കാര്‍ഡ് നമ്പറും സി വി വിയും വേണ്ട, ഇനി ഡാറ്റ ചോരാതെ ഇടപാടുകള്‍

HIGHLIGHTS
  • 2022 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും
card
SHARE

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ കാര്‍ഡ് നമ്പറും സി വി വി (കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യു) അടക്കമുള്ള വിശദ വിവരങ്ങളും നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കാന്‍ ആര്‍ ബി ഐ. അക്കൗണ്ടുടമകള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അവരുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കേന്ദ്ര ബാങ്ക് നിര്‍ദേശം നല്‍കി. പകരം ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. 2022 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

സാധനങ്ങളും സേവനങ്ങളും കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ആയോ അല്ലാതെയോ വാങ്ങുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടാറുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന പോര്‍ട്ടലുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നതോടെ വിവരങ്ങള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ക്ക് ലഭിക്കുകയും അത് ദുരുപയോഗിക്കുകയും പണം തട്ടുകയും ചെയ്യുന്നു. ഇതിന് തടയിടാനാണ് ആര്‍ ബി ഐ ടോക്കണ്‍ സംവിധാനം കൊണ്ടുവരുന്നത്.

ഇനി ടോക്കൺ

കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ് വര്‍ക്കിനുമല്ലാതെ പണമിടപാടിലെ മറ്റൊരു കണ്ണിക്കും ജനുവരി ഒന്നു മുതല്‍ വിവരങ്ങള്‍ ശേഖരിക്കാനോ സൂക്ഷിക്കാനോ ആവില്ല. ഇതിനകം സൂക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ജനുവരി ഒന്നിനകം നശിപ്പിക്കുകയും വേണം.

കാര്‍ഡുടമയുടെ പേര്, നമ്പര്‍, സിവിവി, കാലാവധി ഇത്തരം വിവരങ്ങള്‍ക്ക് പകരമായി ലഭിക്കുന്ന കോഡ് നമ്പര്‍ (ടോക്കണ്‍) നല്‍കിയാകും ഇനി മുതല്‍ ഇടപാടുകള്‍ക്ക്. ഇവിടെ കാര്‍ഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ അല്ല പങ്കുവയ്ക്കപ്പെടുക. അതുകൊണ്ട് കാര്‍ഡിലെ വിശാദാംശങ്ങള്‍ ശേഖരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഇല്ല.

ആരു തരും?

കാര്‍ഡ് നല്‍കുന്ന കമ്പനിയാണ് ടോക്കണ്‍ ജനറേറ്റ് ചെയ്യുക. നിങ്ങളുടെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനികളാണ് ഇവ. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപ്പേ. കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെ ജനറേറ്റ് ചെയ്യുന്ന ടോക്കണ്‍ നമ്പറാണ് സൈറ്റിന് ലഭിക്കുക.ഗൂഗിള്‍ പേ പോലുള്ള ഇ പേയ്‌മെന്റ് സൈറ്റുകളിലും ഇത് പൂര്‍ണ തോതില്‍ നടപ്പാക്കും. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത എന്നന്നേക്കുമായി ഇല്ലാതാകും.

English Summary: RBI Is Taking Effective Step to Prevent Card Number Fraud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA