കൂടിയ ചെറുവായ്പകള്‍ വലിയ ബാധ്യതയാകും. ഇതു പോലെ തന്നെയാണ് കോവിഡ് പ്രതിസന്ധിയുടെ ഇരയായ സ്വകാര്യമേഖലകളിലെ ജീവനക്കാരുടെ അവസ്ഥയും. പെട്ടന്ന് ലഭ്യമാകുമെന്നതിനാല്‍ ഇവരില്‍ പലരും ഉയര്‍ന്ന പലിശയുള്ള വ്യക്തഗത വായ്പകളടക്കം എടുത്തിട്ടുണ്ടാകും. വരുമാനമിടിഞ്ഞതോടെ ഇത് വലിയ ബാധ്യതയും ആയിട്ടുണ്ടാകും. ഇത് പരിഹരിക്കാനാകും.

വായ്പകളെ തരം തിരിക്കാം

എം എസ് എം ഇ ലോണുകള്‍, ഭവന-വാഹന വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, ഫിന്‍ടെക് കമ്പനികളില്‍ നിന്നുള്ള വായ്പകള്‍ തുടങ്ങിയ പലതരം വായ്പകൾ എടുത്തിട്ടുണ്ടാകും ചിലർ. ഇവയെ തരംതിരിച്ച് അവയുടെ പലിശ നിരക്കിലെ എററക്കുറച്ചില്‍ മനസിലാക്കുക. 7.5-8 ശതമാനത്തിന് മുകളില്‍ പലിശയുള്ള വായ്പകള്‍ ഇതിലുണ്ടോ എന്ന് പരിശോധിക്കുക. കാരണം പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിപ്പോള്‍. പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഭവന വായ്പ നിരക്ക് തുടങ്ങുന്നത് 6.7 ശതമാനത്തിലാണെന്ന് ഓര്‍ക്കുക. 

പലിശ കൂടിയ വായ്പകള്‍ വേണ്ട

വ്യക്തിഗത വായ്പക്ക് നിലവില്‍ പല ബാങ്കുകളും പല നിരക്കാണ് ഈടാക്കുന്നത്. 10-20 ശതമാനം വരെ ഇങ്ങനെ പല നിരക്കുകള്‍ വ്യത്യസ്ത ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. അതുപോലെ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ കുടിശികയാണെങ്കില്‍ അത് വലിയ ബാധ്യത ഉണ്ടാക്കും. 40 ശതമാനത്തിലധികമാണ് ഇവിടെ പലിശ. ഉയര്‍ന്ന പലിശ നിരക്കില്‍ തുടരുന്ന ഇത്തരം ചെറിയ വായ്പകള്‍ അവസാനിപ്പിക്കുക എന്നുള്ളതാണ് അടുത്ത പടി. ഇതിനായി നിലവിലെ ഭവന വായ്പ ടോപ് അപ്പ് ചെയ്യാം. ഏഴു മുതല്‍ 7.5 ശതമാനം വരെ പലിശയില്‍ ഇത് ലഭിക്കും. ഇതുകൊണ്ട് ഉയര്‍ന്ന പലിശുയുള്ള ചെറുകിട വായ്പകള്‍ അടച്ച് തീര്‍ക്കാം. അല്ലെങ്കില്‍ 4 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണത്തിന്റെ ഈടില്‍ ലഭിക്കുന്ന കാര്‍ഷിക വായ്പയോ, 7 ശതമാനത്തിന് ലഭിക്കുന്ന സാധാരണ സ്വര്‍ണപണയ വായ്പകളോ എടുത്ത് ചെറിയ വായ്പകള്‍ അടച്ച് തീര്‍ക്കാം.

നേട്ടങ്ങള്‍ ഇവയാണ്

ഇങ്ങനെ ചെയ്യുമ്പോള്‍ പലിശ നിരക്കിലെ കുറവുമൂലം വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന് മാത്രമല്ല മനഃക്ലേശവും അപമാനവും ഒഴിവാക്കാം. വായ്പകളുടെ എണ്ണം കുറയുന്നത് ആത്മവിശ്വാസം കൂട്ടാന്‍ ഉപകരിക്കും. വലിയ പലിശ നിരക്കുളള ചെറു വായ്പകള്‍ ഹ്രസ്വകാലത്തേക്കുളളവയാകും. ഇവയെ ദീര്‍ഘകാലത്തേക്കുള്ള ഒറ്റവായ്പയാക്കി 'റീപ്ലെയിസ'് ചെയ്യുമ്പോള്‍ പെട്ടന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനാകും. സാമ്പത്തിക സ്ഥിതി ആശ്വാസനിലയിലേക്ക് എത്തുമ്പോള്‍ ആവശ്യമെങ്കില്‍ ഇവ അടച്ച് തീര്‍ക്കുകയുമാകാം.

ക്രെഡിറ്റ് സ്‌കോര്‍

ഇന്ന് ഏത് വായ്പയ്ക്കും നിര്‍ണായക ഘടകമായി ബാങ്കുകൾ കണക്കാക്കുന്നത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്‌കോറാണ്. വലിയ പലിശയുളള പല വായ്പകള്‍ കുടിശികയാകുന്നതോടെ അത് ക്രെഡിറ്റ് സ്‌കോറില്‍ നിഴലിക്കുകയും പിന്നീട് അത്യാവശ്യത്തിന് വായ്പ ലഭ്യമല്ലാതാവുകയും ചെയ്യും. അതേസമയം ദീര്‍ഘകാലത്തേക്ക് കുറഞ്ഞ ഇ എം ആയി ഇത്തരം ചെറുവായ്പകള്‍ പുനക്രമീകിരിക്കുമ്പോള്‍ തിരിച്ചടവ് ബാധ്യത കുറയുകയും വായ്പ കുടിശിക ആകാതിരിക്കുകയും ചെയ്യും. ഇത് ക്രെഡിറ്റ് സ്‌കോര്‍ നില ഉയര്‍ത്താന്‍ ഇടയാക്കും.പലിശ കൂടിയ ചെറുവായ്പകള്‍ ഒഴിവാക്കാം, പ്രതിസന്ധി മറികടക്കാം

English Summary: Way to Avoid Debt Trap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA