മുന്നറിയിപ്പ് ! ഒക്ടോബര്‍ 1 മുതല്‍ ബാങ്കിടപാടുകാരുടെ ഓട്ടോഡെബിറ്റ് സൗകര്യം മുടങ്ങിയേക്കും!!

HIGHLIGHTS
  • ആര്‍ ബി ഐ യുടെ ഓട്ടോ ഡെബിറ്റ് ചട്ടം ഒക്ടോബര്‍ ഒന്നു മുതല്‍
  • തിരിച്ചടവുകൾ മുടങ്ങിയേക്കാം
money-count
SHARE

വായ്പകളുടെ ഇ എം ഐ, ഇന്‍ഷൂറന്‍സ് പ്രീമിയം, കറണ്ട്-ഫോണ്‍ ബില്ലുകള്‍ അടക്കമുള്ളവ ഓട്ടോ ഡെബിറ്റ് സംവിധാനം വഴി അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ജാഗ്രത വേണം. ആര്‍ ബി ഐ യുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുകയാണ്. അതുകൊണ്ട് ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇടപാടുകള്‍ തടസപ്പെട്ടേക്കാം. ഇ എം ഐ അടവ് നടക്കാതെ വന്നേക്കാം.

ഓട്ടോ ഡെബിറ്റ്

മാസം അടവുകളുള്ള വിവിധ വായ്പകളുടെ ഇ എം ഐ, എസ് ഐ പി, ഇന്‍ഷുറന്‍സ് പ്രീമിയം കൂടാതെ കൃത്യതീയതികളില്‍ ജനറേറ്റ് ചെയ്യുന്ന യുട്ടിലിറ്റി ബില്ലുകള്‍ എല്ലാം ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവരാകും നല്ലൊരു ശതമാനവും. ഇങ്ങനെ പലവിധ പേയ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഒഥന്റിക്കേഷന്‍( എ എഫ് എ) ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടത്.

അധിക സുരക്ഷ

ഇങ്ങനെ നിരന്തരം കാര്‍ഡില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുമ്പോള്‍ ഒരോന്നിനും ഉപഭോക്താവിന്റെ അധിക അനുമതി ചോദിക്കുന്നതാണ് എ എഫ് എ. ഇതാണ് ഒക്ടോബര്‍ ഒന്നു മുതല്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ അവരുടെ അക്കൗണ്ടുടമകള്‍ക്ക് അറിയിപ്പുകള്‍ അയച്ചു തുടങ്ങി. ആക്‌സിസ് ബാങ്ക് ആണ് ഇടപാടുകാര്‍ക്ക് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. തടസമില്ലാത്ത പണമിടപാട് ഉറപ്പ് വരുത്താന്‍ കാര്‍ഡില്‍ നിന്ന് നേരിട്ട് പണമടയ്ക്കണമെന്നാണ് മുന്നറിയിപ്പ്.

ഓരോ ഇടപാടിനും അനുമതി

ഒക്ടോബർ ഒന്നു മുതല്‍ ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് ആര്‍ ബി ഐ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ്. സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷനെ തുടര്‍ന്ന് കാര്‍ഡുകളില്‍ ഉള്ള തുടര്‍ച്ചയായ പണംകൈമാറ്റത്തിന് എ എഫ്  എ ബാധകമാക്കും. അതായത് ഒക്ടോബര്‍ ഒന്നു മുതല്‍ കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണംകൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകള്‍ പ്രത്യേകമായി അനുമതി നല്‍കണം.

ഒടിപി നിര്‍ബന്ധം

5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും.

പണംകൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.

സന്ദേശങ്ങള്‍ അവഗണിക്കരുത്

ഇങ്ങനെ ബാങ്കുകളില്‍ നിന്ന് സുരക്ഷിതമായി, തടസമില്ലാതെ ഇത്തരം അറിയിപ്പുകള്‍ ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താന്‍ എസ് എം എസ്, ഇ മെയില്‍ തുടങ്ങിയ സാധ്യതകള്‍ അക്കൗണ്ടുടമകള്‍ക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ ഇഷ്ടപ്പെട്ട അറിയിപ്പ് സാധ്യത തിരഞ്ഞെടുക്കാന്‍ അക്കൗണ്ടുടമകള്‍ക്ക് ബാങ്കുകള്‍ സ്വാതന്ത്ര്യം നല്‍കണം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഓട്ടോ ഡെബിറ്റ് നടത്തുന്ന എല്ലാ ഇടപാടുകാര്‍ക്കും ഇത് ബാധകമാണ്.

English Summary : RBI's Latest Changes regardin Auto Debit Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BANKING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA